അന്‍വര്‍ എം.എല്‍.എ നിര്‍മിച്ച തടയണ പൊളിക്കണമെന്ന് കലക്ടര്‍
മലപ്പുറം: കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാറയില്‍ പി.വി അന്‍വര്‍ എം.എല്‍.എ നിര്‍മിച്ച തടയണ പ്രകൃതിക്കും ആദിവാസികള്‍ക്കും ഭീഷണിയാണെന്നും ഉടന്‍ പൊളിച്ചുനീക്കണമെന്നും മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ ഉത്തരവിട്ടു.
തടയണ സംബന്ധിച്ച് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയുടെ ശുപാര്‍ശ അംഗീകരിച്ചാണ് കലക്ടറുടെ നടപടി. ഡാം പൊളിച്ച് അവശിഷ്ടങ്ങള്‍ പ്രദേശത്തുനിന്ന് നീക്കം ചെയ്യണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഉത്തരവ് വെറ്റിലപ്പാറ വില്ലേജ് ഓഫിസര്‍ മുഖേന നിലവിലെ ഭൂമിയുടെ ഉടമയായ അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന് കൈമാറി.
കാട്ടിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി, ഡാം നിലനില്‍ക്കുന്ന ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ഉള്‍പ്പടെയുള്ള സമീപത്തെ അഞ്ച് പഞ്ചായത്തുകള്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പ്രദേശമായതിനാല്‍ ഡാം സുരക്ഷിതമല്ല, ഡാം തകര്‍ന്നാല്‍ താഴെ താമസിക്കുന്ന ആദിവാസികളുടെ ജീവന് ഭീഷണിയുണ്ടാകും, ഡാം നിര്‍മാണത്തിന് പരിസ്ഥിതി വകുപ്പിന്റെ അനുമതിയും ലഭ്യമാക്കിയില്ല, പക്ഷികളുടെയും മറ്റു ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥക്ക് ഭീഷണിയാണ് തുടങ്ങി നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡാം പൊളിച്ചുമാറ്റാന്‍ കലക്ടര്‍ ഉത്തരവിട്ടത്. അനുമതിയില്ലാതെ നിര്‍മിച്ച ഡാം വിവാദമായതോടെ ജലസേചനം, പൊതുമരാമത്ത്, ജിയോളജി വകുപ്പുകളോടും പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ആര്‍.ഡി.ഒ നല്‍കിയ റിപ്പോര്‍ട്ടില്‍, ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്നും രണ്ടാഴ്ചക്കകം പൊളിച്ചുമാറ്റണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.
തടയണ നിര്‍മിക്കാന്‍ യാതൊരു അനുമതിയും വാങ്ങാതെയാണ് അന്‍വര്‍ തടയണ നിര്‍മിച്ചതെന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
രണ്ട് വര്‍ഷം മുന്‍പാണ് അന്‍വര്‍ അനധികൃതമായി തടയണ നിര്‍മിച്ചതായി പരാതി ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് രണ്ട് തവണ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുകയും പൊളിച്ചുമാറ്റണമെന്ന് ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു.
അതേസമയം, പി.വി അന്‍വറിന്റെ തൊഴില്‍ നിയമലംഘനങ്ങള്‍ക്കെതിരേ തൊഴില്‍ വകുപ്പ് അന്വേഷണം തുടങ്ങി. പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കാത്തത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് തൊഴില്‍ വകുപ്പ് അന്വേഷിക്കുന്നത്. പി.എഫ് ഓര്‍ഗനൈസേഷനും ഇ.എസ്.ഐ കോര്‍പ്പറേഷനും അന്വേഷണം നടത്തുന്നുണ്ട്. തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്തത് വിവാദമായതോടെ താമരശേരി ലേബര്‍ ഓഫിസില്‍ പി.വി അന്‍വറിന്റെ പാര്‍ക്ക് രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."