അധ്യാപകരില്ലാതൊരു രാജ്യം; ഒടുവില്‍ പഠിപ്പിക്കാനിറങ്ങി രക്ഷിതാക്കള്‍
ബാംഗൈ്വ: 2013ല്‍ ആരംഭിച്ച ആഭ്യന്തരയുദ്ധത്തില്‍ പാടെ തകര്‍ന്നിരിക്കുകയാണ് ആഫ്രിക്കന്‍ രാജ്യമായ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്. രാജ്യത്തെ പൗരന്മാര്‍ കടുത്ത അരക്ഷിതാവസ്ഥയിലും ദാരിദ്ര്യത്തിലും കഴിയുന്നു. ജീവനു ഭീഷണി ഉയര്‍ന്നതോടെ രാജ്യത്തെ വിദ്യാലയങ്ങളിലെ അധ്യാപകരെല്ലാം ജോലി ഉപേക്ഷിച്ചുപോയി. ഇതോടെ മക്കളുടെ പഠനം മുടങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍തന്നെ ഇപ്പോള്‍ അധ്യാപകവേഷമിട്ട് സ്‌കൂളുകളിലെത്തുകയാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
കര്‍ഷകനായ സോറോയ്ക്ക് ചെടിനടീലിനെക്കുറിച്ച് ചിലതെല്ലാം അറിയാം. ആ അറിവുമായി സോറോ സ്‌കൂളിലെത്തി കുരുന്നുമനസുകളില്‍ കാര്‍ഷികവൃത്തിയുടെ ലഘുചിന്തകള്‍ വിതയ്ക്കുന്നു. രാജ്യതലസ്ഥാനമായ ബാംഗ്വെയില്‍നിന്ന് വെറും 25 കി.മീറ്റര്‍ അകലെയുള്ള സോറോയുടെ ഗ്രാമത്തിലെ സ്‌കൂളില്‍ യോഗ്യരായ ഒറ്റ അധ്യാപകരുമില്ല. അതുകൊണ്ട് കഴിഞ്ഞ മൂന്നു മാസമായി സോറോ തന്നെയാണ് സ്‌കൂളിലെ 105ഓളം വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുന്നത്. രാജ്യത്തെ 500ഓളം വരുന്ന 'രക്ഷാകര്‍തൃ അധ്യാപകരി'ല്‍ ഒരാള്‍ മാത്രമാണ് സോറോ. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. ഇവര്‍ക്ക് ഒരു പ്രാദേശിക വിദ്യാഭ്യാസ കാരുണ്യസംഘം വിവിധ വിഷയങ്ങളില്‍ ലഘുക്ലാസുകള്‍ നല്‍കുന്നു. അതുവച്ചാണ് അവര്‍ തങ്ങളുടെ മക്കള്‍ക്ക് ക്ലാസെടുത്തു കൊടുക്കുന്നത്. ഇത്തരത്തില്‍ 14,000 അധ്യാപകരെകൂടി പുതുതായി നിയമിക്കാനുള്ള ആലോചനയിലാണ് ഇവര്‍.
2013ല്‍ പ്രസിഡന്റായിരുന്ന ഫ്രാന്‍സിസ് ബോസിസിനെ വിമതവിഭാഗമായ സെലേക സംഘം അട്ടിമറിയിലൂടെ പുറത്താക്കിയതിനു പിറകെയാണ് രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങിയത്. സെലേക ഭരണകൂടത്തെ ഫ്രഞ്ച് സൈന്യം ഭരണകേന്ദ്രങ്ങളില്‍നിന്നു പുറത്താക്കിയതോടെ ആഭ്യന്തര യുദ്ധം മൂര്‍ച്ഛിച്ചു. യു.എന്‍ സമാധാനപാലന സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് രാജ്യതലസ്ഥാനം ഇപ്പോഴുള്ളത്. ഇവിടുത്തെ ആകെ ജനസംഖ്യയുടെ പകുതിയോളംവരുന്ന 2.3 മില്യന്‍ ജനങ്ങളും പുറത്തുനിന്നെത്തുന്ന സഹായത്തെ ആശ്രയിച്ചാണ് കഴിയുന്നതെന്ന റിപ്പോര്‍ട്ട് അടുത്തിടെ യു.എന്‍ പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."