ജിഷ വധക്കേസില്‍ വിധി നാളെ
കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷാവധക്കേസില്‍ നാളെ വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറയുന്നത്. 293 രേഖകളും 36 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്.
പ്രതിഭാഗം ഉന്നയിച്ച ആരോപണങ്ങള്‍ക്കും സംശയങ്ങള്‍ക്കും നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ തന്നെ നിരത്തിയാണ് പ്രോസിക്യൂഷന്‍ വാദം അവസാനിപ്പിച്ചത്. പ്രതി അമീറുല്‍ ഇസ്്‌ലാം ഒറ്റയ്ക്ക് തന്നെയാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിമുന്‍പാകെ സമര്‍ഥിച്ചത്.
അതേസമയം സാഹചര്യത്തെളിവും ശാസ്ത്രീയ തെളിവും മാത്രമാണ് പ്രോസിക്യൂഷന്‍ നിരത്തിയതെന്നും കൊല നടത്തിയ കത്തി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും അപര്യാപ്തമാണെന്നു തെളിയിക്കാന്‍ സുപ്രിം കോടതി ഉള്‍പ്പെടെയുള്ള കോടതി വിധിപ്പകര്‍പ്പുകള്‍ പ്രതിഭാഗം സമര്‍പ്പിച്ചു.
ജിഷ ധരിച്ച ചുരിദാറിന്റെ രണ്ടു ഭാഗങ്ങളില്‍ കണ്ടെത്തിയ ഉമിനീര്‍, ജിഷയുടെ കൈനഖത്തില്‍ കണ്ടെത്തിയ ശരീരകോശങ്ങളില്‍ നിന്നു വേര്‍തിരിച്ച ഡി.എന്‍.എ, വീടിന്റെ വാതിലില്‍ കണ്ടെത്തിയ രക്തക്കറ തുടങ്ങിയ ശാസ്ത്രീയ തെളിവുകള്‍, സാക്ഷികള്‍ പ്രതിയുടേതെന്ന് തിരിച്ചറിഞ്ഞ ചെരുപ്പുകളില്‍ കണ്ടെത്തിയ രക്തം ജിഷയുടേതാണെന്നു സ്ഥാപിക്കുന്ന രാസപരിശോധനാ റിപ്പോര്‍ട്ട് തുടങ്ങിയവ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ്.
പൊലിസ് ശേഖരിച്ച തെളിവുകള്‍ പ്രതിയെ അറസ്റ്റ്‌ചെയ്തതിനു ശേഷമുള്ളതാണെന്നു പ്രതിഭാഗം അഭിഭാഷകന്‍ ബി.എ.ആളൂര്‍ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."