മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഭേദഗതികളോടെ പി.എസ്.സി അംഗീകരിച്ചു
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയുടെ യോഗ്യത, നിയമന രീതി സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഭേദഗതികളോടെ അംഗീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു. ഫിഷറീസ് വകുപ്പിലെ ഫിഷറീസ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ തസ്തികയുടെ നിയമന രീതി, യോഗ്യത എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ കരട് നിര്‍ദേശവും അംഗീകരിച്ചു.
കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം ജില്ലയില്‍ പെരുമ്പഴുതൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്ന പി. എസ്. സി പരീക്ഷ സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പരീക്ഷ കൃത്യ സമയത്തു തന്നെ തടസം കൂടാതെ നടന്നതായും കമ്മിഷന്‍ വിലയിരുത്തി. ഉദ്യോഗാര്‍ഥികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഇത്തരം വാര്‍ത്തകളില്‍ കമ്മിഷന്‍ ആശങ്ക രേഖപ്പെടുത്തി. ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കമ്മിഷന്‍ അംഗങ്ങളുടെ രണ്ട് ദിവസത്തെ ശമ്പളം സംഭാവനയായി നല്‍കും.
കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പ്രീ-പ്രൈമറി ടീച്ചര്‍ തസ്തികയിലേയ്ക്ക് ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും തുറമുഖ വകുപ്പില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ്-2 (മെക്കാനിക്കല്‍)തസ്തികയില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഓഡിയോളജിസ്റ്റ് ആന്‍ഡ് സ്പീച്ച് പാത്തോളജിസ്റ്റ് തസ്തികയില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."