കുപ്പിവെള്ളത്തിന്റെ വില: കേന്ദ്രത്തിന്റെ വാദം സുപ്രിം കോടതി തളളി
ന്യൂഡല്‍ഹി: കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നത് തടവുശിക്ഷ ലഭിക്കുന്ന കുറ്റമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം സുപ്രിംകോടതി തള്ളി. ഹോട്ടലുകളും റസ്റ്റാറന്റുകളും എം.ആര്‍.പി വിലയില്‍ വില്‍ക്കണമെന്ന് സര്‍ക്കാറിന് ശഠിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
എം.ആര്‍.പിയിലും അധികം വില ഈടാക്കിയാല്‍ അത് നികുതി വെട്ടിപ്പിന് തുല്യമാണെന്നും ഉപഭോക്താവിന്റെ അവകാശത്തിനു നേര്‍ക്കുള്ള കടന്നുകയറ്റമാണെന്നും സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രാലയം സുപ്രിം കോടതിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി നല്‍കിയ സത്യവാങ്മൂലമാണ് കോടതി തള്ളിയത്. ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി തള്ളിയത്. എം.ആര്‍.പിക്കും മുകളില്‍ ഹോട്ടലുകളും റസ്റ്റാറന്റുകളും വില കൂട്ടി വാങ്ങിയാല്‍ അത് തടയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍ എന്നിവിടങ്ങളില്‍ കുപ്പിവെള്ളത്തിന് എം.ആര്‍പിയേക്കാള്‍ കൂടുതല്‍ വില ഈടാക്കാറുണ്ട്. നിശ്ചിത തുക നല്‍കിയാണ് ഇവിടങ്ങളിലേക്ക് കുപ്പിവെള്ളം വാങ്ങുന്നത്. അതിന് നിജപ്പെടുത്തിയ പരമാവധി വിലയിലോ അതില്‍ താഴയോ വില്‍ക്കാം. അതില്‍ കൂടുതല്‍ വില ഈടാക്കുന്നത് നികുതിവെട്ടിപ്പിന് തുല്യമായി കണക്കാക്കാവുന്നതാണ്. ഇതുവഴി സര്‍ക്കാരിന് സേവനികുതി, വില്‍പ്പന നികുതി എന്നീ ഇനങ്ങളില്‍ വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അറിയിച്ചിരുന്നു. പാക്ക് ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് എം.ആര്‍.പിയേക്കാള്‍ അധികം തുക ഈടാക്കുന്നത് ലീഗല്‍ മെട്രോളജി നിയമപ്രകാരം കുറ്റകരമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത്തരത്തില്‍ വില കൂട്ടി വില്‍ക്കുന്നത് ലീഗല്‍ മെട്രോളജി ആക്ട് 36ാം വകുപ്പ് പ്രകാരം പിഴ ഈടാക്കുന്ന കുറ്റമാണ്. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 50,000 ആക്കുന്നതിനും വകുപ്പുണ്ട്. വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴ ഒരു ലക്ഷമാക്കുന്നതിനും ഒരു വര്‍ഷം തടവുശിക്ഷക്കും രണ്ടും ഒന്നിച്ചനുഭവിക്കാനുമുള്ള വകുപ്പ് നിയമത്തിലുണ്ട്. കുപ്പിവെള്ളത്തിന് കൂടുതല്‍ വില ഈടാക്കുന്നതിനെതിരേ ഡല്‍ഹി ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരേയാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോന്റ് അസോസിയേഷന്‍ സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."