HOME
DETAILS
MAL
ചീങ്കണ്ണിപ്പാല തടയണയുടെ ഉടമസ്ഥന്‍ താനല്ലെന്ന് പി.വി അന്‍വര്‍
backup
December 12 2017 | 10:12 AM
മലപ്പുറം: ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണ തന്റേതല്ലെന്നും പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് താന്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും പി.വി അന്‍വര്‍ എം. എല്‍. എ. നിയമം നിയമത്തിന്റെ വഴിക്ക് പോകും. തടയണ നില്‍ക്കുന്ന സ്ഥലം തന്റേതല്ല. അതിന്റെ ഉടമസ്ഥരാണ് അഭിപ്രായം പറയേണ്ടത്. മുമ്പ് ഉണ്ടായിരുന്നോ എന്നല്ല, ഇപ്പോള്‍ അതിന്റെ ഉടമ താനല്ലെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തടയണ സംബന്ധിച്ച് ഉടമക്ക് ഉപദേശങ്ങള്‍ നല്‍കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉപദേശം നല്‍കിക്കൊണ്ടിരിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് നിര്‍മിച്ച തടയണ വിവാദമായതോടെ അന്‍വര്‍ തന്റെ ഭാര്യാപിതാവിന്റെ പേരിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനുശേഷമാണ് ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ടനുസരിച്ച് ജില്ലാ കലക്ടര്‍ പൊളിക്കാന്‍ ഉത്തരവ് നല്‍കിയത്. പി.വി അന്‍വര്‍ എം.എല്‍.എ ചീങ്കണ്ണിപ്പാലിയില്‍ അനധികൃതമായി നിര്‍മിച്ച തടയണ രണ്ടാഴ്ചക്കകം പൊളിച്ചുമാറ്റണമെന്ന് കഴിഞ്ഞ ദിവസമാണ് കലക്ടര്‍ അമിത് മീണ ഉത്തരവിട്ടത്. രണ്ടാഴ്ച്ചക്കുള്ളില്‍ തടയണ പൊളിച്ചുമാറ്റിയിട്ടില്ലെങ്കില് സര്‍ക്കാര്‍ പൊളിച്ചുമാറ്റും. പൊളിച്ചുമാറ്റിയ അവശിഷ്ടങ്ങള്‍ സ്ഥലത്തുനിന്നു നീക്കം ചെയ്യണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ചെറുകിട ജലസേചന വകുപ്പിനായിരിക്കും ചുമതല. ഇതിന്റെ ചെലവ് സ്ഥലമുടമയില്‍ നിന്ന് ഈടാക്കും. കാട്ടരുവിയുടെ ഒഴുക്ക് തടസപെടുത്തിയാണ് തടയണ നിര്‍മിച്ചതെന്നും ഉരുള്‍പൊട്ടലിനും മണ്ണൊലിപ്പിനും സാധ്യതയുള്ള മേഖലയായതിനാല്‍ തകരാനുള്ള സാധ്യതയുണ്ടെന്നും ഇത് വന്‍ ദുരന്തത്തിനും താഴെ താമസിക്കുന്ന ആദിവാസികളുടെ ജീവന് ഭീഷണിയാണെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."