മാര്‍ട്ടിന്‍ ലിങ്‌സും കോഴിക്കോടന്‍ അനുഗ്രഹവും
രണ്ടായിരത്തിയഞ്ചാമാണ്ടിലെ റബീഉല്‍ അവ്വലില്‍ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടത്തിയ നബിദിന പ്രഭാഷണത്തിനുശേഷം ഏതാനും ദിവസങ്ങള്‍ കൂടി ജീവിച്ചിരുന്ന മാര്‍ട്ടിന്‍ ലിങ്‌സ് തൊണ്ണൂറ്റിയാറാം വയസില്‍ അന്തരിച്ചു. അക്കാദമിക ലോകത്തും പുറത്തും പൊതുവേ മാര്‍ട്ടിന്‍ ലിങ്‌സ് എന്നും മുസ്‌ലിം ലോകത്തെ സൂഫിസരണികളില്‍ അബൂബക്കര്‍ സിറാജുദ്ദീന്‍ എന്നും അറിയപ്പെട്ട അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ രചനയാണ് 'മുഹമ്മദ് '. നബിജീവിതത്തെ എഴുതിയ ഇരുപതാം നൂറ്റാണ്ടിലുണ്ടായ ഏറ്റവും ഹൃദയഹാരിയായ പുസ്തകങ്ങളിലൊന്നാണ് മാര്‍ട്ടിന്‍ ലിങ്‌സിന്റേത്. ഇംഗ്ലീഷ് ഭാഷയുടെയും ഷേക്‌സ്പിയര്‍ സാഹിത്യത്തിന്റെയും ആധികാരിക പഠിതാവും പ്രചാരകനുമായിരുന്ന മാര്‍ട്ടിന്‍ ലിങ്‌സ് ശമിക്കാത്ത ആത്മീയദാഹങ്ങളുടെ പിറകെയുള്ള യാത്രയിലാണ് സൂഫിസരണിയിലേക്കും പ്രവാചകനിലേക്കും ഇസ്‌ലാമിലേക്കും നയിക്കപ്പെട്ടത്. നിരവധി ഭാഷകളില്‍ അനുരാഗപൂര്‍വം എഴുതപ്പെട്ട നബിജീവിതത്തെ, ആദ്യകാല ക്ലാസിക്കല്‍ ഉറവിടങ്ങളെ ഉപജീവിച്ച് എഴുതിയപ്പോള്‍ അതൊരു പുതിയ വായനാനുഭവവും ആത്മീയാഹ്ലാദവും ഭാഷയുടെയും ദര്‍ശനത്തിന്റെയും ഔന്നത്യങ്ങളെ പുല്‍കുന്നതുമായി മാറി. സൂഫിസത്തെയും തസവ്വുഫിനെയും ആഴത്തില്‍ പഠിക്കുകയും എഴുതുകയും ചെയ്ത ചരിത്രകാരിയും എഴുത്തുകാരിയുമായ ആന്‍മേരി ഷിമ്മല്‍ അഭിപ്രായപ്പെട്ട പോലെ, മാര്‍ട്ടിന്‍ ലിങ്‌സിന്റെ പുസ്തകത്തിന്റെ ഗാംഭീര്യം പ്രവാചകജീവിതത്തെ അത് ഉജ്ജ്വലമായി പ്രകാശിപ്പിക്കുന്നതും അതിനുപയോഗിച്ച ഹൃദയപ്രവേശിയായ ഭാഷയുമാണ്.
1909ല്‍ ഇംഗ്ലണ്ടില്‍ ജനിച്ച മാര്‍ട്ടിന്‍ ലിങ്‌സ് ക്രിസ്തീയ ആത്മീയസരണികളിലൂടെയാണ്, സൂഫിസത്തില്‍ ആകൃഷ്ടനായിരുന്ന ഫ്രഞ്ച് തത്വചിന്തകന്‍ റെനെ ഗിനോനിന്റെ സന്നിധിയിലെത്തുന്നത്. മുപ്പതാമത്തെ വയസില്‍ ഈജിപ്തിലേക്കു നടത്തിയ യാത്രതന്നെ അതിനു വേണ്ടിയായിരുന്നു. റെനെ ഴാങ് മേരി ജോസഫി ഗിനോന്‍ സൂഫിവൃത്തങ്ങളില്‍ അബ്ദുല്‍ വാഹിദ് യഹ്‌യ എന്ന പേരില്‍ അറിയപ്പെടുന്നു. ഭാരതീയ തത്വചിന്തയിലും വേദാന്ത പഠനത്തിലും അതീവ താല്‍പര്യമുള്ളയാളുമായിരുന്നു അദ്ദേഹം. ഗുരുവിനെ തേടിയുള്ള ആ യാത്രയില്‍, 1940 മുതല്‍ 1951 വരെയുള്ള ഒരു ദശകത്തിലേറെ കാലം ഈജിപ്തിലെ കെയ്‌റോ സര്‍വകലാശാലയില്‍ ഇംഗ്ലീഷും ഷേക്‌സ്പിയര്‍ സാഹിത്യവും പഠിപ്പിക്കുന്ന ഒരു ജീവിതവും മാര്‍ട്ടിന്‍ ലിങ്‌സിനു കൈവന്നു. ആ കാലത്താണ് മാര്‍ട്ടിന്‍ ലിങ്‌സ് ഇസ്‌ലാമുമായും സൂഫിധാരകളുമായും അഭിമുഖം വരുന്നത്. അതിനു നിമിത്തമായ റെനെ ഗിനോന്‍ അദ്ദേഹത്തെ തന്റെ ശിഷ്യനും ഒരുപാടു പേരുടെ ഗുരുവുമായ ഫ്രിജോഫ് ഷുവോണിനു പരിചയപ്പെടുത്തി. അതും ഒരു അന്വേഷണ യാത്രയുടെ കഥയാണ്. ഫ്രിജോഫ് ഷുവോണ്‍ സൂഫിവൃത്തങ്ങളില്‍ ഈസാ നൂറുദ്ദീന്‍ എന്നറിയപ്പെടുന്നു.
റെനെ ഷുവോണിനെ കുറിച്ചു പറയുന്ന നല്ല വാക്കുകള്‍ കേട്ടുകേട്ടാണ് മാര്‍ട്ടിന്‍ ലിങ്‌സ് അദ്ദേഹത്തിന്റെ എഴുത്തുകളിലേക്കെത്തുന്നത്. അവയിലൊന്ന് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്താനുള്ള ആഗ്രഹവും ലിങ്‌സിനുണ്ടായി. ഫ്രിജോഫ് ഷുവോണെ കുറിച്ച് റെനെ ഗിനോന്‍ താല്‍പര്യപൂര്‍വം സംസാരിക്കുന്നതുകേട്ടാണ് അദ്ദേഹം കഴിഞ്ഞുകൂടുന്നത് സ്വിറ്റ്‌സര്‍ലന്‍ഡിലാണെന്നു കണ്ടെത്തി മാര്‍ട്ടിന്‍ ലിങ്‌സ് അവിടേക്കു യാത്ര ചെയ്തതും അദ്ദേഹവുമായി സന്ധിച്ചതും. ഇരുവരും തമ്മിലുള്ള ആത്മീയസഖ്യമാണു നാമിന്നറിയുന്ന മാര്‍ട്ടിന്‍ ലിങ്‌സിനെ രൂപപ്പെടുത്തിയത്. ഷുവോണിന്റെ നിര്‍ദേശപ്രകാരമാണ് ലിങ്‌സ് ഇസ്‌ലാം സ്വീകരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടില്‍നിന്ന് ഒരാള്‍ക്കു കണ്ടെത്താനാകുന്ന ഏറ്റവും ഉന്നതനായ ഗുരുനാഥന്‍ എന്നാണ് ഫ്രിജോഫ് ഷുവോണിനെ കുറിച്ച് മാര്‍ട്ടിന്‍ ലിങ്‌സ് പിന്നീട് പറഞ്ഞിട്ടുള്ളത്.
1950കളിലെ ഈജിപ്തിന്റെ മാറിമറിയുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍ മാര്‍ട്ടിന്‍ ലിങ്‌സ് ഇംഗ്ലണ്ടിലേക്കു മടങ്ങി. ബ്രിട്ടീഷ് ലൈബ്രറിയിലെ അറബി ഗ്രന്ഥാലയത്തിന്റെ നോക്കിനടത്തിപ്പുകാരനായി ജോലി ആരംഭിച്ചു. ശേഷം ബ്രിട്ടീഷ് ലൈബ്രറിയിലെ മധ്യപൗരസ്ത്യ ദേശങ്ങളില്‍നിന്നുള്ള കൈയെഴുത്തു പ്രതികളുടെയും മുഴുവന്‍ ശേഖരങ്ങളുടെയും സൂക്ഷിപ്പുചുമതലയുള്ളയാളായും അദ്ദേഹം നിയോഗിക്കപ്പെട്ടു. ഈ കാലയളവില്‍ രചിച്ച കാലിഗ്രഫിയും ഖുര്‍ആന്റെ കലാദര്‍ശനവും ബന്ധപ്പെടുത്തിയുള്ള ഗ്രന്ഥം 1976ലെ വേള്‍ഡ് ഓഫ് ഇസ്‌ലാം ഫെസ്റ്റിവലില്‍ പ്രസിദ്ധപ്പെടുത്തി. ലിങ്‌സിന്റെ അടുത്ത അക്ഷര ഉപഹാരമായിരുന്നു 'മുഹമ്മദ് ' എന്ന പുസ്തകം. അതോടെ വായനയുടെയും അന്വേഷണങ്ങളുടെയും ലോകത്തെ മോഹിപ്പിക്കുന്ന സാന്നിധ്യമായി അദ്ദേഹം മാറി. ഒന്നാം ലോകയുദ്ധം കഴിഞ്ഞ്, ഇനിയൊരു യുദ്ധമില്ലാതെ പുലരുന്ന ലോകമെന്ന സ്വപ്‌നവും അതിനുള്ള നിര്‍ജീവങ്ങളായ മതങ്ങള്‍ക്കപ്പുറമുള്ള മാര്‍ഗങ്ങളും തേടുന്ന മനുഷ്യരില്‍ ഒരാളായിരുന്നു താനെന്ന് ലിങ്‌സ് തന്റെ ചെറുപ്പകാലത്തെ കുറിച്ചു പറയുന്നുണ്ട്.
ഇസ്‌ലാമിനെയും ഇസ്‌ലാമിലെ യൗഗികസരണികളെയും ആഴത്തില്‍ അറിയുകയും അവയെ ആത്മാവിനാല്‍ പ്രാപിക്കുകയും ചെയ്ത മാര്‍ട്ടിന്‍ ലിങ്‌സ് ഒട്ടേറെ കൃതികളും പ്രഭാഷണങ്ങളും സമ്പര്‍ക്കങ്ങളും സദസുകളും ഒരുക്കി ആ മേഖലയില്‍ സമ്പന്നമായ ഒരു പാരമ്പര്യം തന്നെ സൃഷ്ടിച്ചു. സൂഫിസം എന്നാലെന്തെന്നും അള്‍ജീരിയന്‍ സൂഫിഗുരുവും ശാദുലി ത്വരീഖത്തിന്റെ ഉപവഴിയായ അലവിയ്യദര്‍ഖവിയ്യ സരണിയുടെ സ്ഥാപകരുമായ അഹ്മദ് അല്‍ അലവിയുടെ ജീവിതത്തെയും ദര്‍ശനത്തെയും ആസ്പദമാക്കിയും എഴുതിയ കൃതികള്‍ ലിങ്‌സിന്റെ ആത്മീയസഞ്ചാരങ്ങളുടെ സമൃദ്ധി വിളിച്ചോതുന്നു. അനേകം കവിതകളിലൂടെ സര്‍ഗാത്മക ജീവിതത്തിന്റെ ഇതരലോകങ്ങളിലും ലിങ്‌സ് സ്വയം സന്നിഹിതനായി. മധ്യപൗരസ്ത്യ ലോകങ്ങളിലോ ഏഷ്യയിലോ യൂറോപ്പിലോ ജീവിച്ച മറ്റു പണ്ഡിതരുടെയും ഗുരുനാഥരുടെയും കൂട്ടത്തില്‍ ചേര്‍ക്കാനാകാത്ത വിധം മാര്‍ട്ടിന്‍ ലിങ്‌സിനെ വേറിട്ടുനിര്‍ത്തുന്നതും അദ്ദേഹം വ്യാപരിച്ച ലോകങ്ങളുടെ വ്യത്യസ്തതയാണ്. ഷേക്‌സ്പിയര്‍ കൃതികളുടെ ആഴങ്ങളറിഞ്ഞ അദ്ദേഹത്തെ ഇംഗ്ലീഷുകാര്‍ അളവറ്റു സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തു. ഷേക്‌സ്പിയറെ കുറിച്ചുള്ള ലിങ്‌സിന്റെ പുസ്തകത്തിന് ആമുഖമെഴുതിയ വെയില്‍സ് രാജകുമാരന്‍ ആ ആദരവ് രാജോചിതമായി രേഖപ്പെടുത്തുകയുമുണ്ടായി.
മാര്‍ട്ടിന്‍ ലിങ്‌സിലൂടെ വായിക്കുന്നേരം നമ്മളും നബിയെ പുതിയൊരു ഇതിവൃത്തത്തില്‍ അറിയുന്നു. ആര്‍ദ്രതയുടെ ഉറവുകളെ ഭൂമിയില്‍ ഏറ്റവും ആദ്യം പുണരുക മരുഭൂമിയാണ്. ആത്മഭാവങ്ങള്‍ ചോര്‍ന്നുപോകുന്ന മനുഷ്യഹൃദയത്തിന്റെ ഉപമ നമുക്ക് മരുഭൂമിയാണ്. നബിയുടെ ആഗമനത്തെ നമ്മുടെ കവിമഹാന്‍ എടുത്തെഴുതിയതു പോലും അങ്ങനെ ഒരു കല്‍പന ചേര്‍ത്താണ്. മരുപ്പറമ്പാമുലകത്തിലീശ്വരന്‍ ഒരുറ്റ വൃക്ഷത്തൈ നടുന്നുപാന്ഥരായ് വരുന്നവര്‍ക്കുത്തമ വിശ്രമത്തിനായ്. മരുഭൂമിയുടെ ഊഷരതയിലേക്കാണ് നബി വന്നത്. തരിശായിക്കിടന്ന ഒരു ജനപഥവും വിളക്കുകളെല്ലാമണഞ്ഞു നന്മ ചോര്‍ന്നുപോയ ജനതയുമായിരുന്നു എതിരേല്‍ക്കാനുണ്ടായിരുന്നത്. അവരാവട്ടെ നബിയെ വരവേല്‍ക്കുകയല്ല എതിരേല്‍ക്കുക തന്നെ ചെയ്തു. എതിരേല്‍പ്പുകള്‍ എതിര്‍പ്പുകളായി വളരുകയും ചെയ്തു. പില്‍ക്കാലമാകട്ടെ മരുഭൂവാസികള്‍ ഒന്നാകെ തങ്ങള്‍ക്കായി ഹൃദയം തുറന്നുവച്ച നബിയെ പാദാനുപാദം പദാനുപദം ആഗിരണം ചെയ്തു. അനുധാവനം എന്നോ പിന്‍പറ്റല്‍ എന്നോ പറയുന്നതില്‍ കവിഞ്ഞ സ്വീകരണമായിരുന്നു അത്. മരുഭൂമിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ തന്നെ നബിയുടെ ദുഃഖവും സുഖവുമായിത്തീര്‍ന്നു. മരുഭൂമിയുടെ അതിശയമാണത്.
പുറത്തുനിന്ന് മക്കയിലേക്കു വന്നവരെയെല്ലാം ഇക്കാര്യം അതിശയിപ്പിക്കുകയുണ്ടായി. വിശ്വനാഗരികതയില്‍ വലിയ പങ്കാളിത്തമോ സംസ്‌കൃതിയുടെ മഹിമകളോ അധികമില്ലാത്ത ഒരു ജനതയായിരുന്നു അവരുടേത്. അവരെ പാകപ്പെടുത്തിയെടുക്കാന്‍ നബിക്കാവട്ടെ ഏറെ യാതന സഹിക്കേണ്ടിയും വന്നു. യാതനകള്‍ ഉപരോധിച്ച ജീവിതമായിരുന്നു റസൂലിന്റേത്. പണിപ്പെട്ടു മെരുക്കിയെടുത്തതില്‍ പിന്നെയാവട്ടെ, മരുഭൂമിയുടെ ജനത നബിയുടെ സന്ദേശവാഹകരാകാന്‍ താമസമുണ്ടായില്ല. മരുഭൂമി രഹസ്യത്തില്‍ പഠിപ്പിച്ച അതിജീവനക്ഷമതയുടെ സഹനപാഠങ്ങള്‍ അവരുടെ കൈവശമുണ്ടായിരുന്നു. നബിയുടെ പാഠശാല പുറത്തുവിട്ടത് നമ്മുടെ ഊഹങ്ങള്‍ കൊണ്ട് അളക്കാനാവാത്ത മനുഷ്യരെയാണ്. ജീവിതത്തിന്റെ ഏറ്റവും മുന്തിയ ആവിഷ്‌കാരമായി സ്വന്തം ജീവിതം തന്നെ അവര്‍ക്കു നല്‍കി. മണ്ണ്, ജലം, മരം അങ്ങനെ ജീവിതവുമായി ബന്ധമോ ഗന്ധമോ ഉള്ള എല്ലാത്തിനെക്കുറിച്ചും അവര്‍ക്കു പാഠങ്ങള്‍ ലഭിച്ചു. മനസും പ്രണയവും ആത്മാവും അവരറിഞ്ഞു. മരണം പോലും അവര്‍ക്കു വഴങ്ങുന്നതായി. ജീവിതത്തിന്റെ സൗന്ദര്യം അവര്‍ ശരിക്കുമറിഞ്ഞു. ജീവിതമെന്ന കല നബിയുടെ കൂടെയുള്ളവരില്‍നിന്നു പഠിക്കുമ്പോള്‍, നാമറിയുന്നത് അവരുടെ ശരീരത്തിന്റെ ചലനങ്ങള്‍ക്കും ഹൃദയത്തിന്റെ ജ്വലനങ്ങള്‍ക്കും മീതെ തണലേകി നിന്ന ഒരു മഹാമനസിന്റെ പൂര്‍ണതയാണ്.
സൂര്യനില്‍നിന്നു നേരിട്ടു പ്രകാശം ലഭിക്കുന്ന പകലു പോലെ തെളിഞ്ഞതായി അവരുടെ ജീവിതം. പില്‍ക്കാലത്തു വന്നവര്‍ക്കാകട്ടെ അവരായി വെളിച്ചമെത്തിക്കുന്ന നിലാവും നക്ഷത്രങ്ങളും. മരുഭൂമിയുടെ ഉണങ്ങിയ മണ്ണിലിരുത്തി വീടിനു മുന്നിലൂടെ ഒഴുകുന്ന ഒരു പുഴയെക്കുറിച്ച്, അതില്‍ അഞ്ചുനേരം ശരീരവൃത്തി പാലിക്കുന്നതിനെ കുറിച്ച് നബി പറയുന്നു. അങ്ങനെ പുഴയരികെ ജീവിക്കുന്നവരുടെ ശരീരവൃത്തിയെ കുറിച്ചു ചോദ്യങ്ങള്‍ ചോദിക്കുന്നു. അവര്‍ക്കപ്പോള്‍ ബോധ്യമാകുന്നത് പ്രാര്‍ഥനക്കുമുന്നേ അംഗസ്‌നാനമെന്ന മതതത്വവും വൃത്തിയുടെ ആവശ്യവും ജലത്തിന്റെ പവിത്രതയുമാണ്. അവരുടെ ഒരു വിശുദ്ധസ്ഥലി കിണറായിരുന്നു. ജലത്തിന് ആത്മീയജീവിതത്തിലേക്കു സ്ഥാനക്കയറ്റം ലഭിക്കുന്നതോടെ ആ കിണര്‍ വെറുമൊരു കിണറല്ലാതാകുന്നു. അവരുടെ പുണ്യപ്രവൃത്തി ആളുകളുടെ ദാഹമകറ്റലായി മാറുന്നു. ഇതേ ജലം താനോ നബി തിരുമേനി മരുഭൂവില്‍ പെയ്ത വചനധാരയും എന്ന് നമ്മുടെ ഒരു കാലത്തെ ക്ഷോഭയൗവനത്തിന്റെ തോതായിരുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയും ഉച്ചരിക്കുന്നു.
മഴ പെയ്യാതിരിക്കുന്നതല്ല വരള്‍ച്ച, മഴ പെയ്തിട്ടും പെയ്തിട്ടും ഭൂമിയില്‍നിന്ന് ഒന്നും മുളപൊട്ടാതിരിക്കുന്നതാണു വരള്‍ച്ചയെന്ന ഹദീസ് വായിക്കുമ്പോള്‍ ആ മനുഷ്യഹൃദയം സംസാരിച്ചതു മുന്നിലുള്ളവരോടു മാത്രമായിരുന്നില്ല എന്നു നാമറിയുന്നു. നിങ്ങളൊരു ചാണ്‍ അങ്ങോട്ടടുക്കുമ്പോള്‍ അവന്‍ ഒരു മുഴം ഇങ്ങോട്ടടുക്കുന്നു എന്ന പലവട്ടം വായിച്ച ഹദീസ് ഇന്നു വായിച്ചപ്പോള്‍ തോന്നലിന്റെ ഒരു മിന്നല്‍. അത്യുന്നതനായ ദൈവത്തിന്റെ സാമീപ്യം എന്തിനു ചാണും മുഴവും പോലുള്ള പരിചിത അളവുകള്‍ കൊണ്ടളന്നു. ദൈവത്തെ അത്യുന്നതങ്ങളില്‍നിന്നു മോചിപ്പിച്ചു നമ്മുടെ തൊട്ടരികിലേക്കു നിര്‍ത്തുകയാണ് നബി ചെയ്തത്. ആ മനുഷ്യഹൃദയത്തെ സമീപിക്കാന്‍ മാര്‍ട്ടിന്‍ ലിങ്‌സ് ഒരു വഴിയാണ്. പുസ്തകം ഉള്ളം ചോരാതെ വിവര്‍ത്തനം ചെയ്ത കവി കെ.ടി സൂപ്പി മാഷ് പറയുന്നത് മലയാളത്തില്‍ വായിച്ചുതീരുമ്പോള്‍ ഇംഗ്ലീഷിലും ഒന്നു വായിക്കൂവെന്നാണ്. ഞാനതനുസരിച്ചിരിക്കുന്നു. ഇംഗ്ലീഷിലുള്ള പതിപ്പും ഇപ്പോഴിതിന്റെ മലയാളം പ്രസാധകര്‍, കോഴിക്കോട്ടുനിന്നുള്ള അദര്‍ ബുക്‌സ് വായനക്കാര്‍ക്ക് എത്തിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."