ദേശാടനക്കിളികളുടെ യാത്ര എന്തിന്?
സാധാരണക്കാരെയും ശാസ്ത്രജ്ഞരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നതാണ് ദേശാടനക്കിളികളുടെ വരവും പോക്കും.
ഭൂമിയുടെ കാന്തികമണ്ഡലത്തെയാണ് ദേശാടനക്കിളികള്‍ യാത്രയ്ക്കായി ഉപയോഗിക്കുന്നത്. നക്ഷത്രങ്ങളുടെ സ്ഥാനം അനുബന്ധമായാണ് ഉപയോഗിക്കുന്നത്. കൊളംബോ ലിവിയ(columbo Livia)എന്നയിനം പ്രാവുകളില്‍ നടത്തിയ പഠനങ്ങളാണ് ഇതു തെളിയിച്ചത്. ദൂരദേശങ്ങളില്‍ കൊണ്ടുപോയി വിട്ടപ്പോഴും അവ തീര്‍ത്തും അപരിചിതമായ വഴിയിലൂടെ മൈലുകള്‍ സഞ്ചരിച്ച് സ്വന്തം കൂട്ടില്‍ തിരിച്ചെത്തുകയുണ്ടായി.
ആ യാത്ര എന്തിന്?
തലയ്ക്കുള്ളില്‍ കാന്തിക സ്വഭാവമുള്ള ചില കണങ്ങളാണ് ദീര്‍ഘദൂര യാത്രയ്ക്കുള്ള ലക്ഷ്യബോധ്യത്തിന് ഈ പക്ഷികള്‍ക്ക് കാരണമാകുന്നത്. ഇരുമ്പയിരിന്റെ നിക്ഷേപം അധികമുള്ള സ്ഥലങ്ങള്‍ക്ക് മുകളിലൂടെ പറക്കുമ്പോള്‍ പലപ്പോഴും ഇവയ്ക്കു വഴിതെറ്റുന്നു. തലയിലെ വടക്കുനോക്കിയന്ത്രം ഇതിന്റെ സ്വാധീനത്തില്‍ മാറിമറിയുന്നു. ഇതുമൂലമാണ് സഞ്ചാരവഴികളില്‍ അവ്യക്തത പടര്‍ത്തുന്നത്. റഡാറും ഉപകരണങ്ങളുമില്ലാതെ സ്വയം പറക്കുന്ന ദേശാടനക്കിളികള്‍ പ്രകൃതിയുടെ അത്ഭുതം തന്നെയാണ്.
എന്തിനായിരിക്കും ദേശാടനക്കിളികള്‍ മൈലുകള്‍ താണ്ടി പറന്നുപോകുന്നത്? ഇനിയും പൂര്‍ണമായി വ്യക്തമായിട്ടില്ല ആ യാത്രാ രഹസ്യം. പ്രകൃതിയിലുള്ള പല കാര്യങ്ങള്‍ക്കും ശരിയായ ഉത്തരമില്ലാത്തതുപോലെതന്നെയാണ് ദേശാടനക്കിളികളുടെയും കാര്യം. കാലാവസ്ഥയിലെ മാറ്റംമൂലം ഭക്ഷണം കുറഞ്ഞു തുടങ്ങുമ്പോള്‍ കൂടുതല്‍ ലഭിക്കുന്ന സ്ഥലത്തേക്ക് ദേശാടനം നടത്തുന്നു എന്നതാണ് പ്രബലമായ നിരീക്ഷണം. ആവശ്യത്തിന് ഭക്ഷണം കിട്ടുകയാണെങ്കില്‍ ദേശാടനം മാറ്റിവെക്കും ഇവര്‍. മുട്ടയിടാനും കുഞ്ഞുങ്ങളെ വളര്‍ത്താനും സുരക്ഷിതമായ ഇടങ്ങള്‍ തേടിയാണ് ദേശാടനക്കിളികളുടെ യാത്രയെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ വാദം. ഇക്കാര്യത്തില്‍ പല വാദങ്ങളുമുണ്ട് .
യഥാര്‍ഥത്തില്‍ ദേശാടനക്കിളികളുടെ ഈ യാത്രയ്ക്ക് ശാസ്ത്രത്തിന് വിശദീകരണമൊന്നുമില്ല. തണുപ്പുകാലം വരുമ്പോള്‍ ബ്രിട്ടനിലെ കുരുവികള്‍ അനേകം മൈലുകള്‍ക്കപ്പുറമുള്ള ദക്ഷിണാഫ്രിക്കയുടെ തെക്കേ മുനമ്പിലേക്കാണ് പറക്കുന്നത്. തണുപ്പിനെ അതിജീവിക്കാനാണെങ്കില്‍ തൊട്ടടുത്ത ഏതെങ്കിലും ട്രോപ്പിക്കല്‍ പ്രദേശത്തേക്ക് മാറിയാല്‍ മതിയല്ലോ. എന്നാല്‍ ഏറ്റവുമധികം ദൂരം സഞ്ചരിക്കുന്നുവെന്ന് പ്രശസ്തിനേടിയ ആര്‍ട്ടിക്ക് ടേണിന്റെ കാര്യമോ? ഇരുപത്തിഅയ്യായിരം മൈലുകള്‍ പറന്നാണ് ഇവര്‍ ദേശാടനം നടത്തുന്നത്. ഇതെന്തുകൊണ്ടാണെന്നതിന് ശാസ്ത്രത്തിന് ഇനിയും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല .
കൊഴുപ്പു ഭക്ഷണം പറക്കലിന് ഊര്‍ജം
ശാരീരികമായ പ്രത്യേകതകളാണ് ദേശാടനപ്പക്ഷികളുടെ അതിജീവന രഹസ്യം. ശക്തിമത്തായ ശ്വാസകോശങ്ങളും അതിശക്തമായ മാംസപേശികളുമാണ് പൊതുവെ പക്ഷികള്‍ക്കുള്ളത്. ഇവ രണ്ടിന്റെ കാര്യത്തിലും മറ്റു പക്ഷികളെ അപേക്ഷിച്ച് ദേശാടനപ്പക്ഷികള്‍ക്കു മുന്‍തൂക്കമുണ്ട്. തൂവലുകളിലെ എണ്ണമയം ചിറകുകള്‍ വെള്ളം നനഞ്ഞ് ഒട്ടിപ്പിടിക്കാതിരിക്കാന്‍ സഹായിക്കുന്നു. ദേശാടകരായ ചെറു പക്ഷികള്‍ രാത്രിയാണ് യാത്രയ്ക്ക് തെരഞ്ഞെടുക്കുന്നത്.
ശത്രുക്കളുടെ ആക്രമണം രാത്രി കുറവായിരിക്കുമെന്നതാണ് കാരണം . പകല്‍സമയം വിശ്രമത്തിനും ആഹാരം കഴിക്കാനുമായി മാറ്റിവയ്ക്കുന്നു. ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചശേഷം അധികം വരുന്ന ഭക്ഷണം കൊഴുപ്പുരൂപത്തില്‍ സംഭരിച്ചുവെക്കുന്നു. മണിക്കൂറുകള്‍ നീളുന്ന നിര്‍ത്താതെയുള്ള പറക്കലിന് ഊര്‍ജം പകരുന്നത് ഈ കൊഴുപ്പുശേഖരമാണ് .
യാത്രയ്ക്ക് സംരക്ഷിതപാത
ലക്ഷക്കണക്കിന് ദേശാടനപ്പക്ഷികളാണ് വര്‍ഷംതോറും ഇന്ത്യയില്‍ വന്നും പോയുമിരിക്കുന്നത്. സിന്ധുനദീതടവുമായാണ് ഇവയ്ക്കു ബന്ധം . ഇന്ത്യയിലേക്കുള്ള മിക്ക പക്ഷികളും പാതയായി സ്വീകരിച്ചിരിക്കുന്നത് അതുവഴിയുള്ള ആകാശമാര്‍ഗമാണ്. സെന്‍ട്രല്‍ ഏഷ്യന്‍ ഇന്ത്യന്‍ ഫ്‌ളൈവേ(Cetnral Asian indian flyway) എന്നാണു പക്ഷിശാസ്ത്രജ്ഞര്‍ക്കിടയില്‍ ഇതറിയപ്പെടുന്നത്.
ലോകത്താകമാനമുള്ള പക്ഷി പര്യടനപാതകളില്‍ മുഖ്യമായതും നാലാമത്തേതുമാണിത്. ഐക്യരാഷ്ട്രസംഘടനയ്ക്ക് കീഴിലുള്ള ബേഡ് ലൈഫ് ഇന്റര്‍നാഷനല്‍(Birdlife international) ഇതിനെ സംരക്ഷിതപാതയായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. 1967 മുതല്‍ക്കാണ് ഈ നിയമപരിരക്ഷ.
നമ്മുടെ അതിഥികള്‍
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ലാര്‍ജ് ഹാക്കുക്കൂ(Large Hawk Cuckoo),സൈബീരയില്‍ നിന്നുള്ള ലാര്‍ജ് ക്രൗണ്‍സ് ലീഫ് വാര്‍ബലര്‍( Large Crowned Leaf warbler) ,നേപ്പാളില്‍ നിന്നുള്ള ബ്ലാക്ക് നേപ്ഡ് ഓറിയോള്‍(Black naped oriole),ബ്ലൂ ഹെഡഡ് റോക് ത്രഷ് ( Blue headed Rock Thrush )
വലിയ രാജഹംസം(Greater flamingo), ആളച്ചിന്നന്‍(Little Tem),ചാരമണല്‍ക്കോഴി (Grey Plover-),ചെങ്കാലന്‍ പുള്ള് (Amur falcon),തുടങ്ങി നിരവധി ദേശാടനക്കിളികളാണ് നമ്മുടെ നാട്ടിലേക്ക് വിരുന്നുവരുന്നത്.
അവര്‍ 44 വര്‍ഗങ്ങള്‍
ഏതാണ്ട് 44 സ്പീഷീസുകളോളം ദേശാടനപ്പക്ഷികള്‍ കേരളത്തിലെത്തുന്നുണ്ടെന്നാണു കണക്ക്. കേരളത്തിലെ കോള്‍നിലങ്ങളാണ് മുഖ്യ താവളങ്ങളിലൊന്ന്. തട്ടേക്കാട് പക്ഷിസങ്കേതമാണ് മറ്റൊരിടം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."