സിറിയയിലെ റഷ്യന്‍ സൈനികരോട് പുടിന്‍- യുദ്ധം അവസാനിച്ചു; ഇനി നാട്ടിലേക്ക് മടങ്ങാം
ദമസ്‌കസ്: സിറിയയില്‍ ഐ.എസ് വിരുദ്ധ പോരാട്ടത്തിലുണ്ടായിരുന്ന റഷ്യന്‍ സൈനികരോട് നാട്ടിലേക്ക് തിരിച്ചെത്താന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ നിര്‍ദേശിച്ചു. ദൗത്യം പൂര്‍ത്തിയായെന്നു കാണിച്ചാണ് സൈനികരോട് ഘട്ടംഘട്ടമായി പിന്മാറാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഐ.എസ് വിരുദ്ധ സൈനിക നടപടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താനായി പുടിന്‍ ഇന്നലെ ദമസ്‌കസിലെത്തി സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദുമായി കൂടിക്കാഴ്ച നടത്തി.
ആഭ്യന്തര യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് പുടിന്‍ സിറിയയിലെത്തുന്നത്. ദമസ്‌കസിലെത്തിയ അദ്ദേഹം ഹുമൈമിന്‍ സൈനിക താവളത്തിലുള്ള റഷ്യന്‍ സൈനികരെ അഭിസംബോധന ചെയ്തു. സൈന്യത്തിന്റെ സിറിയന്‍ ദൗത്യം പൂര്‍ത്തിയായതായി കഴിഞ്ഞ ദിവസം റഷ്യന്‍ സൈനിക വക്താവ് അറിയിച്ചിരുന്നു. സിറിയയില്‍നിന്ന് ഐ.എസിനെ പൂര്‍ണമായി തുരത്തിയതായും സൈന്യം അവകാശപ്പെട്ടു. രാജ്യത്ത് ഐ.എസിന്റെ പരാജയം പൂര്‍ണമായതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഐ.എസ് സ്വാധീനം ശക്തമായ സിറിയയില്‍ 2015 സെപ്റ്റംബറിലാണ് റഷ്യന്‍ സൈന്യം നടപടി ആരംഭിച്ചത്. സിറിയന്‍ സര്‍ക്കാരുമായുള്ള സൈനിക സഹകരണ കരാറിന്റെ ഭാഗമായായിരുന്നു ഇടപെടല്‍. റഖാ അടക്കമുള്ള ഐ.എസ് ശക്തികേന്ദ്രങ്ങള്‍ റഷ്യയുടെ സഹായത്തോടെയാണ് സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചത്.
പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി എന്നിവരുമായും പുടിന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."