വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ ഓര്‍ഡിനന്‍സ്: മുസ്‌ലിം സംഘടനാ നേതാക്കള്‍ ഗവര്‍ണറെ കണ്ടു
തിരുവനന്തപുരം: കേന്ദ്ര വഖഫ് നിയമം അട്ടിമറിച്ച് ഓര്‍ഡിനന്‍സിലൂടെ കേരളത്തിലെ വഖഫ് സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ്‌ലിം സംഘടനകള്‍ ഗവര്‍ണറെ കണ്ടു.
സര്‍ക്കാര്‍ ഇറക്കാന്‍ പോകുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് അഭ്യര്‍ഥിച്ച് സംഘടനാ നേതാക്കള്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന് നിവേദനം നല്‍കി.
ദേവസ്വം ബോര്‍ഡിലെയും വഖഫ് ബോര്‍ഡിലെയും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ച മന്ത്രിസഭ അതില്‍നിന്നും ദേവസ്വം ബോര്‍ഡിനെ ഒഴിവാക്കുകയും വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ മാത്രം പി.എസ്.സിക്ക് വിടാന്‍ തീരുമാനിക്കുകയുമായിരുന്നു. ഒരേ വിഷയത്തില്‍ കൈക്കൊണ്ട ഇരട്ടനീതിയാണിത്.
കേന്ദ്ര വഖഫ് ആക്ട് അനുസരിച്ച് ബോര്‍ഡിലെ നിയമനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. വഖഫ് സ്ഥാപനങ്ങളെ നിയന്ത്രിക്കേണ്ട വഖഫ് ബോര്‍ഡിലേക്ക് തികഞ്ഞ മതബോധമുള്ളവരെ നിയമിക്കുന്നതിനു പകരം, നിയമനം പി.എസ്.സിക്കു വിടുന്നതിലൂടെ വഖഫ് സ്ഥാപനങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ കഴിയാതെവരുമെന്ന് നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
വഖഫ് ബോര്‍ഡ് മെമ്പര്‍ എം.ഐ.ഷാനവാസ് എം.പിയുടെ നേതൃത്വത്തില്‍ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി പി.പി.അബ്ദുറഹിമാന്‍ പെരിങ്ങാടി, വഖഫ് ബോര്‍ഡ് മെമ്പര്‍മാരായ എം.സി.മായിന്‍ ഹാജി, അഡ്വ. പി.വി.സൈനുദ്ദീന്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍, മെക്ക പ്രസിഡന്റ് പ്രൊഫ.അബ്ദുള്‍ റഷീദ് ശ്രീകാര്യം എന്നിവരാണ് ഗവര്‍ണറെ കണ്ട് നിവേദനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."