ട്രെയിനുകള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ ദുരിതത്തില്‍
കൊല്ലം: കൊല്ലത്തിനും എറണാകുളത്തിനുമിടയില്‍ എട്ട് മെമു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. ഇതോടെ ദീര്‍ഘദൂര ട്രെയിനുകളില്‍ പതിവില്‍ കൂടൂതല്‍ തിരക്കാണ് അനുഭവപ്പെട്ടത്. ജീവനക്കാരുടെ കുറവുണ്ടെന്ന കാരണം പറഞ്ഞാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
ജനറല്‍ കംപാര്‍ട്ട്മെന്റില്‍ കയറാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. സ്ഥിരം യാത്രക്കാരെയും സീസണ് ടിക്കറ്റുകാരെയുമാണ് ട്രെയിന്‍ റദ്ദാക്കിയത് കൂടൂതല്‍ ദുരിതത്തിലാക്കിയിരിക്കുന്നത്. നേരത്തെ തീരുമാനിച്ചതിന് വിരുദ്ധമായി പുനലൂര്‍ - കന്യാകുമാരി പാസഞ്ചര്‍ അവസാന നിമിഷം റദ്ദാക്കിയതും യാത്രക്കാരെ ഏറെ വലച്ചു.
അവധി ദിനങ്ങള്‍ക്ക് ശേഷം ഓഫിസുകളും സ്കൂളുകളും പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ റൂട്ടില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടും. ജീവനക്കാരുടെ കുറവുമൂലം രണ്ട് മാസത്തേക്കാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. രാവിലെ 7.45 നും, 11.10 നും ഉള്ള കൊല്ലം- എറണാകുളം മെമു ട്രെയിനുകളും, രാവിലെ 5.50 നും ഉച്ചയ്ക്ക് 2.40 നും ഉള്ള എറണാകുളം- കൊല്ലം മെമു ട്രെയിനുകളുമാണ് റദ്ദാക്കിയത്.
കൂടാതെ 12ന് പുറപ്പെടുന്ന എറണാകുളം- കായംകുളം പാസഞ്ചര്‍, തിരികെ 5.50 ന് പുറപ്പെടുന്ന കായംകുളം- എറണാകുളം പാസഞ്ചര്‍, രാവിലെ 10.05 നുള്ള എറണാകുളം - കായംകുളം പാസഞ്ചര്‍ ഉച്ചയ്ക്ക് 1.30 നുള്ള കായംകുളം- എറണാകുളം പാസഞ്ചര്‍ എന്നീ ട്രെയിനുകളും റദ്ദാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."