ആളിയാറില്‍ നിന്നും കൂടുതല്‍ വെള്ളം വേണമെന്ന് കേരളം
കോട്ടായി: മഴ ലഭിക്കാതായതോടെ ഒന്നാം വിള കൃഷി ആവശ്യങ്ങള്‍ക്കായി ആളിയാറില്‍ നിന്ന് കേരളം കൂടുതല്‍ വെള്ളം ആവശ്യപ്പെട്ടു. ഈ മാസം 15 വരെ 250 ദശലക്ഷം ഘനഅടി വെള്ളമാണ് കേരളം ആവശ്യപ്പെട്ടത്.
ആളിയാര്‍ ഡാമില്‍ വെള്ളം കുറവായതിനാല്‍ ചോദിച്ച അളവില്‍ ജലം ലഭിക്കാന്‍ സാധ്യതയില്ലെങ്കിലും സെക്കന്‍ഡില്‍ 150 ഘനഅടി തോതില്‍ വെള്ളം തുറന്നുവിടാമെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. 3.8 ടി.എം.സി സംഭരണശേഷിയുള്ള ആളിയാറില്‍ 0.9 ടി.എം.സിയാണു നിലവിലെ ജലനിരപ്പ്.
പറമ്പിക്കുളം സിസ്റ്റം അണക്കെട്ടുകളിലും ജലനിരപ്പ് കുറവാണ്. മഴ കുറഞ്ഞതോടെ ചിറ്റൂര്‍പ്പുഴ പദ്ധതി പ്രദേശത്ത് കൃഷിക്കാവശ്യമായ വെള്ളത്തിനു ക്ഷാമം നേരിട്ടുതുടങ്ങിയതോടെ ആളിയാറില്‍ നിന്ന് അധികജലം ലഭ്യമാക്കണമെന്ന് ജല വിഭവ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാടും കൃഷി ആവശ്യത്തിനായി ആളിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നുണ്ട്. ഈ മാസം 15 വരെ വെള്ളം ലഭിക്കാന്‍ ബുദ്ധിമുട്ടില്ലെങ്കിലും മഴ ലഭിച്ചില്ലെങ്കില്‍ അടുത്ത ദ്വൈവാരത്തില്‍ ജലവിതരണം പ്രതിസന്ധിയിലാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.
പറമ്പിക്കുളം, ആളിയാര്‍ ഡാം മേഖലകളില്‍ മഴ തീരെയില്ലാത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതേ അവസ്ഥ തുടര്‍ന്നാല്‍ സെപ്റ്റംബര്‍ ഒന്നിന് കേരള ഷോളയാര്‍ ഡാം നിറ ക്കണമെന്ന കരാര്‍ വ്യവസ്ഥയും പാലിക്കാനാകില്ല.
കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് ഫെബ്രുവരിയും കരാര്‍ പാലിച്ചിരുന്നില്ല. ഫെബ്രുവരിക്കുശേഷം ഇതുവരെയായി കേരള ഷോളയാര്‍ ഡാം നിറക്കാനായിട്ടില്ലെന്നതും സംസ്ഥാനത്തെ സാരമായി ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."