അന്താരാഷ്ട്ര വികാരത്തോടൊപ്പം: യൂറോപ്യന്‍ യൂനിയന്‍
ബ്രസല്‍സ്: കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹു നടത്തിയ അസാധാരണ യൂറോപ്യന്‍ സന്ദര്‍ശനവും ഫലം കണ്ടില്ല. ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടിയെ പിന്തുണക്കില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍(ഇ.യു) വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്തുണ തേടി നെതന്യാഹു ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ യൂറോപ്യന്‍ യൂനിയന്‍ ആസ്ഥാനത്ത് നേരിട്ടെത്തിയിരുന്നു. 20 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബ്രസല്‍സിലെത്തുന്നത്.
ഇ.യു വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു മുന്നോടിയായാണ് നെതന്യാഹു ഇവിടെയെത്തിയത്. മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇ.യു രാഷ്ട്രങ്ങള്‍ ട്രംപിന്റെ നടപടിയെ പിന്തുടരണമെന്നും എംബസി കാര്യാലയങ്ങള്‍ ജറൂസലമിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഒരാള്‍ പോലും നെതന്യാഹുവിന്റെ ആവശ്യത്തെ പിന്താങ്ങിയില്ല. വിഷയത്തില്‍ ഇ.യു നിലപാടില്‍ മാറ്റമില്ലെന്ന് സംഘടനയുടെ വിദേശനയകാര്യ മേധാവി ഫെഡെറിക്ക മൊഗെരിനി വ്യക്തമാക്കി.
ജറൂസലം വിഷയത്തില്‍ അന്താരാഷ്ട്ര പൊതുസമ്മതിയെ ഇ.യു പിന്തുണക്കും. ജറൂസലമിനെ ഫലസ്തീന്റെയും ഇസ്‌റാഈലിന്റെയും തലസ്ഥാനമായുള്ള ഒരു ദ്വിരാഷ്ട്ര പരിഹാരത്തിനു മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിനു യാഥാര്‍ഥ്യബോധത്തോടെയുള്ള പരിഹാരം കണ്ടെത്താനാകൂവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതോടൊപ്പം ലോകത്തെവിടെയും ജൂതസമൂഹത്തിനെതിരേയുള്ള ആക്രമണങ്ങളെ അപലപിക്കുകയും ചെയ്യുന്നു-മൊഗെരിനി വ്യക്തമാക്കി.
ബ്രസല്‍സിലെത്തിയ ശേഷവും നെതന്യാഹു ട്രംപിന്റെ പ്രഖ്യാപനത്തിനു നന്ദി അറിയിച്ചു. ജറൂസലം 3,000 വര്‍ഷമായി ജൂതസമൂഹത്തിന്റെ തലസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും ട്രംപിന്റെ തീരുമാനത്തെ പിന്തുടര്‍ന്ന് തങ്ങളുടെ എംബസികള്‍ തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റുകയും രാജ്യത്തിന്റെ സമാധാന, ക്ഷേമ, സുരക്ഷാകാര്യങ്ങളില്‍ സഹകരിക്കുകയും ചെയ്യുമെന്നാണു പ്രതീക്ഷയെന്നും നെതന്യാഹു അറിയിച്ചു.
ബെല്‍ജിയത്തിലേക്കു തിരിക്കുന്നതിനു മുന്‍പ് ഫ്രാന്‍സില്‍ ഇറങ്ങിയ നെതന്യാഹു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പിന്തുണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇസ്‌റാഈലും ഫലസ്തീനും പരസ്പരം ചര്‍ച്ച ചെയ്തു മാത്രമേ വിഷയത്തില്‍ പരിഹാരം കാണാനാകൂവെന്ന് മാക്രോണ്‍ വ്യക്തമാക്കി. ഇ.യുവിലെ ഇസ്‌റാഈലിന്റെ ഏറ്റവും അടുപ്പമുള്ള രാജ്യമായ ചെക്ക് റിപബ്ലിക്കും പുതിയ നീക്കത്തിനെതിരേ വിമര്‍ശനം ഉന്നയിച്ചു. തങ്ങളുടെ എംബസി ജറൂസലമിലേക്കു മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് നേരത്തെ ചെക്ക് അറിയിച്ചിരുന്നു.
അതിനിടെ, ബെര്‍ലിനില്‍ നടന്ന പ്രതിഷേധത്തിനിടെ ഇസ്‌റാഈല്‍ പതാക കത്തിച്ച നടപടിയെ ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍ അപലപിച്ചു. എല്ലാവിധ സെമിറ്റിക്ക് വിരോധത്തെയും രാജ്യം എതിര്‍ക്കുന്നുവെന്ന് മെര്‍ക്കല്‍ പറഞ്ഞു. പതിനായിരങ്ങളാണ് ബെര്‍ലിനില്‍ ട്രംപിന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് ഒത്തുകൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."