അറബ് ലീഗ് അപലപിച്ചു; സൈന്യത്തെ അയക്കുമെന്ന് മലേഷ്യ
ക്വാലാലംപൂര്‍: ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി അപകടകരവും അംഗീകരിക്കാനാകാത്തതുമാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗൈഥ്.
പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിനു ശേഷമാണ് സെക്രട്ടറി ജനറല്‍ നിലപാട് വ്യക്തമാക്കിയത്.
ഫലസ്തീന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം പരിഹരിക്കാനുള്ള രാഷ്ട്രീയ ഇടപെടലുകള്‍ക്കുനേരെയുള്ള കടന്നാക്രമണമാണ് അമേരിക്കയുടെ നടപടിയെന്ന് അബുല്‍ ഗൈഥ് പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിനെതിരാണ് ട്രംപിന്റെ തീരുമാനം. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള അമേരിക്കയുടെ പിന്തുണയില്‍ സംശയം ജനിപ്പിക്കുന്നതുമാണിത്. ട്രംപ് ഭരണകൂടത്തിലുള്ള അറബ് രാജ്യങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുന്നതുമാണ് തീരുമാനം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മേഖലയിലെ 22 അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്തു.
അമേരിക്കയുടെ നടപടിക്കെതിരേ മലേഷ്യയും രംഗത്തെത്തി. മുസ്‌ലിം ലോകത്തിന്റെ മുഖത്തേറ്റ അടിയാണ് അമേരിക്കയുടെ പ്രഖ്യാപനമെന്ന് മലേഷ്യന്‍ പ്രതിരോധ മന്ത്രി ഹിഷാമുദ്ദീന്‍ ഹുസൈന്‍ പറഞ്ഞു. മേഖലയില്‍ സൈനിക നടപടി ആവശ്യമായാല്‍ ഇടപെടാന്‍ മലേഷ്യന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. ഏതുതരം നടപടിക്കും സൈന്യം ഒരുക്കമാണ്. ഉന്നതതലങ്ങളില്‍നിന്നുള്ള നിര്‍ദേശം ലഭിക്കുക മാത്രമാണ് ഇനി വേണ്ടതെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയില്‍നിന്ന് ഈജിപ്തിലെ കോപ്റ്റിക് ചര്‍ച്ച് നേതാവ് പിന്മാറി.
ജറൂസലം വിഷയത്തില്‍ പ്രതിഷേധിച്ചാണ് പോപ്പ് തവാദ്രോസ് രണ്ടാമന്‍ പെന്‍സിന്റെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നേരത്തേ നിശ്ചയിച്ച യോഗം റദ്ദാക്കിയത്. പെന്‍സുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയില്‍നിന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പിന്മാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."