ഗ്രഹണി പിടിച്ചവന്‍ ചക്കകൂട്ടാന്‍ കണ്ട അവസ്ഥയില്‍ യു.ഡി.എഫ് നേതാക്കള്‍: ശങ്കരനാരായണന്‍
പാലക്കാട്: ഗ്രഹണി പിടിച്ചവന്‍ ചക്ക കൂട്ടാന്‍ കണ്ടാലത്തെ അവസ്ഥയാണ് പല യു.ഡി.എഫ് നേതാക്കള്‍ക്കുമെന്ന് മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍. പുതുനഗരം സി.എച്ച് കള്‍ച്ചറല്‍ സെന്റര്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.എച്ച് മുഹമ്മദ് കോയ, കരുണാകരന്‍, സീതി സാഹിബ്, ബേബിജോണ്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്ന് നാട്ടിലിറങ്ങി നടന്നാല്‍ കാണാന്‍ പത്ത് ആളുകള്‍ ഉണ്ടാവും. ഇന്നുള്ള നേതാക്കള്‍ക്കും അത് ലഭിക്കും പക്ഷേ കിട്ടുന്ന ബഹുമാനത്തില്‍ വലിയ വ്യത്യാസം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണം പോയതോടെ യു.ഡി.എഫ് നേതാക്കളെല്ലാം അങ്കലപ്പിലാണ്. എന്തുപറയണം, ഏത് പ്രവര്‍ത്തിക്കണമെന്ന നിശ്ചയമില്ല. കൂടെ നില്‍ക്കുന്നവരേയും ഉദ്യോഗസ്ഥരേയും ജനങ്ങളേയും വെറുപ്പിക്കുന്ന സമീപനമാണ് തുടരുന്നത്. 2001 ല്‍ നൂറ് സീറ്റ് കിട്ടി. അന്ന് എല്ലാ സോഷ്യല്‍ ഓര്‍ഗനൈസിങ് വിഭാഗങ്ങളും വിഭാഗീയതയില്‍ മാറി നിന്നിരുന്ന മതേതര സംഘടനകളും മത സംഘടനകളും എല്ലാം യു.ഡി.എഫിന് ഒപ്പമായിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. നിരവധി നല്ല കാര്യങ്ങള്‍ ചെയ്തു.
അവസാന നാളുകളില്‍ ചെയ്ത കൊള്ളരുതായ്മകള്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങി. അഹങ്കാരത്തിന് കൈയ്യും കാലും മുളച്ചാല്‍ ഇങ്ങനെയിരിക്കുമെന്നും കെ ശങ്കരനാരായണന്‍ പറഞ്ഞു.
എസ്.എ റഷീദ് അധ്യക്ഷനായി. എം.എം ഹമീദ്, അഡ്വ. മുഹമ്മദലി മാറ്റത്തടം, എ.വി ജലീല്‍, മുഹമ്മദ് തമീം, കുഞ്ഞുബുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."