കെജ്രിവാളിനെതിരെ വീണ്ടും അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ പ്രതിഷേധവുമായി അണ്ണാ ഹസാരെ വീണ്ടും രംഗത്ത്. തന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു കെജ്രിവാള് കൂടി ആവിര്‍ഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഹസാരെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആഗ്രയിലെ ഷാഹിദ് സ്മാരകില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാര്‍ച്ച് 23ന് രാജ്യതലസ്ഥാനത്ത് പടുകൂറ്റന്‍ റാലി സംഘടിപ്പിക്കുമെന്നും അതില്‍ കര്‍ഷകര്‍ പങ്കാളികളാകണമെന്നും ഹസാരെ ആവശ്യപ്പെട്ടു.
യു.പി.എ സര്‍ക്കാര്‍ ജനലോക്പാല്ബില് നിയമമാക്കുന്നതില്‍ പരാജയപ്പെട്ടെന്നും പിന്നീട് വന്ന മോദി സര്‍ക്കാര്‍ ബില്ലില്‍ വെള്ളം ചേര്‍ത്തെന്നും ഹസാരെ ആരോപിച്ചു.
വിഷയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരു പോലെ കുറ്റക്കാരാണെന്ന് ഹസാരെ കുറ്റപ്പെടുത്തി. യഥാര്‍ഥ അര്‍ഥത്തിലുള്ള ജനാധിപത്യം ഇനിയും ഇന്ത്യയില്‍ സംജാതമായിട്ടില്ല. മുതലാളികളുടെ സര്‍ക്കാരിനെയല്ല ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയ ഹസാരെ മോദിയെയും രാഹുലിനെയും വേണ്ടെന്നും വ്യക്തമാക്കി. കര്‍ഷക താത്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് രാജ്യത്തിനാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
2011ല്‍ അണ്ണ ഹസാരെ നയിച്ച അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അരവിന്ദ് കെജ്രിവാള്. പിന്നീട് ഹസാരെയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പ്രസ്ഥാനത്തില്‍ നിന്ന് പുറത്തു പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."