ഐ.എസിനെതിരായ യുദ്ധം അവസാനിച്ചു: ഇറാഖ്
ബഗ്ദാദ്: ഐ.എസിനെതിരായ പോരാട്ടം അവസാനിച്ചെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. രാജ്യത്ത് ഐ.എസിന് സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളെല്ലാം പൂര്‍ണമായും തിരിച്ചുപിടിച്ചതായും എല്ലായിടത്തും സൈന്യം നിയന്ത്രണത്തിലാക്കിയതായും അദ്ദേഹം പറഞ്ഞു.
ഇന്നലെ ബഗ്ദാദില്‍ ഒരു ചടങ്ങിലാണ് അബാദി ഇക്കാര്യം അറിയിച്ചത്. ഇറാഖ്-സിറിയ അതിര്‍ത്തി പ്രദേശങ്ങളെല്ലാം സൈന്യം നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ ദാഇഷിനെതിരായ പോരാട്ടം അവസാനിച്ചിരിക്കുകയാണ്. നമ്മുടെ നാഗരികതയെ തകര്‍ക്കാനായിരുന്നു ശത്രുക്കള്‍ ശ്രമിച്ചത്. എന്നാല്‍, നാം ഐക്യത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും വിജയം വരിച്ചു. ചെറിയ കാലം കൊണ്ടുതന്നെ നാം വിജയമുണ്ടാക്കിയിരിക്കുന്നു-അബാദി കൂട്ടിച്ചേര്‍ത്തു.
ഇറാഖ് ഐ.എസില്‍നിന്നു പൂര്‍ണമായി സ്വാതന്ത്ര്യമായതായി ഇറാഖ് സൈന്യം വാര്‍ത്താകുറിപ്പിലും അറിയിച്ചിട്ടുണ്ട്.
സിറിയയില്‍ ഐ.എസിനെ പരാജയപ്പെടുത്തുക എന്ന തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കിയതായി ദിവസങ്ങള്‍ക്കു മുന്‍പ് റഷ്യന്‍ സൈന്യവും പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ കിഴക്കന്‍ അതിര്‍ത്തിയില്‍നിന്ന് ഐ.എസിനെ പൂര്‍ണമായി തുരത്തിയതായി കഴിഞ്ഞ മാസം സിറിയന്‍ സൈന്യവും അറിയിച്ചിരുന്നു.
2014ലാണ് അബൂബക്കര്‍ ബഗ്ദാദിയുടെ നേതൃത്വത്തിലുള്ള ഐ.എസ് ഭീകരര്‍ ഇറാഖിലെയും സിറിയയിലെയും വിവിധ പ്രദേങ്ങളില്‍ ഖിലാഫത്ത് സ്ഥാപിച്ചത്.
ഏകദേശം 10 മില്യനോളം ജനങ്ങളായിരുന്നു ഐ.എസ് നിയന്ത്രണത്തിലാക്കിയ പ്രദേശങ്ങളില്‍ കഴിഞ്ഞിരുന്നത്.
ഇറാഖില്‍ മൗസിലും സിറിയയില്‍ റഖയും തലസ്ഥാനമാക്കിയായിരുന്നു ഐ.എസ് ഭരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."