ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രം നീട്ടി. ഇതു സംബന്ധിച്ച് ആദായനികുതി വകുപ്പ് പുതിയ ഉത്തരവിറക്കി. 2002ലെ കള്ളപ്പണം തടയുന്നതിനായുള്ള നിയമത്തില്‍ വരുത്തിയ ഭേദഗതിയിലൂടെയായിരുന്നു സര്‍ക്കാര്‍ തീരുമാനം.
നിലവില്‍ ഡിസംബര്‍ 31 വരെയാണ് ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് തുടങ്ങി വിവിധ സാമ്പത്തിക സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിന് നല്‍കിയിരുന്ന സമയപരിധി. പുതിയ ഉത്തരവനുസരിച്ച് മാര്‍ച്ച് 31 വരെ ബന്ധിപ്പിക്കാം.
ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹരജി സുപ്രിംകോടതി നാളെ പരിഗണിക്കാനിരിക്കേയാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. നേരത്തെ വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിക്കേണ്ടതിന്റെ സമയപരിധി മാര്‍ച്ച് 31 വരെ നീട്ടാന്‍ തയാറാണെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."