കുണ്ടും കുഴിയും കണ്ട് വണ്ടി തിരിക്കരുത്
സമയം ഇപ്പോള്‍ തന്നെ പത്തായി. പന്ത്രണ്ടു മണിയാകുമ്പോഴേക്കും ലക്ഷ്യസ്ഥാനത്തെത്തണം. രണ്ടു മണിക്കൂര്‍കൊണ്ടാണിനി നൂറ്റി അന്‍പതു കിലോമീറ്റര്‍ താണ്ടേണ്ടത്. തല്‍ക്കാലം ആശങ്കകളെല്ലാം മനസിലൊതുക്കി അയാള്‍ കാര്‍ അതിദ്രുതം ഡ്രൈവ് ചെയ്തു. വളവും തിരിവുമില്ലാത്ത ഒഴിഞ്ഞ റബറൈസ്ഡ് റോഡായതിനാല്‍ സംഗതി എളുപ്പമായി. ആക്‌സലേറ്റര്‍ നൂറ്റി ഇരുപതില്‍ തന്നെ ചവിട്ടിപ്പിടിച്ചു. പക്ഷേ, കുറേയങ്ങെത്തിയപ്പോള്‍ റോഡിന്റെ മട്ടുമാറി. കുണ്ടും കുഴിയും കണ്ടുതുടങ്ങി. അല്‍പം കൂടി മുന്നോട്ടുപോയപ്പോള്‍ ഭീമമായ ഗര്‍ത്തങ്ങള്‍. പോരാത്തതിനു മഴ പെയ്തതുമൂലം നിറയെ ചെളിയും വെള്ളവും...! ഒരു കിലോമീറ്റര്‍ കൂടി കഴിഞ്ഞാല്‍ വൃത്തിയുള്ള റോഡുണ്ട്. അതുവരെയുള്ളൂ ഈ കുണ്ടുകളും കുഴികളും.. പക്ഷേ, എന്തു ചെയ്യും..? അതുവരെ സഹിക്കണ്ടേ..
അയാള്‍ ഒരു കാര്യം ചെയ്തു. വന്നവഴിക്കുതന്നെ വണ്ടി തിരിച്ചു. എന്നു പറഞ്ഞാല്‍ പദ്ധതി തല്‍ക്കാലം ഉപേക്ഷിച്ചു..!
വഴിയിലെ കുണ്ടും കുഴിയും തരണം ചെയ്യാനുള്ള പ്രയാസമോര്‍ത്ത് അത്യാവശ്യമായി നിര്‍വഹിക്കേണ്ട ദൗത്യം ഒരു കൂസലുമില്ലാതെ അവസാനിപ്പിച്ചു എന്നുതന്നെ.. ഈ ഡ്രൈവറെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്..? അയാള്‍ ബുദ്ധിമാനാണോ അതോ ബുദ്ധിഹീനനാണോ...?
കാര്യമായ ഒരു പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ യോഗം കൂടി. യോഗതീരുമാനങ്ങള്‍ ജോറായി തന്നെ പ്രഖ്യാപിച്ചു. നടപ്പാക്കാന്‍ വേണ്ടി മുന്നിട്ടിറങ്ങിയപ്പോഴാണു സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാകുന്നത്. പോരാത്തതിനു പലയിടത്തുനിന്നുമായി നിരന്തരമായ നിരുത്സാഹപ്പെടുത്തലുകളും.
എന്തു ചെയ്യും..? തല്‍ക്കാലം ഒരു കാര്യം ചെയ്തു. പദ്ധതി നടപ്പാക്കാന്‍ ആവേശത്തോടെ തീരുമാനിച്ചിരുന്നല്ലോ.. അതിനെക്കാള്‍ ആവേശത്തോടെ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു..! ആരുടെയും പിന്തുണയില്ലെങ്കില്‍ പിന്നെ എന്തിനീ ദൗത്യം..? സാമ്പത്തിക പിന്‍ബലമില്ലെങ്കില്‍ എങ്ങനെ ഈ ദൗത്യനിര്‍വഹണം..?
മിക്കവാറും സംഭവിക്കാറുള്ളതാണല്ലോ ഇത്തരം പിന്മാറ്റങ്ങള്‍..
എങ്കില്‍ ഒരു ചോദ്യം: നേരത്തെ പറഞ്ഞ കാര്‍ ഡ്രൈവറും തീരുമാനിച്ച പദ്ധതിയില്‍നിന്ന് ഇങ്ങനെ പിന്‍വലിയുന്ന വ്യക്തിയും തമ്മിലെന്തു വ്യത്യാസമാണുള്ളത്..? കാര്‍ ഡ്രൈവര്‍ വഴിയിലെ തടസങ്ങള്‍ കണ്ടു ലക്ഷ്യത്തില്‍നിന്നു പിന്മാറുന്നു. നടപ്പാക്കുന്നതിനു മുന്നിലെ തടസങ്ങള്‍ കണ്ടു രണ്ടാമന്‍ പദ്ധതിയില്‍നിന്നു പിന്മാറുന്നു.. രണ്ടുപേരും കാണുന്നതു വഴിയിലെ തടസങ്ങള്‍.. തടസങ്ങള്‍ ധീരമായി തരണംചെയ്താല്‍ പ്രശ്‌നം കഴിഞ്ഞു. ലക്ഷ്യത്തിലേക്കു സുഗമമായി കുതികുതിക്കാം. പക്ഷേ, അതു ചെയ്യില്ല.
സഞ്ചാരപാതയില്‍ വളവും തിരിവും തീര്‍ച്ചയാണ്. കുണ്ടും കുഴിയും സ്വാഭാവികം. കയറ്റവും ഇറക്കവും സര്‍വസാധാരണം. എപ്പോഴും നേര്‍ക്കുനേരെ മാത്രം പോകുന്ന റബറൈസ്ഡ് റോഡുണ്ടാവില്ല. അതുകൊണ്ടാണ് എന്തും തരണം ചെയ്യാനുള്ള സംവിധാനങ്ങള്‍ വാഹനങ്ങളിലൊരുക്കുന്നത്. ആക്‌സലേറ്റര്‍ മാത്രമല്ല, ക്ലച്ചും ബ്രൈക്കും സ്റ്റിയറിങ്ങും ഗിയറുമെല്ലാം അതില്‍ കാണുന്നത് അതുകൊണ്ടാണ്. നേരെ വാ നേരെ പോ എന്ന മട്ടിലുള്ള റോഡായിരുന്നുവെങ്കില്‍ ആക്‌സലേറ്ററും ബ്രൈക്കും മാത്രം മതിയായിരുന്നല്ലോ.
ഏതൊരു പദ്ധതിക്കു മുന്നിട്ടിറങ്ങിയാലും വൈതരണികള്‍ ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടും. പിന്തുണകള്‍ കുറഞ്ഞെന്നിരിക്കും. പാരകളും നിരുത്സാഹപ്പെടുത്തലുകളുമുണ്ടാകും. എല്ലാം നേരിടാനാണു മനുഷ്യന് പക്വതയും തന്റേടവും യുക്തിയും ബുദ്ധിയും മനക്കരുത്തും ദൈവം തമ്പുരാന്‍ നല്‍കിയനുഗ്രഹിച്ചിരിക്കുന്നത്. അവ വേണ്ടവിധം ഉപയോഗപ്പെടുത്തണമെന്നേയുള്ളൂ. ക്ലച്ചും ബ്രൈക്കും ഉണ്ടായിട്ടു കാര്യമില്ല, ആവശ്യം വരുമ്പോള്‍ അവ ഉപയോഗപ്പെടുത്തണം.
തടസങ്ങള്‍ കണ്ട് യാത്ര അവസാനിപ്പിക്കരുത്. സാമ്പത്തിക ബുദ്ധിമുട്ടോര്‍ത്തു പദ്ധതി ഉപേക്ഷിക്കരുത്. ലക്ഷ്യം നേടിയെടുക്കാന്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെങ്കില്‍ സമ്പത്തും പിന്തുണയുമെല്ലാം പിന്നാലെ വരും. സമ്പത്തു നോക്കിയല്ല ഒരു കാര്യവും നടപ്പാക്കേണ്ടത്. തീയില്‍ ചാടാന്‍ ധൈര്യപ്പെടാത്ത നമ്മള്‍ തീകുണ്ഠത്തില്‍ മകന്‍ വെന്തുരുകുന്നതുകണ്ടാല്‍ അതിലേക്കു ജീവന്‍ മറന്ന് എടുത്തുചാടും. ഉപ്പ മരിച്ചതറിഞ്ഞാല്‍ ഏത് ഹര്‍ത്താല്‍ ദിനമാണെങ്കിലും എത്ര ദൂരത്തുനിന്നും നമ്മള്‍ സ്ഥലത്തെത്തും. കാറ്റും മഴയും വന്നു വീടു തകര്‍ത്തെറിഞ്ഞാല്‍ പുനര്‍നിര്‍മാണത്തിനു സമ്പത്തു വരട്ടെ എന്നു പറഞ്ഞ് നാം കാത്തിരിക്കില്ല. കൊത്താന്‍ വരുന്നതു കരിമൂര്‍ഖനാണെങ്കില്‍ നമുക്കൊരു കാലുവേദനയും തലവേദനയുമുണ്ടാവില്ല. കട്ടിലില്‍നിന്ന് ഇറങ്ങിയോടും.
ലക്ഷ്യം നേടിയെടുക്കാനുള്ള ദൃഢനിശ്ചയക്കുറവാണു തടസങ്ങളെ കാണിച്ചുതരുന്നത്. ദൃഢനിശ്ചയമുണ്ടെങ്കില്‍ തടസങ്ങള്‍ നാം കാണില്ല. രണ്ട് മീറ്ററോളം ദൂരം കനലുകളിട്ട് അതിലൂടെ നടക്കാന്‍ പറഞ്ഞാല്‍ നാം നടക്കില്ല. അതേസമയം ആ കനലിന്നപ്പുറത്തു സ്വന്തം മകന്‍ കൊലചെയ്യപ്പെടുന്നതു കണ്ടാല്‍ അതു കടന്നു നാം അവിടെയെത്തി മകനെ രക്ഷിക്കും. എന്തുകൊണ്ട്..? ആദ്യം പറഞ്ഞതില്‍ നാം കനലാണു കാണുന്നത്. രണ്ടാമതു പറഞ്ഞതില്‍ കനലല്ല, മകനെ രക്ഷിക്കുക എന്ന ലക്ഷ്യമാണു കാണുന്നത്. രണ്ടു സന്ദര്‍ഭത്തിലും മുന്നില്‍ കനലുണ്ടെങ്കിലും രണ്ടാമതില്‍ നാം അതു കാണാത്തതു കണ്ണ് ലക്ഷ്യത്തില്‍ മാത്രം കേന്ദ്രീകരിക്കുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ മുന്നിലെ കനല്‍ കാണാതിരിക്കുന്നു. അതുപോലെ ലക്ഷ്യം നേടിയെടുക്കണമെന്ന തീരുമാനം എത്ര ശക്തമാണോ അത്ര അളവില്‍ അതിനു മുന്നിലെ തടസങ്ങളും ലഘുവായിക്കൊണ്ടിരിക്കും.
കുണ്ടും കുഴിയുമുണ്ടെന്നു കരുതി യാത്ര അവസാനിപ്പിക്കരുത്. അല്‍പം ക്ഷമ കാണിക്കുക. ശ്രദ്ധയോടെ വേഗത കുറച്ചുപോയാല്‍ വൈതരണികളേതും അനായാസം തരണം ചെയ്യാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."