രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ ആകെ 35 മെഡിക്കല്‍ സ്‌റ്റോറുകള്‍ മാത്രം
കോഴിക്കോട്: ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുപ്പമേറിയതുമായ ഇന്ത്യന്‍ റെയില്‍വേയുടെ സ്റ്റേഷനുകളില്‍ ആകെയുള്ളത് 35 മെഡിക്കല്‍ സ്‌റ്റോറുകള്‍ മാത്രം.ഏകദേശം 5000 കോടി യാത്രക്കാരും 650 ദശലക്ഷം ടണ്‍ ചരക്കും ഓരോ വര്‍ഷവും ഇന്ത്യന്‍ റെയില്‍പ്പാതകളിലൂടെ നീങ്ങുന്നുണ്ട്.
എന്നാല്‍ ആകെയുള്ള 75 എ വണ്‍ റെയില്‍വേ സ്‌റ്റേഷനുകളിലും 257 എ ക്ലാസ് റെയില്‍വേ സ്‌റ്റേഷനുകളിലുമായി ആകെയുള്ളത് 19 കെമിസ്റ്റ് സ്റ്റാളുകളും 16 കെമിസ്റ്റ് കോര്‍ണറുകളുമായി 35 മെഡിക്കല്‍ സ്‌റ്റോറുകള്‍. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ റെയില്‍വേ ബോര്‍ഡിനോട് വിശദീകരണം തേടിയതിനെതുടര്‍ന്ന് റെയില്‍വേ ബോര്‍ഡ് നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. യുവ ജെ.ഡി.യു (ശരദ് യാദവ്) വിഭാഗം ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കമ്മിഷന്‍ റെയില്‍വേ ബോര്‍ഡിനോട് വിശദീകരണം തേടിയത്.
നോര്‍തേണ്‍ റെയില്‍വേയില്‍ പതിമൂന്നും വെസ്‌റ്റേണ്‍ റെയില്‍വേയില്‍ എട്ടും നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേയില്‍ നാലും സെന്‍ട്രല്‍ റെയില്‍വേയിലും സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിലും സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലും രണ്ട് വീതവും ഈസ്റ്റ് കോസ്റ്റ് റെയില്‍വേ, നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ, സതേണ്‍ റെയില്‍വേ, സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ എന്നീ സോണുകളില്‍ ഒന്നു വീതവും മെഡിക്കല്‍ സ്‌റ്റോറുകള്‍ മാത്രമാണുള്ളതെന്ന് മറുപടി വ്യക്തമാക്കുന്നു. എന്നാല്‍ ഈസ്റ്റ് സെന്‍ട്രല്‍, ഈസ്റ്റേണ്‍, നോര്‍ത്ത് സെന്‍ട്രല്‍, നോര്‍ത്ത് ഈസ്‌റ്റേണ്‍, സൗത്ത് ഈസ്‌റ്റേണ്‍, വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേകളില്‍ ഒരു മെഡിക്കല്‍ സ്‌റ്റോര്‍ പോലുമില്ല.
പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ പോലും അത്യാവശ്യ മരുന്നുകള്‍ ലഭിക്കാത്തതിനാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ പലപ്പോഴും ഇടയ്ക്കുവച്ച് യാത്ര അവസാനിപ്പിക്കേണ്ടി വരുന്നതായി പരാതിയില്‍ പറഞ്ഞിരുന്നു. മിക്ക ട്രെയിനുകളിലും പ്രത്യേകം ക്വാട്ടയുള്ളതിനാല്‍ ഡോക്ടര്‍മാരുണ്ടാകും. എന്നാല്‍ മരുന്ന് ലഭിക്കില്ല.
ഇത് യാത്രക്കാരുടെ ജീവനു തന്നെ ഭീഷണിയാണെന്നും പരാതിയില്‍ പറയുന്നു. ഇതിന് പരിഹാരം തേടിയാണ് സലീം മടവൂര്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. പരാതി ഗൗരവത്തിലെടുത്ത കമ്മിഷന്‍ ആറാഴ്ചയ്ക്കുള്ളില്‍ വിശദവിവര റിപ്പോര്‍ട്ട് നല്‍കാന്‍ റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."