320 കോടിയുടെ ഹൈഡല്‍ ടൂറിസം കോറിഡോര്‍ പദ്ധതി ഉപേക്ഷിച്ചു
തിരുവനന്തപുരം: അഴിമതി ആരോപണം മുന്നില്‍ കണ്ട് വൈദ്യുതി ബോര്‍ഡിന് കീഴില്‍ തുടങ്ങാനിരുന്ന 320 കോടിയുടെ ഹൈഡല്‍ ടൂറിസം കോറിഡോര്‍ പദ്ധതി ഉപേക്ഷിച്ചു. പദ്ധതിക്കായി ചരടുവലി നടത്തിയ ഉന്നത ഉദ്യോഗസ്ഥന് വൈദ്യുതി മന്ത്രി എം.എം മണിയുടെ ഓഫിസില്‍ സുരക്ഷിതനിയമനവും നല്‍കി. വയനാട്ടിലെ ബാണാസുരസാഗര്‍, കോഴിക്കോട് കക്കയം, പെരുവണ്ണാമൂഴി എന്നിവിടങ്ങളിലെ ഡാമുകളെ തമ്മില്‍ ബന്ധിപ്പിച്ച് ടൂറിസം ഇടനാഴി ഉണ്ടാക്കാനായിരുന്നുപദ്ധതി.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വൈദ്യുതി ബോര്‍ഡിനു കീഴിലുള്ള ഹൈഡല്‍ ടൂറിസം സെന്ററിന് ചുമതലയും നല്‍കി. മലബാറിലെ ഒരു വിഭാഗം സി.പി.എം നേതാക്കളുടെ താല്‍പര്യത്തിലായിരുന്നു പദ്ധതിക്ക് രൂപരേഖ തയാറാക്കിയത്. ഇതിനായി കിഫ്ബിയില്‍നിന്ന് വായ്പ അനുവദിക്കാന്‍ തീരുമാനിച്ചതായി ഡാമുകള്‍ നേരിട്ട് സന്ദര്‍ശിച്ച ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍, ടെന്‍ഡര്‍ നടപടികള്‍ മുതല്‍ ക്രമക്കേട് ആരംഭിച്ചു. പദ്ധതിക്കായി കമ്പനിയെ തിരഞ്ഞെടുത്തതില്‍ ക്രമക്കേടുണ്ടെന്ന് പരാതിയുണ്ടായിരുന്നു. എറണാകുളത്തെ കമ്പനിക്ക് ടെന്‍ഡര്‍ ലഭിച്ചതിന് പിന്നില്‍ വഴിവിട്ട ഇടപാടുകള്‍ നടന്നതായുള്ള പരാതി തെളിവുകള്‍ സഹിതം വൈദ്യുതി റെഗുലേറ്ററി കമ്മിഷന് മുന്നിലെത്തി.
ടൂറിസം മേഖലയില്‍ പരിചയമില്ലാത്ത കമ്പനിക്ക് പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ മാത്രം 92 ലക്ഷം രൂപ നല്‍കാന്‍ കരാറുണ്ടാക്കിയതും ഭരണസമിതിയുടെ അനുമതിയില്ലാതെ ഇത് കൊടുക്കാന്‍ ഹൈഡല്‍ ടൂറിസം ഡയറക്ടര്‍ നടത്തിയ നീക്കവും റെഗുലേറ്ററി കമ്മിഷന്‍ ആദ്യം തടഞ്ഞു. തുടര്‍ന്ന് പദ്ധതിയുമായി ബന്ധപ്പെട്ട മറ്റെല്ലാ നടപടികളും നിര്‍ത്തിവയ്ക്കാനും കമ്മിഷന്‍ നിര്‍ദേശിച്ചു. പിന്നാലെ കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ. കെ ഇളങ്കോവനും വിഷയത്തില്‍ ഇടപെട്ടു.
ക്രമക്കേടുകള്‍ വിശദമാക്കിയും ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ശുപാര്‍ശ ചെയ്ത് വകുപ്പ് മന്ത്രിക്ക് കത്തു നല്‍കി. എന്നാല്‍, പദ്ധതി നടപ്പിലാക്കാന്‍ വഴിവിട്ട പ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥന്‍ വൈദ്യുതി മന്ത്രിയുടെ തന്നെ ഓഫിസില്‍ ഉന്നത പദവിയിലെത്തി. തുടര്‍ന്ന് അന്വേഷണത്തിന് വകുപ്പ് മന്ത്രി ഉത്തരവിട്ടു.
എന്നാല്‍, റെഗുലേറ്ററി കമ്മിഷന്റെയും ബോര്‍ഡ്‌ചെയര്‍മാന്റെയും ശുപാര്‍ശകള്‍ തള്ളി ആരോപണ വിധേയന് അനുകൂലമായി റിപ്പോര്‍ട്ടുണ്ടാക്കി. ക്രമക്കേട് കണ്ടുപിടിച്ച് തടഞ്ഞതിനാല്‍ നഷ്ടമുണ്ടായില്ലെന്നും അതിനാല്‍ നടപടി വേണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പദ്ധതി തന്നെ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."