ജറുസലം പ്രഖ്യാപനം: ലബനോനിലെ യു.എസ് എംബസിക്കു മുന്നില്‍ പ്രതിഷേധം
ബയ്‌റൂത്ത്: ഇസ്‌റാഈല്‍ തലസ്ഥാനമായി ജറുസലമിനെ പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള പ്രതിഷേധം ലബനോനിലും. ലബനോനിലെ യു.എസ് എംബസിക്കു മുന്നില്‍ നൂറുകണക്കിന് ഫലസ്തീന്‍ വംശജരെത്തി വന്‍ പ്രതിഷേധ റാലി നടത്തി. പ്രതിഷേധം തടയാന്‍ ലബനോന്‍ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു.
വടക്കന്‍ ബയ്‌റൂത്തിലെ ഔക്കാര്‍ മേഖലയിലുള്ള യു.എസ് എംബസിക്കു സമീപത്താണ് പ്രതിഷേധക്കാരെ സുരക്ഷാ സേന തടഞ്ഞത്. എന്നാല്‍ പ്രതിഷേധക്കാര്‍ ഇവര്‍ക്കു നേരെ കല്ലെറിഞ്ഞു. ഇതോടെ സുരക്ഷാ സേനയും പ്രതിഷേധക്കാരും സംഘര്‍ഷത്തിലായി.
യു.എസിന്റെ പ്രഖ്യാപനത്തില്‍ മാത്രമല്ല, അറബ് നേതാക്കളുടെ മൗനത്തിനെതിരെയും കൂടിയാണ് പ്രതിഷേധമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. നാവു കൊണ്ട് മറുപടി പറയുന്നതല്ലാതെ അറബ് നേതാക്കള്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ചാണ് ട്രംപ്, ജറുസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. യു.എസിന്റെ എംബസി തെല്‍ അവീവില്‍ നിന്ന് ജറുസലമിലേക്കു നീക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.
പ്രഖ്യാപനത്തിനെതിരെ അറബ് ലീഗ് നേതാക്കളും അന്താരാഷ്ട്ര സമൂഹവും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയം ചര്‍ച്ചയ്‌ക്കെടുത്ത യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ യു.എസ് ഒറ്റപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."