നിയമലംഘകര്‍ക്കായുള്ള പരിശോധന ശക്തം; പിടിയിലായത് രണ്ടു ലക്ഷത്തോളം പേര്‍
ജിദ്ദ: സഊദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധനയില്‍ പിടിയിലായവരുടെ എണ്ണം രണ്ടു ലക്ഷത്തിനടുത്തെത്തി. കഴിഞ്ഞ 26 ദിവസത്തിനുള്ളില്‍ നടത്തിയ പരിശോധനകളില്‍ ഇത് വരെ പിടിക്കപ്പെട്ടത് 1,81,000 പേരാണ്. ആഭ്യന്തര മന്ത്രാലയമാണ് കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പുറത്ത് വിട്ടത്.
പൊതുമാപ്പിനു ശേഷം കഴിഞ്ഞ നവംബര്‍ പകുതിയിലാണ് പരിശോധന ആരംഭിച്ചത്. ഇഖാമ, അതിര്‍ത്തി, തൊഴില്‍ നിയമ ലംഘകര്‍ക്കെതിരെയുള്ള പരിശോധനകള്‍ നിലവില്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇഖാമ നിയമലംഘനത്തിന് മാത്രം ഒരു ലക്ഷത്തിലേറെപ്പേര്‍ പിടിയിലായി. തൊഴില്‍ നിയമലംഘനത്തിന് പിടിയിലായത് മലയാളികളടക്കം അന്‍പത്തിരണ്ടായിരത്തി എണ്ണൂറ് പേര്‍ ഇന്ത്യക്കാര്‍. ഇവരില്‍ ഇഖാമയില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലി ചെയ്യുന്നവരും പിടിയിലായി. രാജ്യത്തേക്കുള്ള അതിര്‍ത്തി ലംഘിച്ചെത്തിയ ഇരുപതിനായിരത്തിലേറെ പേരെയും അറസ്റ്റ് ചെയ്തു. വഴിയോരക്കച്ചവടം നടത്തുന്നവര്‍ക്കും കനത്ത പിഴ ചുമത്തുന്നുണ്ട്. നിയമ ലംഘകരെ സഹായിച്ച വിദേശികളെയും സ്വദേശികളെയും കൂട്ടത്തില്‍ പിടി കൂടിയിട്ടുണ്ട്.
അതേ സമയം കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ നാടുകടത്തപ്പെട്ട 10,000 എത്യോപ്യന്‍ പൗരന്മാര്‍ സഊദിയില്‍ നിന്ന് തിരിച്ചെത്തിയതായി എത്യോപ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിര്‍ത്തി നുഴഞ്ഞു കയറ്റത്തില്‍ ഏറ്റവും കൂടുതല്‍ പിടിയിലായത് യമനികളും രണ്ടാം സ്ഥാനം എത്യോപ്യന്‍ പൗരന്മാരുമാണ്.
ഇത് വരെ പിടി കൂടിയ നിയമ ലംഘകരില്‍ 35,000 ത്തോളം പേരെ സ്വദേശങ്ങളിലേക്ക് കയറ്റിയയച്ചു. 25,000 ത്തോളം പേരെ നാടുകടത്താനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വരുന്നു. പിടിയിലായ എല്ലാവരെയും തിരിച്ചയക്കുമെന്ന് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിയമലംഘകര്‍ക്ക് സഹായം നല്‍കിയ 430 വിദേശികളും 75 സൗദികളും പിടിയിലായിട്ടുണ്ട്. ഇതില്‍ 51 സഊദി പൗരന്മാരെ ആവശ്യമായ ശിക്ഷാ നടപടികള്‍ പൂര്‍ത്തീകരിച്ച് വിട്ടയച്ചു. ബാക്കിയുള്ളവര്‍ക്കെതിരെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും അഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."