കാവില്‍പ്പാട് കുടിവെള്ള ക്ഷാമം രൂക്ഷം
ഒലവക്കോട്: ട്രാക്കിനടിയിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ റെയില്‍വേ അനുമതി നല്‍കിയില്ല, കാവില്‍പ്പാട് മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. പ്രദേശത്തെ മുന്നൂറിലേറെ കുടുംബങ്ങളാണു ദുരിതത്തിലായത്. നിലവില്‍ ട്രാക്ക് മുറിച്ചു കടന്ന് കിലോമീറ്ററുകള്‍ നടന്നാണ് റെയില്‍വേ ഗേറ്റിനു സമീപം സ്ഥാപിച്ച മലമ്പുഴ പൈപ്പ് ലൈനില്‍ നിന്നു പ്രദേശവാസികള്‍ കുടിവെള്ളമെത്തിക്കുന്നത്. പുതുപ്പരിയാരം പഞ്ചായത്തിലെ 12, 13, 14 വാര്‍ഡിലുള്ളവര്‍ക്കാണ് ഈ ദുരിതം. കേന്ദ്ര മന്ത്രി ഇടപ്പെട്ട് റെയില്‍വേ ബോര്‍ഡ് മുഖാന്തരം നാലുമാസങ്ങള്‍ക്കു മുന്‍പ് അനുവദിച്ച സമ്മതപത്രം പോലും കാറ്റില്‍ പറത്തിയാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ.
മേഖലയില്‍ സമഗ്രകുടിവെള്ള പദ്ധതി നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ജലഅതോറിറ്റിക്കു കൈമാറിയെങ്കിലും റെയില്‍വേയുടെ 38.6 മീറ്റര്‍ പ്രദേശത്ത് പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചില്ല. 20 എം.എം പൈപ്പ് ഉപയോഗിച്ചാല്‍ മാത്രമേ ട്രാക്കിലൂടെയുള്ള അറ്റകുറ്റപ്പണിക്ക് അനുമതി നല്‍കുകയുള്ളൂവെന്നാണ് റെയില്‍വേ അറിയിച്ചത്. എന്നാല്‍ ഇതേ ഡിവിഷനിലെ മറ്റിടങ്ങളിലെല്ലാം 15 എം.എമ്മിനു താഴെ മാത്രമുള്ള പൈപ്പ് ലൈനാണു സ്ഥാപിച്ചിട്ടുള്ളത്.
നാട്ടുകാര്‍ നല്‍കിയ നിവേദനത്തിന്‍ പ്രകാരം 2010ല്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി. 2015ല്‍ ഇതിന്റെ ഭാഗമായി നേരത്തെ ജലഅതോറിറ്റിക്ക് അനുവദിച്ച 2.86 ലക്ഷം രൂപ റെയില്‍വേയ്ക്കു കെട്ടിവച്ചു. സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കി റെയില്‍വേ ചീഫ് പ്ലാനിങ് ഓഫിസര്‍ പ്രത്യേക അനുമതി പാലക്കാട് ഡിവിഷന്‍ എന്‍ജിനീയര്‍ക്കു നല്‍കി. ഗാന്ധിനഗറില്‍ നിന്നു പൈപ്പ്‌ലൈന്‍ നീട്ടാനായിരുന്നു നീക്കം. എന്നാല്‍ മുന്നോട്ടു വച്ച മാനദണ്ഡങ്ങളില്‍ നിന്നു മാറ്റം വരുത്താനോ പൈപ്പ്‌ലൈനിനു അനുമതി നല്‍കാനോ റെയില്‍വേ തയാറാകുന്നില്ലെന്നാണു നാട്ടുകാരുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."