ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി ഗതാഗത വകുപ്പ്
ജിദ്ദ: സഊദിയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഗതാഗത വകുപ്പ് പുറത്തിറക്കി. ഇത് പ്രകാരം ട്രക്ക് ഡ്രൈവര്‍മാര്‍ ആഴ്ചയില്‍ അന്‍പത്തിയാറ് മണിക്കൂറില്‍ കൂടുതല്‍ ട്രക്ക് ഓടിക്കാന്‍ പാടില്ല. എല്ലാ നാലര മണിക്കൂറിലും ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായി വിശ്രമിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തിലുണ്ട്.
റോഡ് സുരക്ഷ ഉറപ്പ് വരുത്തുക, വാഹനാപകടങ്ങള്‍ നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സഊദിയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പുതിയ പ്രവൃത്തി സമയം നിശ്ചയിക്കുന്നത്. ഡ്രൈവര്‍മാര്‍ ദിവസം ചുരുങ്ങിയത് പതിനൊന്ന് മണിക്കൂറും ആഴ്ചയില്‍ നാല്‍പ്പത്തിയെട്ട് മണിക്കൂറും വിശ്രമിക്കണമെന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.
തുടര്‍ച്ചയായി ആറു ദിവസത്തില്‍ കൂടുതല്‍ ട്രക്ക് ഓടിക്കാന്‍ പാടില്ല. നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കും. നൂതനമായ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ട്രക്കുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കും. എല്ലാ ട്രക്കുകളിലും ഘടിപ്പിക്കുന്ന മോണിട്ടറിംഗ് ഡിവൈസുകള്‍ കണ്‍ട്രോള്‍ സെന്ററുമായി ബന്ധിപ്പിക്കണമെന്നും ഗതാഗത വകുപ്പ് നിര്‍ദേശിച്ചു.
അതേസമയം, റോഡപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി ഒരോ റോഡിലും സഞ്ചരിക്കാവുന്ന പരമാവധി വേഗത പരിധി രേഖപ്പെടുത്തിയ പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങി. റോഡിന്റെ ഗുണനിലവാരവും വാഹനങ്ങളുടെ തിരക്കും പരിഗണിച്ചാണ് വേഗ പരിധി നിശ്ചയിച്ചിട്ടുളളത്. പുതിയ വേഗ പരിധി അനുസരിച്ച് കാറുകള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും മണിക്കൂറില്‍ 140 കിലോ മീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ അനുമതിയില്ലെന്ന് ഗതാഗത മന്ത്രാലയം വക്താവ് തുര്‍ക്കി അല്‍ തൈമി അറിയിച്ചു. ഗതാഗതം, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങളും ട്രാഫിക് ഡയറക്ടറേറ്റും സംയുക്തമായി റോഡ് സുരക്ഷാ ബോധവല്‍ക്കരണവും നടത്തുന്നുണ്ട്.
ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 1864 റോഡ് അപകടങ്ങളാണ് രാജ്യത്ത് ഉണ്ടായത്. ഇതിലേറെയും അമിത വേഗതയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 2020 ആകുന്നതോടെ അപകട നിരക്ക് 25 ശതമാനം കുറക്കുകയാണ് ലക്ഷ്യമെന്നും തുര്‍ക്കി അല്‍ തൈമി പറഞ്ഞു.
സഊദിയിലെ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന റിയാദ് ദമ്മാം എക്‌സ്പ്രസ് വേ, റിയാദ് തായിഫ് റോഡ്, റിയാദ് ഖസിം റോഡ് എന്നിവിടങ്ങളില്‍ വേഗ പരിധി നിയന്ത്രണം അടുത്ത വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ നിലവില്‍ വരും.
കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ റോഡ് അപകടങ്ങളില്‍ 9,031 പേരാണ് മരിച്ചത്.
ഇത് ആകെ മരണ നിരക്കിന്റെ 12 ശതമാനമാണ്. ഒരു ദിവസം 25 അപകട മരണമാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. 2007ന് ശേഷം ഏറ്റവും കൂടിയ നിരക്കാണ് ഇതെന്നും തുര്‍ക്കി അല്‍ തൈമി പറഞ്ഞു. ഈ സാഹചര്യത്തില്‍ കൂടുതല്‍ റോഡ് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് വേഗപരിധി കര്‍ശനമായി നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."