തോട്ടം തൊഴിലാളികള്‍ 21ന് പണിമുടക്കും
തൃശൂര്‍: തോട്ടം തൊഴിലാളികളുടെ കുറഞ്ഞ കൂലി 600 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് 21 ന് സംസ്ഥാനത്തെ എല്ലാ തോട്ടങ്ങളിലും പണിമുടക്ക് നടത്തി സെക്രട്ടറിയേറ്റു മാര്‍ച്ച് നടത്താന്‍ സംയുക്ത ട്രേഡ് യൂണിയന് തീരുമാനം.
താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ആശ്രിതര്‍ക്ക് നിയമനം നല്‍കുക,ചെറുകിട തോട്ടം ക്ഷേമ പദ്ധതി ആകര്‍ഷകമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.
ദേശീയ പ്രക്ഷോഭത്തില്‍നിന്നു വിട്ടുനില്‍ക്കുന്ന ബി.എം.എസ് പക്ഷേ തോട്ടം മേഖലയില്‍ സമരത്തിനുണ്ട്. സംയുക്ത സമരത്തിന് അവസരമുണ്ടായ സാഹചര്യത്തില്‍ ജനുവരി മൂന്നിനു ഐ.എന്‍.ടി.യു.സി. ഒറ്റയ്ക്ക് ആഹ്വാനം ചെയ്ത സമരവും മാര്‍ച്ചും ഉപേക്ഷിച്ചതായി പ്ലാന്റേഷന് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ പി.ജെ. ജോയി, ജനറല്‍സെക്രട്ടറി മലയാലപ്പുഴ ജ്യോതിഷ്കുമാര്‍ എന്നിവര്‍ അറിയിച്ചു. 21ന് ആഹ്വാനം ചെയ്തിട്ടുള്ള തോട്ടം തൊഴിലാളി പണിമുടക്ക് സമരവും സെക്രട്ടേറിയറ്റ് മാര്‍ച്ചും വിജയിപ്പിക്കാന്‍ പാലപ്പിള്ളിയിലെ ഹാരിസണ്‍ മലയാളം കൊച്ചിന് മലബാര്‍ കമ്പനികളിലെ തൊഴിലാളികളുടെ യോഗങ്ങള്‍ തീരുമാനിച്ചു.
സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഹാരിസണ്‍ കമ്പനിയുടെ കാരികുളം, കുണ്ടായി, ചൊക്കന എസ്റ്റേറ്റുകളില്‍ സംഘടിപ്പിച്ച മസ്റ്റര്‍ യോഗങ്ങളില്‍ നൂറുകണക്കിനു പേര് പങ്കെടുത്തു. ചൊക്കനയില്‍ സി.ഐ.ടി.യു നേതാവ് പി.ജി വാസുദേവന്‍ നായരും കാരികുളത്ത് എ.ഐ.ടി.യു.സി നേതാവ് പി.ജി.മോഹനും കുണ്ടായിയില്‍ ഐ.എന്‍.ടി.യു.സി നേതാവ് ആന്റണി കുറ്റൂക്കാരനും യോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.ഡി.ജോയ്, രാധാകൃഷ്ണന് (സി.ഐ.ടി.യു), കെ.എച്ച് ഷെരീഫ്, മസൂദ് (ഐ.എന്‍.ടി.യു.സി), കെ.കെ.രവി, കെ.എം.അഷറഫ് (എ.ഐ.ടി.യു.സി), രാധാകൃഷ്ണന്, ശ്യാം (ബി.എം.എസ്), ഹൈദര്‍ (ടി.യു.സി.ഐ) സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."