2018 ഒളിംപിക്‌സ്: റഷ്യന്‍ താരങ്ങള്‍ സ്വതന്ത്രരായി മത്സരിക്കും
മോസ്‌കോ: റഷ്യന്‍ ഒളിംപിക് കമ്മിറ്റിക്ക് അന്താരാഷ്ട്ര ഒളിംപിക് ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ 2018ലെ ഒളിംപിക്‌സില്‍ റഷ്യന്‍ താരങ്ങള്‍ സ്വതന്ത്രരായി ഒളിംപിക് പതാകയ്ക്ക് കീഴില്‍ മത്സരിക്കും. ഇക്കാര്യത്തില്‍ താരങ്ങള്‍ക്ക് റഷ്യന്‍ ഒളിംപിക് കമ്മിറ്റി അനുവാദം നല്‍കിയിട്ടുണ്ട്. നേരത്തെ റഷ്യയെ വിലക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് താരങ്ങള്‍ ഒളിംപിക്‌സ് ബഹിഷ്‌കരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
എന്നാല്‍ താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്നും അതുകൊണ്ട് സ്വതന്ത്രരായി മത്സരിക്കുന്നതിന് അനുവാദം നല്‍കിയെന്നും റഷ്യന്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് അലക്‌സാന്‍ഡര്‍ സുകോവ് പറഞ്ഞു. നേരത്തെ ഉത്തേജക വിവാദത്തില്‍ സുക്കോവിനെ ഐ.ഒ.സി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് എല്ലാവിധ സാമ്പത്തിക-നിയമ സഹായങ്ങള്‍ നല്‍കുമെന്ന് സുകോവ് പറഞ്ഞു. റഷ്യന്‍ താരങ്ങള്‍ക്ക് മത്സരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനായി ഐ.ഒ.സി ആസ്ഥാനത്തേക്ക് പ്രതിനിധിയെ അയക്കുമെന്ന് റഷ്യ സൂചിപ്പിച്ചു. നിലവില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച 200 പേര്‍ അടുത്ത വര്‍ഷം ഒളിംപിക്‌സില്‍ പങ്കെടുക്കുമെന്ന് സുകോവ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഒളിംപിക് പതാകയ്ക്ക് കീഴില്‍ സ്വതന്ത്രരായി മത്സരിക്കുന്നത് റഷ്യന്‍ താരങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒളിംപിക്‌സ് ബഹിഷ്‌കരിക്കാന്‍ റഷ്യക്ക് താല്‍പര്യമില്ലെന്നും മത്സരിക്കാന്‍ അഗ്രഹമുള്ള താരങ്ങള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാമെന്നും പുടിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."