ജെ.ജെ ആക്ട്: രജിസ്റ്റര്‍ ചെയ്യാന്‍ ഇനി നാലു നാള്‍ മാത്രം; ആയിരത്തോളം അനാഥാലയങ്ങള്‍ക്ക് പൂട്ടുവീഴും
തിരുവനന്തപുരം: അനാഥാലയങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി ഈ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ സംസ്ഥാനത്തെ ആയിരത്തോളം അനാഥാലയങ്ങളുടെ നിലനില്‍പ്പ് അനിശ്ചിതത്വത്തില്‍. ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത അനാഥാലയങ്ങള്‍ക്ക് താഴുവീഴുന്നതോടെ ഇവിടങ്ങളിലുള്ള അന്‍പതിനായിരത്തോളം കുട്ടികളുടെ ഭാവി അവതാളത്തിലാകും.
ഡിസംബര്‍ 31നകം രാജ്യത്തെ എല്ലാ അനാഥാലയങ്ങളും ജെ.ജെ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സുപ്രിംകോടതി വിധിയെ തുടര്‍ന്നാണ് നടപടി. എന്നാല്‍, രഹസ്യമായും പരസ്യമായും ഓര്‍ഡിനന്‍സ് ഇറക്കി പല സ്ഥാപനങ്ങളും പിടിച്ചെടുക്കുന്ന ഇടതുസര്‍ക്കാര്‍ സംസ്ഥാനത്തെ അനാഥക്കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
സംസ്ഥാനത്ത് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ എല്ലാ ശിശുസംരക്ഷണ കേന്ദ്രങ്ങളും 2015ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ടിനു കീഴില്‍ നവംബര്‍ 30നകം രജിസ്റ്റര്‍ ചെയ്യണമെന്ന് സാമൂഹികക്ഷേമ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഉത്തരവിറക്കിയെങ്കിലും നിലനില്‍പ്പ് ഭീഷണിയെ തുടര്‍ന്ന് ആയിരത്തോളം അനാഥാലയങ്ങള്‍
രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
ഇതേതുടര്‍ന്ന് ഈ മാസം 15 വരെ സമയം നീട്ടി നല്‍കുകയായിരുന്നു. ഏതാണ്ട് അന്‍പതിനായിരത്തോളം കുട്ടികള്‍ ഇനി വിദ്യാഭ്യാസം തുടരാനോ ഒരു നേരത്തെ ഭക്ഷണത്തിനോ ഗതിയില്ലാതെ വഴിയാധാരമാകുന്ന സ്ഥിതിയുണ്ടായിട്ടും സര്‍ക്കാരിനും മിണ്ടാട്ടമില്ല. ജെ.ജെ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രിംകോടതി വിധി വന്നപ്പോള്‍ സംസ്ഥാനത്തെ വിവിധ മത സംഘടനകളും എന്‍.ജി.ഒകളും സുപ്രിംകോടതിയില്‍ അപ്പീല്‍ പോകണമെന്നും സംസ്ഥാനത്ത് പ്രത്യേക ഇളവ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപെടണമെന്നും സാമൂഹ്യ ക്ഷേമ മന്ത്രി കെ.കെ ശൈലജയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഒരു നടപടിയും സ്വീകരിക്കാന്‍ തയാറായില്ല.
പല അനാഥാലയങ്ങളും നടത്തുന്നത് നാട്ടുകാരുടെയും വിവിധ മതസംഘടനകളുടെയും സഹായത്തിലാണ്. സാമൂഹ്യ സേവനമായിട്ടാണ് പലരും ഇതില്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കാനും നല്ല വിദ്യാഭ്യാസം നല്‍കാനും മാസം തോറും ഭീമമായ തുക ആവശ്യമായി വരുന്നു. പല സ്ഥാപനങ്ങള്‍ക്കും പുറത്തുനിന്ന് ഫണ്ട് ലഭിക്കുന്നില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളതിന് പുറമെ ഇതര സംസ്ഥാനങ്ങളിലെ പാവപ്പെട്ട കുട്ടികളും ഇവിടങ്ങളിലുണ്ട്.
ഒരു നേരത്തെ ആഹാരവും നല്ല വിദ്യാഭ്യാസവും പ്രതീക്ഷിച്ചാണ് ഇവര്‍ അനാഥാലയങ്ങളില്‍ എത്തുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ പൂട്ടുന്നതോടെ ഇവരുടെ ഭാവി തന്നെ അവതാളത്തിലാകും. ജെ.ജെ ആക്ട് പ്രകാരം അന്‍പത് കുട്ടികളുള്ള സ്ഥാപനത്തില്‍ യോഗ്യതയുള്ള 20 സ്ഥിരം ജീവനക്കാരും, അഞ്ച് താല്‍ക്കാലിക ജീവനക്കാരും വേണമെന്നാണ് ചട്ടം. ഇതിനായി മൂന്നു ലക്ഷത്തിലധികം രൂപ മാസം തോറും വേണ്ടിവരും. ഇതു കൂടാതെ കുട്ടികള്‍ക്കായുള്ള ഭക്ഷണം, വസ്ത്രം ഉള്‍പ്പെടെയുള്ള മറ്റു ചെലവും. മാത്രമല്ല ഒരു കുട്ടിക്ക് 40 സ്‌ക്വയര്‍ ഫീറ്റ് സ്ഥലവും ഒരുക്കണം. ഇത് താങ്ങാന്‍ കഴിയാത്തതിനാലാണ് അനാഥാലയങ്ങള്‍ പൂട്ടുന്നത്.
ജെ.ജെ ആക്ട് നിലവില്‍ വരുന്നതോടെ ജില്ലാ ശിശുക്ഷേമ ഓഫിസര്‍ അധ്യക്ഷനായ സമിതിക്കായിരിക്കും അനാഥാലയങ്ങളുടെ മേല്‍നോട്ട ചുമതല. അതോടെ പല സ്ഥാപനങ്ങള്‍ക്കും നടത്തിപ്പുകാരുടെ നിയന്ത്രണം നഷ്ടമാകും. ആക്ട് നിലവില്‍ വരുന്നതോടെ കമ്മിറ്റി തീരുമാനിക്കുന്നവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അനാഥാലയങ്ങള്‍ പൂട്ടുന്നത്.
പൂട്ടാന്‍ തീരുമാനിച്ച പല അനാഥാലയങ്ങളും ഇവിടത്തെ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നാണ് സാമൂഹ്യക്ഷേമ വകുപ്പിന്റെ നിലപാട്. ഇവര്‍ക്കായുള്ള സാമ്പത്തിക സഹായം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അവര്‍ തരുമെന്ന് ഉറപ്പുമില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. അതിനിടെ, വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ മന്ത്രി കെ.കെ ശൈലജ സെക്രട്ടേറിയറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ജനുവരി ഒന്നുമുതല്‍ ജെ.ജെ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത അനാഥാലയങ്ങള്‍ക്ക് മാത്രമേ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകൂ. നിയമം ലംഘിച്ച് പ്രവര്‍ത്തിച്ചാല്‍ അത് പൂട്ടിക്കുകയും ഒരു ലക്ഷം രൂപ പിഴയും ഒരുവര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരികയും വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."