ആസന്നമരണാവസ്ഥയില്‍ രണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍
പണ്ട് കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിയിലുണ്ടായിരുന്ന രണ്ടു കക്ഷികളാണ് എന്‍.ഡി.പിയും എസ്.ആര്‍.പിയും. എന്‍.ഡി.പി (നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി) നായന്മാരുടേത്; എസ്.ആര്‍.പി (സോഷ്യലിസ്റ്റ് റിപബ്ലിക്കന്‍ പാര്‍ട്ടി) ഈഴവരുടേതും. ഇരുകൂട്ടര്‍ക്കും മന്ത്രിമാരുണ്ടായിരുന്നു.
പക്ഷേ, ഒന്നുരണ്ടു മന്ത്രിസഭാകാലം കഴിഞ്ഞതോടെ അവര്‍ക്കു മന്ത്രിമാരും എം.എല്‍.എമാരുമെന്നല്ല, പഞ്ചായത്തംഗങ്ങള്‍പോലും ഇല്ലാതായി. ക്രമേണ ആ പാര്‍ട്ടികളേ ഇല്ലാതായി. ഇപ്പോള്‍ ജനങ്ങളുടെ ഓര്‍മയില്‍ നിന്നുപോലും ആ കക്ഷികള്‍ മാഞ്ഞു. കോണ്‍ഗ്രസിലും ബി.ജെ.പിയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലും മറ്റും ചേക്കേറിയ നേതാക്കന്മാരിലും അനുയായികളിലും ഈ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുജ്ജന്മസ്മരണകളായി അവശേഷിക്കുന്നുണ്ടാവാം.
എന്‍.ഡി.പിയെയും എസ്.ആര്‍.പിയെയും ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം കേരളത്തിലെ രണ്ടു രാഷ്ട്രീയപ്പാര്‍ട്ടികള്‍ അടുത്തകാലത്ത് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന അസ്തിത്വപ്രതിസന്ധികളാണ്. എന്‍.സി.പിയും ജനതാദള്‍-യുവുമാണ് അവ. എന്‍.ഡി.പിയെയും എസ്.ആര്‍.പിയെയും പോലെ പ്രാദേശിക കക്ഷികളല്ല ഇതു രണ്ടും, സാമുദായപ്പാര്‍ട്ടികളുമല്ല. ദേശീയപ്പാര്‍ട്ടികളുടെ കേരളഘടകങ്ങളാണ് അതിജീവനത്തിനു വേണ്ടി പാടുപെടുന്ന ഇവ.
എന്‍.സി.പിയുടെ കാര്യമെടുക്കുക. ദേശീയതലത്തില്‍ അതിന്റെ ജീവാത്മാവും പരമാത്മാവും മഹാരാഷ്ട്രാരാഷ്ട്രീയത്തിലെ മഹാരഥനായ ശരത്പവാറാണ്. വൈ.ബി ചവാന്റെ തണലിലാണ് പവാര്‍ വളര്‍ന്നു വന്നതും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അത്യുന്നതപദവികളിലെത്തിയതും. ഒരു ഘട്ടത്തില്‍ പവാര്‍ പ്രധാനമന്ത്രിയായേക്കുമെന്നു പോലും പ്രതീക്ഷിച്ചവരുണ്ട്.
രാഷ്ട്രീയത്തില്‍ മാത്രമല്ല കായികരംഗത്തും അദ്ദേഹം അധീശത്വം നിലനിര്‍ത്തി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണനിയന്ത്രണത്തില്‍ പവാറിന്റെ റോള്‍ ചെറുതല്ലായിരുന്നു. പഞ്ചസാരഫാക്ടറികളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന മറാത്ത രാഷ്ട്രീയത്തിലും അവിടുത്തെ സഹകരണപ്രസ്ഥാനത്തിലും ആഴത്തില്‍ വേരൂന്നി നില്‍ക്കുന്ന പാരമ്പര്യമാണ് അദ്ദേഹത്തിന്റേത്. അതിന്റെ ബലത്തിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലനില്‍പ്പ്.
ബി.ജെ.പിയുടെ തള്ളിക്കയറ്റത്തില്‍ പിടി അല്‍പമൊന്നു പോയെങ്കിലും ഇനിയും ഒരുപാട് അങ്കങ്ങള്‍ക്കു ബാല്യമുണ്ടെന്ന പവാറിന്റെ ആത്മവിശ്വാസത്തിന് ഒട്ടും ക്ഷതമേറ്റിട്ടില്ല. അതിനുവേണ്ട കുശാഗ്രബുദ്ധിയും സൂത്രങ്ങളും സാമ്പത്തികശേഷിയും പവാറിനു വേണ്ടതിലധികമുണ്ട്. പവാറിന്റെ രാഷ്ട്രീയത്തിലപ്പുറം എന്‍.സി.പിക്കു മറ്റൊരു രാഷ്ട്രീയമില്ല. അതുകൊണ്ട് ആദര്‍ശപ്രതിസന്ധിയൊന്നും എന്‍.സി.പിയെ അലട്ടുന്നില്ല. എന്നിട്ടുമെന്തേ, എന്‍.സി.പി അതിജീവനത്തിനായി കിടന്നു പിടക്കേണ്ടിവരുന്നു.
എന്‍.സി.പിയുടെ ചരിത്രം
മുകളിലുന്നയിച്ച ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ എന്‍.സി.പിയുടെ രാഷ്ട്രീയചരിത്രത്തെപ്പറ്റി ചിലതു പറയാതിരിക്കാന്‍ വയ്യ. കേരളത്തില്‍ ആ പാര്‍ട്ടി എപ്പോഴും ഇടതുപക്ഷത്തോടൊപ്പമാണു നിന്നിട്ടുള്ളത്. സി.പി.എം മുന്നണിയില്‍നിന്നു ആന്റണി വിഭാഗം പിണങ്ങിപ്പിരിയുകയും പിന്നീട് കരുണാകരന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തപ്പോള്‍ അതിനോട് ഇടത്തടിച്ചുനിന്ന് ഇടതുപക്ഷ മുന്നണിയില്‍ തുടര്‍ന്നവരാണു പിന്നീട് എന്‍.സി.പിയായത്. കടന്നപ്പള്ളി രാമചന്ദ്രന്‍ പില്‍ക്കാലത്ത് ഒറിജിനല്‍ കോണ്‍ഗ്രസ്-എസ് പുനരുജ്ജീവിപ്പിച്ചുവെങ്കില്‍ ഭൂരിപക്ഷംപേരും എന്‍.സി.പിയില്‍ നിലയുറപ്പിച്ചു.
നിലനില്‍പ്പിന്റെ പെടാപ്പാടുകളില്‍ ഇടയ്ക്ക് കരുണാകര വിഭാഗത്തെ ഒപ്പം ചേര്‍ത്തും കെ. മുരളീധരനെ പ്രസിഡന്റാക്കിയും കാല്‍ക്കീഴിലെ ഇത്തിരി മണ്ണെങ്കിലും ഒലിച്ചുപോവാതിരിക്കാന്‍ ശ്രമിച്ചു. ആ കച്ചവടത്തില്‍ പാര്‍ട്ടിക്കു കാര്യമായുണ്ടായ നേട്ടം തോമസ്ചാണ്ടിയെന്ന പണച്ചാക്കിനെ കൈവശപ്പെടുത്താന്‍ കഴിഞ്ഞുവെന്നതാണ്. കെ. കരുണാകരന്റെ വിശ്വസ്തനായ തോമസ്ചാണ്ടി എന്‍.സി.പിക്കാരനായി.
അപ്പോഴും തൊള്ളായിരത്തിപതിനാറ് ഹാള്‍മാര്‍ക്കുള്ള ഇടതുപുരോഗമനപ്പാര്‍ട്ടിയായി കേരളത്തില്‍ എന്‍.സി.പി നിലനിന്നു. തണ്ണീര്‍ത്തടം നികത്തുന്നതും കായല്‍ കൈയേറുന്നതുമൊക്കെ ഇതിനിടയിലെ ചില പുറംകളികള്‍ മാത്രം. അതിന്റെ പേരില്‍ കാശുകാരനായ തോമസ്ചാണ്ടിയെ ഉപേക്ഷിക്കാനൊന്നും കടുത്ത സോഷ്യലിസ്റ്റ് ആദര്‍ശക്കാരനായ സംസ്ഥാനപ്രസിഡന്റ് ടി.പി പീതാംബരന്‍മാസ്റ്റര്‍ തയാറല്ല, ശരത്പവാറും പ്രഫുല്‍പട്ടേലും തീരെ തയാറല്ല.
ദേശീയരാഷ്ട്രീയത്തിലോ മഹാരാഷ്ട്രയിലോ എന്‍.സി.പിക്ക് അങ്ങനെയൊരു ഇടതുപക്ഷാഭിമുഖ്യമില്ല. എന്നു മാത്രമല്ല, കോര്‍പറേറ്റ് മുതലാളിമാരും വന്‍കിട കമ്പനികളും പഞ്ചസാരമില്ലുടമസ്ഥന്മാരും അടങ്ങുന്ന 'പൊളിറ്റിക്കല്‍ നെറ്റ്‌വര്‍ക്കി'ന്റെ കളിനടത്തിപ്പുകാരില്‍ ഒരാളാണു പവാര്‍. പവാറിന് അദ്ദേഹത്തിന്റെ താല്‍പര്യങ്ങളാണു വലുത്. അവയ്ക്കുവേണ്ടി കളിക്കളത്തിലിറങ്ങുമ്പോള്‍ ചിലപ്പോള്‍ കാവിരാഷ്ട്രീയത്തോടു ചായും, മറ്റു ചിലപ്പോള്‍ കോണ്‍ഗ്രസുമായി കൂട്ടുചേരും.
ഇത്തരം ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ തീര്‍ത്തും പ്രതിലോമപരമായ പല നിലപാടുകളും പവാര്‍ കൈക്കൊണ്ടിട്ടുണ്ട്. സോണിയാഗാന്ധി അധികാരരാഷ്ട്രീയത്തിലേയ്ക്കു കടന്നുവരുന്നതിനെ സങ്കുചിത ദേശീയവികാരം ഉദ്ദീപിപ്പിച്ച് എതിര്‍ത്തത് ഉദാഹരണമാണ്. അന്നു ശരത്പവാറും പി.എ സാംഗ്മയും കൈക്കൊണ്ട നിലപാട് പരോക്ഷമായി ബി.ജെ.പിയുടെ ഹിന്ദുത്വരാഷ്ട്രീയത്തിന് അനുകൂലമായ വികാര തരംഗം സൃഷ്ടിക്കുകയാണു ചെയ്തത്. സോണിയയുടെ വിദേശജന്മത്തെപ്പറ്റിയുള്ള വിമര്‍ശം കോണ്‍ഗ്രസിനു വലിയ പരുക്കായി.
പവാര്‍ അന്നു പക്ഷേ അതിന്റെ ആഴത്തിലുള്ള പ്രത്യാഘാതങ്ങളൊന്നും കണക്കു കൂട്ടിയിട്ടേ ഉണ്ടാവുകയില്ല. ഗോവയില്‍ ബി.ജെ.പിയെ പിന്തുണച്ചപ്പോഴും ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന്റെ വിജയത്തിനു വിരുദ്ധമായ നിലപാടെടുത്തപ്പോഴും എന്‍.സി.പിയുടെ പരിഗണന ഒന്നു മാത്രമായിരുന്നു- ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.
എന്‍.സി.പി ദേശീയനേതൃത്വത്തിന്റെ ഈ കാര്യലാഭരാഷ്ട്രീയത്തിനു തികച്ചും വഴങ്ങിക്കൊടുത്തുവെന്നതാണു കേരളത്തിലെ എന്‍.സി.പിയുടെ ആസന്നമരണാവസ്ഥയ്ക്കു പ്രധാന കാരണം. അങ്ങനെയാണ് സാത്വികനും ആദര്‍ശവാദിയുമായ ടി.പി പീതാംബരന്‍മാസ്റ്ററെപ്പോലുള്ള ഒരാള്‍ക്ക് കൈയേറ്റക്കാരനായ തോമസ്ചാണ്ടിക്കു വേണ്ടി വാദിക്കേണ്ടിവന്നത്. ഇന്ത്യയില്‍ ആകപ്പാടെയുള്ള ഒരേയൊരു മന്ത്രിസ്ഥാനം എങ്ങനെയെങ്കിലും നിലനിര്‍ത്തുക എന്നതിലേക്കു ചുരുങ്ങി പാര്‍ട്ടിയുടെ അജന്‍ഡ.
അത്തരം ചില 'നിലനിര്‍ത്തലുകള്‍' മാത്രമേ ദേശീയതലത്തിലും എന്‍.സി.പിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളായുള്ളൂ. അതിനെയാണ് സി.പി.ഐയും കേരളീയപൊതുബോധവും തോല്‍പ്പിച്ചുകളഞ്ഞത്. എന്‍.സി.പിയെയും തോമസ്ചാണ്ടിയുടെ സാമ്പത്തികസ്രോതസ്സുകളെയും ആവശ്യത്തിലേറെ പരിഗണിച്ച സി.പി.എമ്മിന് ഒടുവില്‍ വഴങ്ങേണ്ടിവന്നതു മൊത്തം പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ്.
പക്ഷേ, എന്‍.സി.പി ഇപ്പോഴും നഷ്ടപ്പെട്ട മന്ത്രിസ്ഥാനം തിരിച്ചുകിട്ടാന്‍ കാത്തിരിക്കുകയാണ്. കായല്‍ നികത്തി സ്വന്തമാക്കിയ തോമസ്ചാണ്ടിയോ ഫോണിലൊരു പെണ്ണ് കൊഞ്ചിപ്പറഞ്ഞപ്പോഴേക്കും ശൃംഗരിക്കാന്‍ നിന്ന എ.കെ ശശീന്ദ്രനോ- രണ്ടിലൊരാള്‍ മന്ത്രിയാവുന്നതെപ്പോള്‍ എന്നതാണു പാര്‍ട്ടിയുടെ മുമ്പാകെയുള്ള ഒരേയൊരു വിഷയം. രണ്ടിലാരു മന്ത്രിയായാലും അയാളെ ചുമന്നു നടക്കുന്നത് ഇടതുമുന്നണിക്കു ഭൂഷണമായിരിക്കില്ല.
രാഷ്ട്രീയ നൈതികത തീര്‍ത്തും നഷ്ടപ്പെട്ടുപോയ എന്‍.സി.പിക്ക് കേരളത്തില്‍ അധികകാലം നിലനില്‍പ്പുണ്ടാവുകയില്ല എന്നുതന്നെയാണ് അനുമാനിക്കേണ്ടത്. ദേശീയതലത്തില്‍ പവാറിന്റെ രാഷ്ട്രീയപ്രസക്തി നഷ്ടപ്പെട്ടു വരികയാണ്. ഓരോയിടത്ത് ഓരോ കൂട്ടരോടൊപ്പമെന്ന നയവുമായി എത്രകാലം പിടിച്ചുനില്‍ക്കാനാവും.
എന്‍.സി.പി കേരളത്തില്‍ ആസന്നമരണാവസ്ഥയിലാണെന്നര്‍ഥം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."