സോഷ്യലിസത്തിന്റെ ദുര്‍വിധി
എന്‍.സി.പി നേരിടുന്ന ആസന്നമരണാവസ്ഥ തന്നെയാണു വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ജനതാദള്‍ (യു)വിനുമുള്ളത്. എന്‍.സി.പി ഇടതുമുന്നണിയിലാണെങ്കില്‍ ജനതാദള്‍(യു)യു.ഡി.എഫിലാണെന്നേയുള്ളൂ. ഇടതുമുന്നണിയുമായുണ്ടായ അസ്വാരസ്യങ്ങളാണു വീരേന്ദ്രകുമാറിനെയും കൂട്ടരെയും യു.ഡി.എഫിലെത്തിച്ചത്.
ഒരുകാലത്ത് കേരളത്തില്‍ നല്ല ജനസ്വാധീനമുണ്ടായിരുന്ന സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് എം.പി വീരേന്ദ്രകുമാറിനെപ്പോലെ പ്രതിഭയുള്ള നേതാവിന്റെ കീഴില്‍ നവോന്മേഷമുണ്ടാവുമെന്നു പലരും കരുതിയിരുന്നു. കാരണം, വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തില്‍ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തില്‍ത്തന്നെ എടുത്തുപറയേണ്ട കരുത്തനായ നേതാവാണ്. എഴുത്തുകാരനും പ്രഭാഷകനുമാണ്. കേന്ദ്രമന്ത്രിയായി കഴിവു തെളിയിച്ച വ്യക്തിയാണ്. സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിന്റെ പിന്മുറക്കാരനാണ്.
എന്നിട്ടും എന്തുകൊണ്ട് അദ്ദേഹത്തിനു കീഴില്‍ കേരളത്തിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയം ഉപ്പുവച്ച കലം പോലെ ആയിപ്പോയി. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്കും ഒരേയൊരു അജന്‍ഡ മാത്രമേയുള്ളൂവെന്നതാണു ജനതാദള്‍ രാഷ്ട്രീയത്തിനു കേരളത്തിലുണ്ടായ ദയനീയാവസ്ഥയ്ക്കു കാരണം. വീരേന്ദ്രകുമാറിന്റെ എം.പി സ്ഥാനം എങ്ങനെയെങ്കിലും നിലനിര്‍ത്തണമെന്ന ലക്ഷ്യം മാത്രമേ പാര്‍ട്ടിക്കുള്ളൂ. അതു സാധിച്ചു കഴിഞ്ഞാല്‍ മകന്‍ ശ്രേയാംസ്‌കുമാറിനെയും എവിടെയെങ്കിലുമൊരിടത്തു കുടിയിരുത്താന്‍ അച്ഛനു താല്‍പര്യമുണ്ടാവും.
തീര്‍ന്നു, സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ദൗത്യം! അതിനുവേണ്ടി ജനതാദള്‍(യു) നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങളാണു കേരളത്തില്‍ ഇന്നു കാണുന്ന മറ്റൊരു അപഹാസ്യമായ കാഴ്ച. ഡോ. റാം മനോഹര്‍ ലോഹ്യയുടെ അനുയായികളാണ് ഈ കളികളെല്ലാം കളിക്കുന്നതെന്നതാണു കാഴ്ചയുടെ മറുവശം. എല്‍.ഡി.എഫിനോടു കലഹിച്ചു വീരേന്ദ്രകുമാറിന്റെ കീഴിലുള്ള സോഷ്യലിസ്റ്റുകാര്‍ യു.ഡി.എഫിലെത്തിയത് ഏതെങ്കിലും ആദര്‍ശത്തിന്റെയോ ആശയത്തിന്റെയോ പേരിലായിരുന്നില്ല. സ്ഥാനമാനങ്ങള്‍ തന്നെയായിരുന്നു പ്രശ്‌നം.
അത്തരം പ്രശ്‌നങ്ങള്‍ യു.ഡി.എഫിലുണ്ടായപ്പോള്‍ അവര്‍ കണ്ടെത്തിയ പരിഹാരമാര്‍ഗമാണു വീരേന്ദ്രകുമാറിനെ എം.പിയാക്കി വായടപ്പിക്കുക എന്നത്. സംഗതി നടന്നു.
പാര്‍ട്ടിക്ക് ഇത്തിരി ദേശീയസ്വഭാവമുണ്ടാവട്ടെയെന്നു കരുതി നിതീഷ്‌കുമാറിന്റെ ജനതാദളില്‍ ലയിക്കാന്‍ വീരേന്ദ്രകുമാറും കൂട്ടരും തീരുമാനിച്ചതിനു പിന്നില്‍ സദുദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ എന്നുവയ്ക്കാം. പക്ഷേ, നിതീഷ്‌കുമാര്‍ പണി പറ്റിച്ചു. അദ്ദേഹം എന്‍.ഡി.എയുടെ ഭാഗമായപ്പോള്‍ ഏറ്റവുമധികം വിഷമത്തിലായത് ജനതാദള്‍(യു)വിന്റെ കേരള ഘടകമാണ്.
ഹൈന്ദവരാഷ്ട്രീയത്തോടൊപ്പം നില്‍ക്കാന്‍ കേരളീയ സാഹചര്യത്തില്‍ പാര്‍ട്ടിക്കു സാധിക്കില്ല. വേറിട്ടു പോന്നാല്‍ ഉള്ള എം.പി സ്ഥാനം രാജിവയ്‌ക്കേണ്ടിവരും. ആദര്‍ശത്തിന്റെ മുഖം നഷ്ടപ്പെടാതെ എങ്ങനെ എം.പി സ്ഥാനം നിലനിര്‍ത്തുമെന്ന ജീവന്മരണപ്രശ്‌നമാണു പാര്‍ട്ടി അഭിമുഖീകരിക്കുന്നത്. രാജിവച്ചു പ്രതിച്ഛായ നിലനിര്‍ത്തിയാല്‍ വീണ്ടും നടക്കുന്ന തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാറിനെ ജയിപ്പിച്ച് എം.പിയാക്കാനുള്ള അംഗബലം യു.ഡി.എഫിനില്ല. ശരത്‌യാദവിന്റെ പാര്‍ട്ടിയില്‍ തുടര്‍ന്നും നിലകൊണ്ട് ആദര്‍ശധീരനായി വിലസാമെന്ന ഓപ്ഷന്‍ അതിനാല്‍ വീരേന്ദ്രകുമാറിന് സ്വാഭാവികമായും സ്വീകാര്യമാവാനിടയില്ല.
രണ്ടാമത്തെ വഴി ,വേറിട്ടു പോന്ന് സ്വന്തം പാര്‍ട്ടി രൂപീകരിച്ച് ഇടതുമുന്നണിയില്‍ ചേക്കേറുകയാണ്. ഇടതുമുന്നണി അതിനുവേണ്ടി വലവിരിച്ചു കാത്തിരിക്കുകയും ചെയ്യുന്നു. പാര്‍ട്ടി നേതാവിന്റെ എം.പി സ്ഥാനം നിലനിര്‍ത്തുന്നതിനു വേണ്ടി ഏതു വഴി സ്വീകരിക്കണമെന്നാണ് ജനതാദള്‍(യു)വിന്റെ കേരളഘടകം തലപുകഞ്ഞാലോചിക്കുന്നത്. ഒരുപക്ഷേ വീരേന്ദ്രകുമാറിന്റെ എം.പി സ്ഥാനം നിലനിര്‍ത്തുകയെന്നതു പാര്‍ട്ടിയിലെ മറ്റുള്ളവര്‍ക്ക് അത്ര വലിയ പ്രശ്‌നമാവണമെന്നില്ലെങ്കിലും അതിജീവനം അവര്‍ക്കും വിഷയം തന്നെ.
എന്‍.സി.പിയെ സംബന്ധിച്ചിടത്തോളം മന്ത്രിസ്ഥാനം എപ്രകാരം ജീവന്മരണപ്രശ്‌നമായോ അതുപോലെ തന്നെ ജനതാദള്‍(യു)വിന്റെ ജീവന്മരണപ്രശ്‌നമാണു വീരേന്ദ്രകുമാറിന്റെ എം.പി സ്ഥാനം. 'സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു' മാത്രമല്ല 'ചൊല്ലി വിലപിച്ചും' നാണംകെട്ടു നടക്കുകയാണ് ഒരുപാടുപേര്‍ എന്നു ചുരുക്കം.
നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍, അവയുടെ അടിസ്ഥാനപ്രമാണങ്ങളില്‍നിന്ന് അകന്നുപോവുകയും അധികാരത്തിലെത്താന്‍ ഏതുകുറുക്കുവഴിയും സ്വീകരിക്കാമെന്നു തീരുമാനിക്കുകയും ചെയ്തതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ് ഇന്ന് എന്‍.സി.പിയിലും ജനതാദള്‍(യു)വിലും കാണുന്നത്. സ്വന്തം സ്ഥാനമുറപ്പിക്കാന്‍ വേണ്ടി അവര്‍ ശക്തരായ വലിയേട്ടന്മാരോടൊപ്പം അള്ളിപ്പിടിച്ചു നില്‍ക്കുന്നു. പക്ഷേ, സ്ഥാനങ്ങള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ, കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോയി.
നെയിംബോര്‍ഡും കൊടിയുമൊക്കെയായി ഇനിയും കുറേക്കാലം എന്‍.സി.പിയും ജനതാദള്‍(യു)വും കേരളത്തില്‍ നിലനിന്നു എന്നുവരാം.
ഈ രണ്ടു പാര്‍ട്ടികള്‍ക്കും തല്‍ക്കാലത്തേക്കു മന്ത്രിസ്ഥാനവും എം.പി സ്ഥാനവും നിലനിര്‍ത്താനായി എന്നും വരാം. പക്ഷേ, ആസന്നമരണാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണു രണ്ടു കക്ഷികളുമെന്നതാണ് സത്യം. വെന്റിലേറ്റര്‍ ബന്ധം എപ്പോള്‍ വേര്‍പെടുത്തുന്നു എന്ന പ്രശ്‌നം മാത്രമേ ബാക്കിയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."