അത്താഴവിരുന്നിനെ 'രഹസ്യ ചര്‍ച്ച'യാക്കി; പ്രധാനമന്ത്രി പദത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ മോദി മാപ്പു പറയണമെന്ന് മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി: പാകിസ്താനികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തില്‍ കടുത്ത വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മേല്‍ക്കോയ്മ നേടാന്‍ മോദി തെറ്റായ പ്രചരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
''രാഷ്ട്രീയ മേല്‍ക്കോയ്മ നേടുന്നതിനു വേണ്ടി കള്ളവും വ്യാജവും പ്രചരിപ്പിക്കുന്നതില്‍ എനിക്ക് അതിയായ ദു:ഖമുണ്ട്. ആസന്നമായ ഗുജറാത്ത് തെരഞ്ഞെടുപ്പിലെ തോല്‍വി ഭീതിയല്ലാതെ മറ്റൊരു കാരണം ഇതിനില്ല. മുന്‍ പ്രധാനമന്ത്രി, സൈനിക മേധാവി അടക്കമുള്ള എല്ലാ ഭരണഘടനാ സംവിധാനങ്ങളെയും അവഹേളിക്കാനുള്ള അത്യാര്‍ത്തിയില്‍ അപകടകരമായ കീഴ്‌വഴക്കമാണ് മോദി ഉണ്ടാക്കുന്നത്''- മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി.
വിശദീകരണക്കുറിപ്പ് ഇറക്കിയാണ് മന്‍മോഹന്‍ സിങ് ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നത്. ഇതാദ്യമായാണ് മന്‍മോഹന്‍ സിങ് ഒരു കാര്യത്തില്‍ വിശദീകരണക്കുറിപ്പ് ഇറക്കുന്നത്.
''പാക് പ്രതിനിധികള്‍ പങ്കെടുത്ത അത്താഴവിരുന്നില്‍ മുന്‍ പ്രധാനമന്ത്രിയും മുന്‍ സൈനികമേധാവിയും ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തിരുന്നു. അതില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് വിഷയമേ ആയിട്ടില്ല. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നുണപ്രചരിപ്പിക്കുന്ന നരേന്ദ്രമോദി രാജ്യത്തോട് മാപ്പുപറഞ്ഞ് പ്രധാനമന്ത്രിപദത്തിന്റെ വിശ്വാസ്യത പുന:സ്ഥാപിക്കണം''
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി വിവാദ പ്രസ്താവന നടത്തിയത്. മന്‍മോഹന്‍ സിങും മണിശങ്കര്‍ അയ്യരും പാകിസ്താന്‍ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ആരോപണം.
''തെറ്റായ പ്രചരണങ്ങള്‍ പരത്തുന്നതിനു പകരം, ഉന്നത സ്ഥാനത്തിരിക്കുന്ന പക്വതയും കാര്യഗൗരവവും പ്രധാനമന്ത്രി കാണിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു''
എന്നാല്‍, അത് രഹസ്യ ചര്‍ച്ചയൊന്നുമല്ലെന്നും അത്താഴവിരുന്നായിരുന്നു നടന്നതെന്നും വിശദീകരിച്ചാണ് മന്‍മോഹന്‍ സിങ് മറുപടി നല്‍കിയത്. അത്താഴ വിരുന്നില്‍ സംബന്ധിച്ചവരുടെ ലിസ്റ്റും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."