ലോഹ സങ്കരങ്ങള്‍
മൂലകങ്ങളില്‍ ഭൂരിഭാഗവും ലോഹങ്ങളാണ്. ലോഹങ്ങളുടെ കണ്ടുപിടിത്തത്തോടെ മാനവസംസ്‌കാരം പുതിയൊരു ലോകം തന്നെ കൈപ്പിടിയിലൊതുക്കി. ലോഹങ്ങളുടെ ആവിര്‍ഭാവം കാര്‍ഷിക മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിനും കാരണമായി. പാത്രം,കാര്‍ഷികോപകരണം,ആഭരണം, നാണയം തുടങ്ങിയ വൈവിധ്യരംഗങ്ങളില്‍ ലോഹങ്ങള്‍ സ്വാധീനമുറപ്പിച്ചു. ചെമ്പായിരുന്നു മനുഷ്യന്‍ കണ്ടെത്തി മെരുക്കിയെടുത്ത ആദ്യലോഹം.
സ്വര്‍ണം, വെള്ളി, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളും ക്രമേണ മനുഷ്യന്റെ സന്തത സഹചാരിയായി മാറി. ഒന്നിലധികം ലോഹങ്ങളുടെ ലഭ്യതയും അവയുടെ സ്വഭാവ സവിശേഷതകളും പഠന വിധേയമാക്കിയ പുരാതന മനുഷ്യര്‍ ഇന്നത്തെ സങ്കരയിനം ലോഹങ്ങളുടെ നിര്‍മാണ രഹസ്യങ്ങള്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പേ പഠിച്ചിരുന്നു.
വരുന്നു, ലോഹസങ്കരങ്ങള്‍
ഒന്നിലധികം ലോഹങ്ങള്‍ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്താണ് ലോഹസങ്കരങ്ങള്‍ നിര്‍മിക്കുന്നത്. ഇങ്ങനെ ചേര്‍ക്കുന്ന മൂലകങ്ങളില്‍ ഒന്നെങ്കിലും ലോഹമായിരിക്കണം. ലോഹ സങ്കരങ്ങളില്‍ ഘടക ലോഹത്തില്‍ നിന്നു പ്രകടമായ സ്വഭാവ സവിശേഷത കാണും. ഇരുമ്പ് തുരുമ്പിക്കുമെന്ന് നമുക്കറിയാം, എന്നാല്‍ ഇരുമ്പിന്റെ കൂടെ ക്രോമിയം, നിക്കല്‍, കാര്‍ബണ്‍ എന്നിവ ഉപയോഗപ്പെടുത്തി നിര്‍മിച്ച സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ തുരുമ്പിക്കാറില്ല. ഇതിന് കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ. സങ്കരയിനം ലോഹമാകുമ്പോള്‍ ഘടക ലോഹത്തിന്റെ സ്വാഭാവികമായ സവിശേഷതകള്‍ക്ക് മാറ്റം സംഭവിക്കും.
ഫലമോ മറ്റു ലോഹങ്ങളുടെ സ്വഭാവഗുണങ്ങള്‍ ആര്‍ജിക്കാന്‍ പ്രസ്തുത ലോഹങ്ങള്‍ നിര്‍ബന്ധിതരാകും. പുരാതന കാലത്തേ നമ്മുടെ നാട്ടില്‍ ലോഹസങ്കര വിദ്യക്ക് പ്രചാരമുണ്ടായിരുന്നു. ഇരുമ്പും കാര്‍ബണും ചേര്‍ത്ത് ഉരുക്ക്, കോപ്പറും സിങ്കും ചേര്‍ത്ത് പിച്ചള (ബ്രാസ്), കോപ്പറും ടിന്നും ചേര്‍ത്ത് ഓട് (ബ്രോണ്‍സ്) തുടങ്ങിയവ വര്‍ഷങ്ങള്‍ക്കു മുന്‍പേ നമ്മുടെ പൂര്‍വീകര്‍ നിര്‍മിച്ചിരുന്നു.
ഇരുമ്പ് ഒരു തുരുമ്പനല്ല
ഇരുമ്പ് തുരുമ്പിക്കുമെന്ന് കരുതി നമ്മള്‍ എന്തൊക്കെയോ മാര്‍ഗങ്ങളവലംബിക്കാറുണ്ട്. ഇരുമ്പിനു മുകളില്‍ പെയിന്റടിക്കുന്നതും, വായുവുമായുള്ള പ്രതി പ്രവര്‍ത്തന ക്ഷമത കുറഞ്ഞ വെള്ളി, ചെമ്പ് തുടങ്ങിയവ പൂശുന്നതും ഇതില്‍പ്പെട്ടതു തന്നെ. എന്താണ് ഇരുമ്പിന്റെ തുരുമ്പെന്നറിയാമോ? ഇരുമ്പിന്റെ വൈദ്യുത രാസപ്രവര്‍ത്തന ഫലമായാണ് തുരുമ്പിക്കുന്നത്. ഇങ്ങനെ തുരുമ്പിക്കണമെങ്കില്‍ ഇലക്ട്രോഡുകളും ഇലക്ട്രോ ലൈറ്റുകളും വേണം.
ഇവിടെ ഇരുമ്പും ഇരുമ്പിലടങ്ങിയിരിക്കുന്ന മാലിന്യവും ഇലക്ട്രോഡുകളായി പ്രവര്‍ത്തിക്കുമ്പോള്‍ വായുവിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, ഓക്‌സിജന്‍ എന്നിവ ഇലക്ട്രോ ലൈറ്റുകളായി വേഷമിടും. ഇലക്ട്രോണ്‍ കൈമാറ്റം വഴി ഇരുമ്പ് Fe2+ ആയി മാറുന്നു. പിന്നീട് ഇലക്ട്രോ ലൈറ്റിലെ OH അയോണുകളുമായി ചേര്‍ന്ന് ഇരുമ്പ് Fe(OH)2 ആയി മാറുന്നു. ഓക്‌സീകരണത്തിന് വിധേയമാകുന്നതോടുകൂടി ഹൈഡ്രേറ്റഡ് അയേണ്‍ 3+ ഓക്‌സൈഡായി (Fe2O3X3 H2O) മാറുമ്പോഴാണ് ഇരുമ്പ് തുരുമ്പായി മാറുന്നത്.
പല രഹസ്യങ്ങളും നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ ചുരുള്‍ നിവര്‍ത്തും. എന്നാല്‍ ചില രഹസ്യങ്ങളോ എന്നും അജ്ഞാതമായിരിക്കും. അത്തരത്തിലുള്ള നിരവധി ലോഹ സങ്കരരഹസ്യം ഇന്ത്യയിലുണ്ട്. അവയില്‍ ഒരു രഹസ്യത്തെ കുറിച്ചറിയാന്‍ തലസ്ഥാന നഗരിയിലേക്ക് തന്നെ പോകേണ്ടി വരും. ഡല്‍ഹിയിലെ മെഹറോളിയില്‍ പോയി ഖുത്തബ് മീനാര്‍ കണ്ടവര്‍ പലരുമുണ്ടാകും. എന്നാല്‍ ഇതിനു സമീപമുള്ള ഇരുമ്പ് തൂണുകണ്ട് വിസ്മയം കൂറിയവര്‍ അധികമുണ്ടാവില്ലെന്ന് പറയാം.
ഭൂനിരപ്പില്‍ നിന്ന് കേവലം 23.8 അടി മാത്രം ഉയരമുള്ള ഈ ലോഹത്തൂണിന് ഏകദേശം ആറ് ടണ്‍ ഭാരമുണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. വിവിധ കാലങ്ങളിലെ വ്യത്യസ്ത ഭാഷാലിഖിതങ്ങള്‍ രേഖപ്പെടുത്തിയ ഈ സ്തംഭത്തില്‍ ഏറ്റവും പഴക്കമുള്ളത് ക്രിസ്താബ്ദം 34 ശതകത്തിലേതെന്ന് കരുതുന്ന ചന്ദ്രരാജാവിന്റെ യുദ്ധവിജയ പ്രകീര്‍ത്തനങ്ങളാണ്.
സ്തംഭത്തിന്റെ സ്ഥാപനകാലഗണനയെക്കുറിച്ചും ചന്ദ്ര രാജാവ് ആരാണെന്നതിനെക്കുറിച്ചും ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഏറെയുണ്ട്. ക്രിസ്താബ്ദം മൂന്ന് നാല് നൂറ്റാണ്ടുകളില്‍ ഗുപ്ത സാമ്രാജ്യം ഭരിച്ചിരുന്ന വിക്രമാദിത്യന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചന്ദ്രഗുപത് രാജാവാണെന്നും അതല്ലെന്നും വാദങ്ങളുണ്ട്.
അതല്ല ഈ തൂണിന്റെ നിര്‍മാണ രഹസ്യമാണ് വിഷയം. ലോകത്തിന്റെ പല ഭാഗത്തും ഇത്തരം സ്തംഭങ്ങള്‍ തുരുമ്പേല്‍ക്കാത്തതായി ഉണ്ട്. ഇന്നുവരെ ഈ തൂണ് ഏതു ലോഹസങ്കരം കൊണ്ടാണ് നിര്‍മിക്കപ്പെട്ടതെന്ന് ആര്‍ക്കുമറിയില്ല. വര്‍ഷങ്ങളായി മഴയും വെയിലുമേറ്റിട്ടും തൂണില്‍ ഒരു തരി തുരുമ്പ് വന്നിട്ടില്ല. ശുദ്ധമായ പച്ചിരുമ്പ് കൊണ്ടാണ് ഈ സ്തംഭം നിര്‍മിച്ചിരിക്കുന്നതെന്ന് ഡോ.പേര്‍സി, ഡോ. മുരാരെ തോംസണ്‍ തുടങ്ങിയ ഗവേഷകര്‍ പറയുന്നു.
മാത്രമല്ല ഇരുമ്പിന്റെ നേര്‍ത്ത കഷ്ണങ്ങള്‍ വിദഗ്ധമായി ചേര്‍ത്ത് പിടിപ്പിച്ചാണ് ഈ തൂണ്‍ നിര്‍മിച്ചതെന്നും വാദമുണ്ട്.
അങ്ങനെയെങ്കില്‍ ഏതുവിധത്തിലായിരിക്കും ആ ഇരുമ്പ് ഖനനം ചെയ്തിട്ടുണ്ടാകുക? ഇത്രനാളും അവ തുരുമ്പിക്കാതിരിക്കുന്നതിന് പിന്നില്‍ എത്ര മുന്‍കരുതലാണ് അവരെടുത്തിട്ടുണ്ടാകുക. ഇന്നും ആ രഹസ്യം അജ്ഞാതം.
പഞ്ചലോഹം
പഞ്ചലോഹ വിഗ്രഹമോഷണം ഇന്നും മോഷ്ടാക്കളുടെ ഇഷ്ട വിഷയം തന്നെയാണ്. എന്താണ് പഞ്ചലോഹക്കൂട്ടിന് പിന്നിലെന്നറിയാമോ? പേരുപോലെ അഞ്ച് ലോഹങ്ങളുപയോഗിച്ചാണ് പഞ്ച ലോഹം നിര്‍മിച്ചിരിക്കുന്നത്. ഇരുമ്പ്,ടിന്‍,കോപ്പര്‍(ചെമ്പ്),സ്വര്‍ണം, വെള്ളി എന്നിവയാണവ. പുരാതന കാലം ഭാരതത്തില്‍ പഞ്ചലോഹക്കൂട്ടുണ്ടായിരുന്നു. ഈ സൂത്രവിദ്യ ഭാരതീയ ശില്‍പ്പവിദ്യയില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
അല്‍നിക്കോ
ഇരുമ്പ്,നിക്കല്‍, അലൂമിനിയം,കൊബാള്‍ട്ട് എന്നിവ അടങ്ങുന്ന ലോഹ സങ്കരമാണ് അല്‍നിക്കോ. കാന്തിക സ്വഭാവം പ്രകടിപ്പിക്കുന്നു എന്നതാണ് ഈ ലോഹസങ്കരത്തിന്റെ സവിശേഷത. സ്ഥിരകാന്തങ്ങള്‍ നിര്‍മിക്കാന്‍ ഇവയാണ് ഉപയോഗിക്കുന്നത്. കാന്തിക സ്വഭാവങ്ങള്‍ നഷ്ടപ്പെടുന്നത് തടയാനുള്ള കഴിവാണ് കൊയേഴ്‌സിവിറ്റി.
പ്രസ്തുത കഴിവ് അല്‍നിക്കോ ലോഹ സങ്കരത്തിന് കൂടുതലാണ്. ഇത് അളക്കാനായി മാഗ്നോ മീറ്റര്‍ ഉപയോഗിക്കുന്നു. ഉയര്‍ന്ന കൊയേഴ്‌സിവിറ്റി കൊണ്ട് സ്ഥിരകാന്തങ്ങളും താഴ്ന്ന കൊയേഴ്‌സിവിറ്റി കൊണ്ട് മൈക്രോവേവ് ഉപകരണങ്ങളും ട്രാന്‍സ്‌ഫോര്‍മറും നിര്‍മിക്കാനുപയോഗിക്കുന്നു.
മഗ്നേലിയം
വിമാനങ്ങളടങ്ങുന്ന വാഹനങ്ങളുടെ ഘടകഭാഗങ്ങള്‍ കപ്പലിന്റെ അടിഭാഗം എന്നിവ നിര്‍മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരമാണിത്. അലൂമിനിയം, മഗ്നീഷ്യവുമായി കൂട്ടിച്ചേര്‍ത്താണ് ഈ ലോഹം നിര്‍മിക്കുന്നത്. ചെമ്പ്,നിക്കല്‍,ടിന്‍ എന്നിവ വളരെ ചെറിയ അളവിലും കാണപ്പെടുന്നു.
അലൂസിങ്ക്
അലൂമിനിയം,സിങ്ക്,സിലിക്കോണ്‍ എന്നീ ലോഹങ്ങളുടെ മിശ്രിതമാണ് അലൂസിങ്ക്. സിങ്ക് അലൂം എന്ന പേരിലും അറിയപ്പെടുന്നു. മേല്‍ക്കുര,ഗ്യാരേജ് ഡോര്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുന്നു.
എം.കെ.എം ഉരുക്ക്
അല്‍നിക്കോ പോലുള്ള ശക്തമായ കാന്തിക ശക്തിയുള്ളതാണ് എം.കെ.എം ഉരുക്ക്. നിക്കലും അലൂമിനിയവുമാണ് ഇതിലെ കൂട്ട്. ജപ്പാന്‍ കാരനായ തോക്കുഹിചി മിഷിമയാണ് ഈ സങ്കരയിനം ലോഹം കണ്ടെത്തിയത്. മിഷിമയുടെ ബാല്യകാല ഗൃഹത്തിന്റെ പേരിനോടൊപ്പം മാഗ്നറ്റിക് എന്ന് കൂടിച്ചേര്‍ത്താണ് എം.കെ.എം ഉരുക്ക് എന്ന പേരിട്ടത്. ഇലക്ട്രോണിക്‌സ്,വ്യോമയാനം, വാഹന നിര്‍മാണം, തുടങ്ങിയ രംഗങ്ങളില്‍ ഈ ഉരുക്ക് ഉപയോഗിക്കുന്നു.
ഇന്‍വാര്‍
ഇരുമ്പിന്റേയും നിക്കലിന്റേയുംസങ്കരയിനം ലോഹമാണ് ഇന്‍വാര്‍. പെന്‍ഡുലം, അളവ് ഉപകരണങ്ങള്‍, മോട്ടോറിന്റെ വാല്‍വ്, ലാന്‍ഡ് സര്‍വേയിങ്ങിലുപയോഗിക്കുന്ന ആന്റി മാഗ്നറ്റിക് വാച്ചുകള്‍ എന്നിവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു.
സിലുമിന്‍
അലൂമിനിയത്തിന്റേയും സിലിക്കണിന്റേയും ലോഹ സങ്കരമാണ് സിലുമിന്‍. എന്‍ജിന്‍ ഭാഗങ്ങള്‍ നിര്‍മിക്കാന്‍ ഇവ ഉപയോഗപ്പെടുത്തുന്നു.
ലോഹ സങ്കരങ്ങളുടെ നേട്ടങ്ങള്‍
- ഘടക ലോഹത്തേക്കാള്‍ കാഠിന്യം കാണിക്കുന്നു.
- ലോഹ നാശത്തെ തടയുന്നു.
- ദ്രവണാങ്കം ഘടക ലോഹത്തേക്കാള്‍ കുറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."