ഓഖി ദുരന്ത ധനസഹായത്തിനായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങേണ്ടതില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ ധനസഹായം ഒരുമിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥര്‍ ദുരിതബാധിതരുടെ വീടുകളിലെത്തി ആവശ്യമായ നടപടികള്‍ കൊക്കൊള്ളും.
സഹായധനം ഒന്നിച്ച് നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി നടപടികള്‍ വേഗത്തിലാക്കും. ധനസഹായം കൈപ്പറ്റാന്‍ ആരും സര്‍ക്കാര്‍ ഓഫിസുകളിലേക്ക് പോകേണ്ടിവരില്ല.
മരിച്ചവരുടെ ആശ്രിതരില്‍ മാതാപിതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടാകും. ഇതിനാല്‍ 20 ലക്ഷം രൂപയില്‍ 5 ലക്ഷം രൂപ മരിച്ചവരുടെ മാതാപിതാക്കള്‍ക്ക് നല്‍കും. മരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് അവിവാഹിതരായ സഹോദരിമാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വിവാഹ ആവശ്യത്തിനായി 5 ലക്ഷം രൂപ നല്‍കും. കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ തുക ധനസഹായമായി നല്‍കുന്ന 20 ലക്ഷം രൂപയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുക.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് മരിച്ചവരുടെ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപ അനുവദിച്ചു. ഇത് എത്രയും പെട്ടന്ന് ലഭ്യമാക്കും. ജോലിയ്ക്ക് പോകാന്‍ കഴിയാതെ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരം സഹായധനം പെട്ടന്ന് നല്‍കും. ഗുരുതരമായി പരുക്കേറ്റ് തുടര്‍ന്ന് തൊഴിലെടുക്കാന്‍ കഴിയാതായവര്‍ക്ക് ബദല്‍ ജീവിത ഉപാദിയായി 5 ലക്ഷം രൂപ നല്‍കും. പരുക്ക് പറ്റി ആശുപത്രിയില്‍ ചികിത്സ തേടിയ എല്ലാവര്‍ക്കും 20000 രൂപ നല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. നിലവില്‍ ആശുപത്രിയില്‍ ഉള്ളവര്‍ക്കും ആശുപത്രി വിട്ടവര്‍ക്കും ഈ സഹായധനം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് തുക ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തിന്റെ നാശനഷ്ടം കണക്കാക്കാന്‍ കേന്ദ്ര സംഘം എത്തുമെന്ന് കേന്ദ്രമന്ത്രിമാര്‍ ഉറപ്പ് നല്‍കിയട്ടുണ്ട്. അവര്‍ ഉടനെ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."