'ഓഖി: ലക്ഷദ്വീപ് നിവാസികളെ ഭരണകൂടം അവഗണിച്ചു'
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മലബാറില്‍ അകപ്പെട്ട ലക്ഷദ്വീപുകാരെ അവഗണിച്ച ഭരണകൂടത്തിന്റെ നടപടിയില്‍ പ്രതിഷേധമറിയിച്ച് ദ്വീപ് നിവാസികള്‍.
മലബാറില്‍ അകപ്പെട്ട ദ്വീപ്‌നിവാസികള്‍ക്ക് ഭക്ഷണവും താമസസൗകര്യവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം സംരക്ഷണം നല്‍കിയപ്പോള്‍ ലക്ഷദ്വീപ് ഭരണകൂടം പിന്നോക്കാവസ്ഥയിലുള്ള ദ്വീപുകാര്‍ക്ക് ജില്ലയിലെ താമസസ്ഥലം വരെ തുറന്നു നല്‍കാന്‍ തയാറായില്ലെന്ന് മലബാര്‍ ദ്വീപ് വെല്‍ഫെയര്‍ സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഓഖിയുടെ നാശനഷ്ടങ്ങള്‍ക്കു ശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് മിനിക്കോയ്, കല്‍പേനി പോലുള്ള ദ്വീപുകള്‍ ഭരണാധികാരികള്‍ സന്ദര്‍ശിച്ചത്.
മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ കാണാനും ആശ്വാസിപ്പിക്കാനുമെത്തിയ കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രം നേരിട്ടു ഭരിക്കുന്ന ലക്ഷദ്വീപിലേക്ക് തിരിഞ്ഞുനോക്കാതെ അവണിക്കുകയായിരുന്നു. 500 വര്‍ഷത്തിനിടെ ലക്ഷദ്വീപില്‍ ഉണ്ടായ ഏറ്റവും വലിയ കാറ്റാണ് ഓഖിയെന്നു ശാസ്ത്രജ്ഞന്‍ അലി മണിക്ഫാന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭരണത്തിലുള്ള ദ്വീപില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സന്ദര്‍ശിക്കണമെന്നും ദ്വീപ് നിവാസികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ മലബാര്‍ ദ്വീപ് വെല്‍ഫെയര്‍ കമ്മിറ്റി ചീഫ് കോഡിനേറ്റര്‍ അഡ്വ. കെ.പി.മുത്തുക്കോയ, അലി മണിക്ഫാന്‍, അബ്ദുല്‍ ഗഫൂര്‍, കെ.കെ.ശമീം എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."