ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി: സ്ഥാപനത്തിന് മുന്നില്‍ തട്ടിപ്പിനിരയായവരുടെ പ്രതിഷേധം
കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ കമ്പനി നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി. തട്ടിപ്പിനിരയായവര്‍ കൂട്ടത്തോടെ കോഴിക്കോട്ടെ സ്ഥാപനത്തിനു മുന്നിലെത്തി പ്രതിഷേധിച്ചു. കോഴിക്കോട് ഇടിയങ്ങര ഷെയ്ഖ് പള്ളിക്കു സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റെയിന്‍ബോ ഇന്റര്‍നാഷനല്‍ മാന്‍പവര്‍ കമ്പനിയാണു വിസ നല്‍കാമെന്നു പറഞ്ഞ് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയതായി പരാതി ഉയര്‍ന്നത്. തട്ടിപ്പിനിരയായ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കാളികാവ്, പൂത്തോട്ടംപാടം, ചോക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള തൊണ്ണൂറോളം പേരാണു കോഴിക്കോട്ടെത്തിയത്. 10,000 മുതല്‍ 50,000 രൂപ വരെ നഷ്ടമായതായി തട്ടിപ്പിനിരയായവര്‍ പറഞ്ഞു. ഇവരുടെ പരാതിയില്‍ ടൗണ്‍പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തട്ടിപ്പ് നടത്തിയയാളെക്കുറിച്ച് വിവരം കിട്ടിയതായി ടൗണ്‍ പൊലിസ് പറഞ്ഞു.
സ്ഥാപനം നടത്തിപ്പുകാരനായ ഷാന്‍ മുങ്ങിയിരിക്കുകയാണ്. ജീവനക്കാരായ രണ്ടുപേരും ഇന്നലെ ഓഫിസില്‍ എത്തിയിട്ടില്ല. ഷാനിന്റെയും ജീവനക്കാരുടെയും ഫോണ്‍ സ്വിച്ച്് ഓഫാണ്. പലരോടും പല വിലാസമാണ് സ്ഥാപന നടത്തിപ്പുകാരനായ ഷാന്‍ പറഞ്ഞത്. സഊദി ആസ്ഥാനമായുള്ള അല്‍മറായ് കമ്പനിക്കായി ദുബൈയില്‍ സെയില്‍സ് മാന്‍ കം ഡ്രൈവര്‍ തസ്തികയില്‍ ജോലിക്കായി വിസ വാഗ്ദാം ചെയ്താണ് ഇയാള്‍ പലരില്‍ നിന്നായി പണം കൈപ്പറ്റിയത്. തട്ടിപ്പിനിരയായവര്‍ മൂന്നാഴ്ച മുന്‍പാണു പണം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."