അഴിമതിക്ക് ക്ലീന്‍ചിറ്റ്?
യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരേ രൂക്ഷമായ പ്രതിഷേധ സമരങ്ങള്‍ നടത്തുകയും സംശുദ്ധവും അഴിമതിരഹിതവും സ്വതന്ത്രമായ വിജിലന്‍സ് സംവിധാനവും വാഗ്ദാനം ചെയ്തുകൊണ്ടുള്ള പ്രകടനപത്രിക പുറത്തിറക്കിയും തെരഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തില്‍ വന്നവരാണ് ഇന്നത്തെ സര്‍ക്കാര്‍. ഇടതുപക്ഷം വന്നാല്‍ എല്ലാം ശരിയാകുമെന്ന് ജനം വിശ്വസിക്കുകയും ചെയ്തു. എന്നാല്‍, പിടിച്ചതിനേക്കാള്‍ വലുത് മാളത്തില്‍ എന്ന് പറഞ്ഞതുപോലെയാണിപ്പോഴത്തെ അവസ്ഥ. നേരത്തേ വിജിലന്‍സ് സ്വതന്ത്രമല്ല എന്നാക്ഷേപിച്ചവര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിജിലന്‍സ് എന്ന സംവിധാനത്തെ തന്നെ അപ്രസക്തമാക്കുന്ന കാഴ്ചയാണ് കണ്ടത്. ക്രമസമാധാന പാലന ചുമതലയുള്ള ഡി.ജി.പി ലോക്‌നാഥ് ബഹ്‌റക്ക് തന്നെ വിജിലന്‍സ് ഡയറക്ടറുടെ സ്ഥാനവും നല്‍കിയിരിക്കുന്നു. അതിനാല്‍തന്നെ പരാതികളൊന്നും ഇപ്പോള്‍ വിജിലന്‍സിന് ജനം നല്‍കാറുമില്ല.
അഖിലേന്ത്യാ റൂള്‍ അനുസരിച്ച് ആറു മാസത്തിലധികം ഒരേ റാങ്കിലുള്ള രണ്ട് തസ്തികകളുടെ ചുമതലക്കാരനാകാന്‍ ഒരാള്‍ക്ക് പറ്റില്ല. ബഹ്‌റ രണ്ട് സ്ഥാനവും വഹിക്കാന്‍ തുടങ്ങിയിട്ട് ആറു മാസം കഴിഞ്ഞു. പറ്റിയ ഒരാളെ കണ്ടുകിട്ടാത്തത് കൊണ്ടാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമിക്കാത്തതെന്ന സര്‍ക്കാര്‍ ഭാഷ്യം പരിഹാസ്യമാണ്. ആറ് ഡി.ജി.പിമാരാണ് സംസ്ഥാന സര്‍ക്കാരിന്റെ പൊലിസ് വകുപ്പില്‍ ഉള്ളത്. എന്നിട്ടും പറ്റിയ ഒരാളെ കണ്ട്കിട്ടാത്തത് അതിശയം തന്നെ.ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ജേക്കബ് തോമസിനെ തിരികെ വിളിച്ചു. സര്‍ക്കാരിന്റെ നല്ലൊരു തുടക്കമെന്ന് ജനവും കരുതി. നന്മ നിറഞ്ഞവര്‍ക്കൊപ്പമാണ് താന്‍ ചേര്‍ന്നിരിക്കുന്നതെന്ന് ജേക്കബ് തോമസ് തന്റെ സ്ഥാനലബ്ധിയില്‍ പ്രതികരിക്കുകയും ചെയ്തു.
അല്‍പം എടുത്ത് ചാട്ടവും മുന്‍വിധിയും മാധ്യമാഭിമുഖ്യവും ഉണ്ടെന്നതൊഴിച്ചാല്‍ അഴിമതിക്കെതിരെ മുഖം നോക്കാതെ പൊരുതുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എന്ന ഖ്യാതി ജേക്കബ് തോമസ് തന്റെ സര്‍വീസിനിടയില്‍ നേടിയിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് പോക്കറ്റില്‍ സെലോടാപ്പ് കരുതുകയും മാധ്യമങ്ങളെ കാണുമ്പോള്‍ അതെടുത്ത് കാണിച്ച് സംസാരിക്കുവാന്‍ അനുവാദമില്ലെന്ന് പറയുകയും ഇടതുമുന്നണി സര്‍ക്കാരിന്റെ തുടക്കത്തില്‍ പോക്കറ്റില്‍ മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും സൂക്ഷിച്ച് പത്രക്കാരെ കാണുമ്പോള്‍ അതെടുത്ത് പ്രദര്‍ശിപ്പിച്ച് അഴിമതിക്കെതിരെയുള്ള സിഗ്നലുകളാണെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്ന മാധ്യമാഭിമുഖ്യ പ്രവര്‍ത്തനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ നല്ലൊരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് ജേക്കബ് തോമസ്. എന്നാല്‍, അദ്ദേഹം വീണ്ടും വിജിലന്‍സ് ഡയറക്ടറായി സ്ഥാനമേറ്റെടുത്തതിന് ശേഷം ചാര്‍ജ് ചെയ്ത ഒരഴിമതികേസും പൂര്‍ണതയിലെത്തിക്കുവാന്‍ കഴിഞ്ഞില്ല. എടുത്ത കേസുകളിലാകട്ടെ വന്‍കിടക്കാരൊക്കെയും ഊരിപ്പോരുകയും ചെയ്തു. അതില്‍ അവസാനത്തേതാണ് ടോം ജോസിനെതിരേയുള്ള അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഒന്നുമില്ലെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ കോടതി അത് അപ്പടി സ്വീകരിക്കുമോ എന്നാണിനി അറിയേണ്ടത്.
സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നെന്ന ജേക്കബ് തോമസിന്റെ പ്രസംഗം വന്ന തൊട്ടടുത്ത ദിവസംതന്നെ ടോം ജോസിന് ക്ലീന്‍ചിറ്റ് നല്‍കി സര്‍ക്കാര്‍. വലിയ ആശ്വാസം തോന്നുന്നുവെന്ന് പറഞ്ഞ ജേക്കബ് തോമസ് ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴേക്കും അമ്പത്തിയൊന്ന് വെട്ട് വെട്ടിയില്ലെങ്കിലും അഴിമതിക്കെതിരെ പൊരുതുന്നവരെ ഈ സര്‍ക്കാര്‍ നിശബ്ദമാക്കുമെന്ന് തന്റെ സ്ഥാന ചലനത്തെ സൂചിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ അഴിമതി വിരുദ്ധാചരണ യോഗത്തില്‍ പറഞ്ഞത്. ടോം ജോസിനെതിരെയുള്ള അഴിമതിയാരോപണ കേസ് ത്വരിതപ്പെടുത്തിയത് ജേക്കബ് തോമസാണെങ്കിലും 2012ല്‍ തന്നെ ടോം ജോസിനെതിരെ വിജിലന്‍സില്‍ പരാതി ഉണ്ട്. ഇതന്വേഷിക്കാന്‍ തുടങ്ങിയപ്പോഴാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അവരുടെ സംഘടനാ സെക്രട്ടറി കൂടിയായ ടോം ജോസിന് അനുകൂലമായി മുഖ്യമന്ത്രിയെ കണ്ടത്. അതിന്റെ ഫലമായി ജേക്കബ് തോമസ് വിജിലന്‍സില്‍ നിന്ന് തെറിക്കുകയും ടോം ജോസിനെ കുറ്റവിമുക്തനാക്കുകയും ചെയ്തിരിക്കുന്നു. അഴിമതിക്കെതിരെ പൊരുതിയ ഇടത് മുന്നണി ഇവിടെ അഴിമതിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുകയാണ്. ഐ.എം.ജി ഡയറക്ടര്‍ സ്ഥാനത്തിരുന്ന് സര്‍ക്കാരിനെതിരെ പ്രസംഗിച്ചുവെന്ന കുറ്റം ചുമത്തി ജേക്കബ് തോമസിനോട് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് സര്‍ക്കാരിനെതിരെ കേസ് കൊടുത്ത മുന്‍ മന്ത്രി തോമസ് ചാണ്ടിയോട് ഒരു വിശദീകരണവും സര്‍ക്കാര്‍ ചോദിച്ചിരുന്നില്ല. ഉന്നതര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ അഴിമതിയാരോപണ പരാതി വിജിലന്‍സില്‍ നല്‍കും മുമ്പ് വിജിലന്‍സ് ഡയറക്ടറുടെ അനുമതി വാങ്ങണമെന്ന വിചിത്ര ഉത്തരവും ഈ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉന്നതര്‍ക്ക് ഒരു നിയമവും സാധാരണക്കാര്‍ക്ക് മറ്റൊരു നിയമവുമാണോ? വില്ലേജ് ഓഫിസര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 500 രൂപ കൈക്കൂലി വാങ്ങുന്നത് മാത്രമല്ല അഴിമതി, ഉന്നതരായ ഉദ്യോഗസ്ഥരും വ്യക്തികളും അനര്‍ഹമായ സ്വത്ത് സമ്പാദിക്കുന്നതും അഴിമതിയാണ്. ടോം ജോസിനെ കുറ്റവിമുക്തനാക്കുന്നതിലൂടെ അഴിമതിക്ക് ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നില്ലേ സര്‍ക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."