ജറൂസലം: അമേരിക്കയ്‌ക്കെതിരേ ലോകം ഒറ്റക്കെട്ട്
യുനൈറ്റഡ് നാഷന്‍സ്: രാജ്യത്തിന്റെ വിദേശനയവും കീഴ്‌വഴക്കവും അട്ടിമറിച്ച് ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമാക്കി അംഗീകരിച്ച യു.എസ് നടപടിക്കെതിരേ യു.എന്‍ രക്ഷാസമിതിയില്‍ മുഴങ്ങിയത് വിമര്‍ശനത്തിന്റെ സ്വരം മാത്രം.
നിക്കി ഹാലെ ഒഴികെയുള്ള 14 അംഗങ്ങളും അതിരൂക്ഷമായി തന്നെയാണ് നടപടിയെ വിമര്‍ശിച്ചത്. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളാണ് ഇതിനു നേതൃത്വം നല്‍കിയതെന്നതാണ് ഏറെ ശ്രദ്ധേയം.
അടുത്ത കാലത്ത് ട്രംപ് ഭരണകൂടം നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്. നേരത്തെ മുസ്‌ലിം രാജ്യങ്ങള്‍ക്കുള്ള യാത്രാവിലക്ക് ഉള്‍പ്പെടെയുള്ള ട്രംപിന്റെ വിവാദ ഉത്തരവുകള്‍ പലതും സഖ്യകക്ഷികള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, സ്വീഡന്‍ എന്നീ അഞ്ചുരാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഇതുതന്നെയാണ് യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളുടെ നിലപാടെന്നും ഇവര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
ഇന്നലെ യു.എസ് പ്രഖ്യാപനത്തിനെതിരേ യു.എന്‍ രക്ഷാസമിതിയില്‍ ഉയര്‍ന്നുകേട്ട പ്രധാന വിമര്‍ശനങ്ങള്‍:
സമാധാനശ്രമങ്ങളെ തകര്‍ക്കുന്ന തീരുമാനം: യു.എന്‍
മധ്യേഷ്യന്‍ സമാധാന ദൗത്യത്തിന്റെ പ്രത്യേക കോഡിനേറ്റര്‍ പദവിയുള്ള നിക്കോളേ ലാദെനോവ് ആണ് രക്ഷാസമിതിയില്‍ യു.എന്‍ നിലപാട് വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകളില്‍: ജറൂസലമിന്റെ പദവിയോ സ്വഭാവമോ മാറ്റുന്നതു സംബന്ധിച്ച ഏകപക്ഷീയമായ ഏതു തീരുമാനവും നിലവിലെ സമാധാന പ്രക്രിയയെ തുരങ്കം വയ്ക്കുന്നതാണെന്ന കാര്യം യു.എന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രവുമല്ല, ഇത്തരമൊരു തീരുമാനത്തിന് മേഖലയിലുടനീളം വന്‍ പ്രത്യാഘാതവുമുണ്ടാകും.
ജറൂസലം പ്രശ്‌നം പരിഹരിക്കപ്പെടാതെ മേഖലയുടെ പ്രശ്‌നത്തിനും പരിഹാരമില്ല: ഫലസ്തീന്‍
യു.എന്നിലെ ഫലസ്തീന്റെ സ്ഥിര നിരീക്ഷകനും പ്രതിനിധിയുമായ റിയാദ് മന്‍സൂര്‍ തങ്ങളുടെ അമര്‍ഷം രേഖപ്പെടുത്തി: ജറൂസലമിന്റെ നിയമപരവും ചരിത്രപരവും രാഷ്ട്രീയപരവുമായ പദവിയെയാണ് ട്രംപ് ഭരണകൂടം ലംഘിച്ചിരിക്കുന്നത്. ന്യായമായ ദേശീയ താല്‍പര്യങ്ങളെയും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെയും അവര്‍ ഹനിച്ചിരിക്കുന്നു. ജറൂസലമിന്റെ പദവി ഒരു രാജ്യത്തിനും ഏകപക്ഷീയമായി മാറ്റാന്‍ കഴിയില്ല. ജറൂസലം പ്രശ്‌നത്തിനു പരിഹാരമില്ലാതെ ഫലസ്തീന്‍ പ്രശ്‌നത്തിനും പരിഹാരം കണ്ടെത്താനാകില്ല. ജറൂസലം ഫലസ്തീന്‍ ജനതയുടെ ഹൃദയമായിരുന്നു ഇത്രയും കാലം. ഇനിയും അങ്ങനെ തന്നെ തുടരും.
സമാധാന പ്രക്രിയയിലെ നാഴികക്കല്ല്: ഇസ്‌റാഈല്‍
യു.എന്നിലെ ഇസ്‌റാഈല്‍ പ്രതിനിധി ഡാനി ഡാനോണ്‍ ആണ് അവരുടെ നിലപാട് സമിതിയെ അറിയിച്ചത്: ഇസ്‌റാഈലിനും സമാധാനത്തിനും ലോകത്തിനു തന്നെയും നാഴികക്കല്ലാണ് ട്രംപിന്റെ തീരുമാനം. ജറൂസലം എന്നും ഇസ്‌റാഈല്‍ തലസ്ഥാനമായിരിക്കുമെന്നു പ്രഖ്യാപിക്കാനുള്ള നീതിബോധവും ധൈര്യവും അമേരിക്കയ്ക്കുണ്ട്. അതിന് അമേരിക്കയോട് നന്ദി രേഖപ്പെടുത്തുന്നു. ഇക്കാര്യം ബാക്കിയുള്ള എല്ലാ രാജ്യങ്ങളും പിന്തുടരണം. അവരുടെ എംബസികള്‍ ജറൂസലമിലേക്കു മാറ്റണം.
യു.എന്‍ ഇസ്‌റാഈലിനെതിരേ പക്ഷപാതിത്വം കാണിക്കുന്നു: യു.എസ്
15 അംഗ രക്ഷാസമിതിയില്‍ പ്രസിഡന്റിന്റെ നിലപാടിനെ ഒറ്റയ്ക്കു നിന്നു പ്രതിരോധിക്കേണ്ടി വന്നു യു.എസ് അംബാസഡര്‍ നിക്കി ഹാലെയ്ക്ക്: ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയുടെ കാര്യത്തിലോ പരമാധികാര വിഷയത്തിലോ അമേരിക്ക തീരുമാനമെടുത്തിട്ടില്ല. ജറൂസലമിലെ വിശുദ്ധകേന്ദ്രങ്ങളുടെ അധികാര കാര്യത്തിലും ഒരു മാറ്റത്തിനായും വാദിച്ചിട്ടില്ല. ഇരുകൂട്ടരും അംഗീകരിക്കുകയാണെങ്കില്‍ ദ്വിരാഷ്ട്ര പരിഹാരത്തെ തന്നെ തങ്ങള്‍ പിന്താങ്ങുന്നു. വര്‍ഷങ്ങളായി ഇസ്‌റാഈലിനെതിരായ ശത്രുതയുടെ പ്രധാന കേന്ദ്രമായിരിക്കുകയാണ് ഐക്യരാഷ്ട്രസഭ.
ദ്വിരാഷ്ട്രം മാത്രം ഒരേയൊരു പരിഹാരം: ബ്രിട്ടന്‍
ബ്രിട്ടീഷ് പ്രതിനിധി മാത്യു റൈക്രോഫ്റ്റ്: ബ്രിട്ടന്റെ എംബസി തെല്‍അവീവില്‍ തന്നെയായിരിക്കും. അതു മാറ്റുന്ന കാര്യത്തില്‍ ഒരു ആലോചനയുമില്ല. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് എല്ലാ പിന്തുണയും. ജറൂസലം ഇസ്‌റാഈലിന്റെയും ഫലസ്തീന്റെയും തലസ്ഥാനമായി നിലനില്‍ക്കും.
തീരുമാനം വിശദീകരിക്കാന്‍ യു.എസ് തയാറാകണം:
ഫ്രാന്‍സ്
ഫ്രഞ്ച് അംബാസഡര്‍ ഫ്രാന്‍സിസ് ഡെലാട്രെ: ജറൂസലമിന്റെ കാര്യത്തില്‍ ഒരു കക്ഷിക്കും പരമാധികാരം നല്‍കുന്നത് ഫ്രാന്‍സ് അംഗീകരിക്കില്ല. നഗരത്തിന്റെ ചരിത്രപരവും മതപരവുമായ പ്രാധാന്യം കണക്കിലെടുത്തു വേണം വിഷയത്തില്‍ തീരുമാനമെടുക്കാന്‍. തങ്ങളുടെ നിലപാട് എങ്ങനെയാണ് അന്താരാഷ്ട്ര നിയമങ്ങളുമായി ഒത്തുപോകുന്നതെന്ന കാര്യം വിശദീകരിക്കാന്‍ അമേരിക്കയ്ക്കു ബാധ്യതയുണ്ട്.
ജറൂസലമിന്റെ നിയമപരമായ പദവിയെ തീരുമാനം സ്വാധീനിക്കില്ല: ഈജിപ്ത്
ഈജിപ്ത് അംബാഡഡര്‍ അംറ് അബ്ദുല്ലത്തീഫ് അബുല്‍ അത്താ: മുസ്‌ലിംകളുടെയും അറബ് സമൂഹത്തിന്റെയും രോഷം പിടിച്ചുപറ്റിയ അമേരിക്കയുടെ തീരുമാനത്തെ ഈജിപ്ത് അപലപിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളെ അതിലംഘിച്ചുള്ള ഏകപക്ഷീയ തീരുമാനത്തിന് ജറൂസലമിന്റെ നിയമപരമായ പദവിയില്‍ ഒരു സ്വാധീനവും ചെലുത്താനാകില്ല.
മതപരമായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള തീരുമാനമാണ് വിഷയത്തില്‍ വേണ്ടതെന്ന് ജറൂസലമിലെ വിശുദ്ധ ഗേഹങ്ങളുടെ ചുമതല വഹിക്കുന്ന ജോര്‍ദാന്‍ വ്യക്തമാക്കി. സിമാ ബാഹൗസ് ആണ് രാജ്യത്തെ പ്രതിനിധീകരിച്ചു സംസാരിച്ചത്. യു.എന്‍ പ്രമേയങ്ങളുടെ ലംഘനമാണിതെന്ന് സ്വീഡന്‍ അംബാസഡര്‍ ഓലോഫ് സ്‌കൂഗ് പറഞ്ഞു. റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ, ജപ്പാന്‍ അംബാസഡര്‍ കോറോ ബെഷെ എന്നിവരും തീരുമാനത്തില്‍ ആശങ്ക രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."