ലാവ്ലിന് കേസ് സുപ്രിംകോടതി മാറ്റിവച്ചു
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായ എസ്.എന്‍.സി ലാവ്ലിന് അഴിമതിക്കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു.
കേസില്‍ കുറ്റക്കാരാണെന്നു ഹൈക്കോടതി കണ്ടെത്തിയ കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരായ ആര്. ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. കേസ് പരിഗണിക്കുന്നത് നാലാഴ്ചത്തേക്കു കൂടി നീട്ടിവയ്ക്കണമെന്ന ഇവരുടെ ആവശ്യം ജസ്റ്റിസുമാരായ എന്‍.വി രമണയും അബ്ദുല്‍ നസീറും അടങ്ങുന്ന ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് കസ്തൂരി രംഗന് ആവശ്യപ്പെട്ടപ്പോള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഹരജി പരിഗണിക്കുന്നത് നീട്ടണമെന്നായിരുന്നു ശിവദാസന്റെ ആവശ്യം. കേസ് ഇനി എന്നു പരിഗണിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കിയിട്ടില്ല.
ആര്. ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹരജികളും പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്ത് സി.ബി.ഐ സമര്‍പ്പിച്ച ഹരജിയുമാണ് നിലവില്‍ ബെഞ്ച് മുന്‍പാകെയുള്ളത്. ഈ ഹരജികളെല്ലാം ഒരുമിച്ചാണ് പരിഗണിക്കുന്നത്. ക്രിസ്മസ്, പുതുവല്‍സര അവധി കഴിഞ്ഞ് 2018ലേ ഇനി ലാവ്ലിന് കേസ് പരിഗണിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."