ഇന്ന് മനുഷ്യാവകാശ ദിനം; ഏകാധ്യാപക വിദ്യാലയങ്ങളിലെ കുട്ടികള്‍ അവഗണനയില്‍
സുല്‍ത്താന്‍ ബത്തേരി: വീണ്ടുമൊരു മനുഷ്യാവകാശ ദിനംകൂടി ആചരിക്കപ്പെടുമ്പോഴാണ് വിദ്യാഭ്യാസം നിയമംമൂലം നിര്‍ബന്ധമാക്കിയ ഒരു രാജ്യത്ത് അരികുവല്‍ക്കരിക്കപ്പെട്ട് ഏകാധ്യാപക വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠനം മുന്നോട്ട് പോകുന്നത്.
2011 മുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിര്‍ബന്ധവും സൗജന്യവുമാക്കി ഉത്തരവായിരുന്നു. എന്നാല്‍ ഈ നിയമത്തില്‍ പറയുന്ന യാതോരുവിധ പരിഗണനയും വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഏകാധ്യാപക വിദ്യായലത്തിലെ കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. ഒറ്റമുറി കെട്ടിടത്തിലാണ് നാലുവരെ പഠനം നടത്തുന്ന കുട്ടികള്‍ ഒന്നിച്ചിരിക്കുന്നത്.
അതും ഒറ്റബെഞ്ചില്‍. ഇവര്‍ക്ക് പുസ്തകങ്ങള്‍ വച്ചെഴുതാന്‍ മറ്റൊരു ബെഞ്ച് പോലുമില്ല. റൈറ്റ് ടു എജ്യുക്കേഷന്‍ പ്രകാരം നാലുവരെയുള്ള വിദ്യാര്‍ഥികളെ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നത് തന്നെ കുറ്റകരമാണ്. ഏകാധ്യാപക വിദ്യാലയങ്ങളില്‍ കുട്ടികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ പഠന ഉപകരണങ്ങളും അധ്യാപക പഠനസഹായികളും ഇല്ലാതെയാണ് കുട്ടികള്‍ക്ക് അധ്യാപകര്‍ ക്ലസെടുക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങള്‍ 90ശതമാനം ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളുകളിലും ഇല്ല. ഇവര്‍ മറ്റ് സര്‍ക്കാര്‍ വിദ്യാലയങ്ങളെ പോലെതന്നെ വിദ്യാഭ്യസ വകുപ്പിന്ന് കീഴിലാണെങ്കിലും ഇവരെ കലോത്സവങ്ങളിലും കായികമേളകളിലും പങ്കെടുപ്പിക്കാറില്ല.
നല്ല കഴിവുള്ള കുട്ടികള്‍ ഇതുകൊണ്ടുതന്നെ മുഖ്യധാരയിലെത്താന്‍ കഴിയാതെ പിന്തള്ളപ്പെടുകയാണ്.
എസ്.എസ്.എയുടെ കീഴിലായിരുന്നപ്പോള്‍ ബ്ലോക്ക് ജില്ലാതലങ്ങളില്‍ ഇവര്‍ക്കായി കലാകായിക മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും 2011മുതല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലെത്തിയപ്പോള്‍ അതും ഇല്ലാതായി.
ഒരുവിഭാഗം സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് എല്ലാ വിധത്തിലുമുള്ള സഹായങ്ങളും സര്‍ക്കാര്‍ തലത്തില്‍ നിന്നു ലഭിക്കുമ്പോഴാണ് അതേ പരിഗണന നല്‍കേണ്ട ഏകാധ്യാപക വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ അരികുവല്‍ക്കരിക്കപ്പെടുന്നത്.
വയനാട് ജില്ലയില്‍ 37 ഏകാധ്യാപക വിദ്യാലയങ്ങളാണുള്ളത്. ഇതില്‍ 600ലെറെ വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്. ഇതില്‍ 99ശതമാനം കുട്ടികളും ഗോത്രവര്‍ഗത്തില്‍പെട്ടതാണു താനും.
എന്നിട്ടും ഇവര്‍ക്കായി ഭൗതികസൗകര്യങ്ങള്‍ ഒരുക്കി മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ വകുപ്പിനോ സര്‍ക്കാറിനോ കഴിയുന്നില്ല. സംസ്ഥാനത്തൊട്ടാകെ 250ഓളം ഏകാധ്യാപകവിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 4000ത്തിലേറെ വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്.
സ്‌കൂളുകള്‍ ഇല്ലാത്തതും വനാതിര്‍ത്തികളിലും വനാന്തരങ്ങളിലുമുള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1997ലാണ് ഡി.പി.ഇ.പി പ്രകാരം ഏകാധ്യാപക വിദ്യാലയങ്ങള്‍ ആരംഭിച്ചത്. കാസര്‍കോഡ്, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ ആദ്യം നടപ്പാക്കിയ പദ്ധതി പിന്നീട് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 2013ല്‍ എസ്.എസ്.എക്ക് കീഴിലായി. പിന്നീടാണ് 2011ല്‍ റൈറ്റ് റ്റു എജ്യുക്കേഷന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന് കീഴിലേക്ക് ഏകാധ്യാപക വിദ്യാലയങ്ങളെ മാറ്റിയത്. ഇത്തരത്തില്‍ മാറ്റിയപ്പോള്‍ ഭൗതിക സൗകര്യങ്ങളുള്ള സ്‌കൂളുകളെ എല്‍.പി സ്‌കൂളാക്കി ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനവും ഉണ്ടായി. എന്നാല്‍ ഒന്നും തന്നെ നടപ്പായില്ല. കുട്ടികളുടെയും സ്‌കൂളിന്റെയും അവസ്ഥ പോലെ തന്നെയാണ് ഇവിടെ പഠിപ്പിക്കുന്ന അധ്യാപകരുടെ അവസ്ഥയും. അധ്യാപകര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കാറില്ല. വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനുള്ള പരിശീലനം പഠനസഹായികള്‍ എന്നിവയും ലഭിക്കുന്നില്ല. റൈറ്റ് ടു എജ്യുക്കേഷന്‍ നടപ്പിലാക്കുന്ന ഒരു രാജ്യത്താണ് ഇത്തരത്തില്‍ ഒരു വിഭാഗം കുട്ടികള്‍ നിയമത്തിന്റെ യാതൊരു പരിഗണനയും ലഭിക്കാതെ പുറന്തള്ളപ്പെട്ട് കിടക്കുന്നത്.
ഈ മനുഷ്യാവകാശ ദിനത്തിലെങ്കിലും ഇവര്‍ക്ക് മറ്റ് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികളെ പോലെ എല്ലാപരിഗണനയും നല്‍കാനുള്ള നടപടികള്‍ കൈകൊള്ളണമെന്നാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."