വിസ വാഗ്ദാനം ചെയ്തു തട്ടിപ്പ്: പ്രതി വിദേശത്തേക്ക് കടന്നതായി സൂചന
കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയെ പൊലിസ് തിരിച്ചറിഞ്ഞു. കോഴിക്കോട് ഇടിയങ്ങര ശൈഖ് പള്ളിക്കു സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റെയിന്‍ബോ ഇന്റര്‍നാഷണല്‍ മാന്‍പവര്‍ എന്ന കമ്പനിയുടെ പേരിലാണു വിസ നല്‍കാമെന്നു പറഞ്ഞ് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയത്. കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത മുത്തേരി സ്വദേശി ജാബിര്‍ എന്നയാളാണു തട്ടിപ്പ് നടത്തിയതെന്നു പൊലിസ് സ്ഥിരീകരിച്ചു. ഇയാള്‍ക്കെതിരേ നേരത്തെ വിസ, വാഹന തട്ടിപ്പ് കേസുകള്‍ നിലവിലുണ്ടെന്നു പൊലിസ് അറിയിച്ചു. ജാബിര്‍ വിദേശത്തേക്കു കടന്നുവെന്നാണു പൊലിസ് നല്‍കുന്ന സൂചന. ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്.ഐ കെ. ശംഭുനാഥിനാണ് അന്വേഷണ ചുമതല.
ഷാന്‍ എന്ന പേരില്‍ പരിചയപ്പെടുത്തിയാണ് ഇയാള്‍ നൂറോളം ആളുകളില്‍ നിന്ന് പണം തട്ടിയത്. തട്ടിപ്പിനിരയായ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കാളികാവ്, പൂക്കോട്ടും പാടം, ചോക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണു പരാതിയുമായി എത്തിയത്. ഇന്നലെ 20 പേര്‍ കൂടി പരാതിയുമായി ടൗണ്‍ പൊലിസ് സ്റ്റേഷനിലെത്തി. 10,000 മുതല്‍ 35,000 രൂപ വരെയാണു പ്രതി ഇടപാടുകാരില്‍ നിന്ന് ഈടാക്കിയത്. സഊദി ആസ്ഥാനമായുള്ള അല്‍മറായ് കമ്പനിയില്‍ ദുബൈയില്‍ സെയില്‍സ് മാന്‍ കം ഡ്രൈവര്‍ തസ്തികയില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്താണു പലരില്‍ നിന്നായി പണം തട്ടിയെടുത്തത്. ഇതിനു പിന്നാലെ കോഴിക്കോട്ടെ ഓഫിസ് അടച്ചുപൂട്ടി ഇയാള്‍ കടന്നുകളയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."