ജിഷ വധക്കേസ്: കോടതിക്കകത്തും പുറത്തും നാടകീയ രംഗങ്ങള്‍
കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥി ജിഷ കൊല്ലപ്പപ്പെട്ട കേസ് പരിഗണിക്കവെ ഇന്നലെ കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. രാവിലെ 11ന് കോടതി ആരംഭിച്ചപ്പോള്‍ തന്നെ പ്രതി അമീറിന്റെ അഭിഭാഷകന്‍ ഹരജി സമര്‍പ്പിക്കാനുണ്ടെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. കേസ് അന്വേഷണത്തില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നും കേന്ദ്ര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സമര്‍പ്പിച്ചു.
പ്രതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അസമീസ് ഭാഷ അറിയില്ലായിരുന്നെന്നും സഹായത്തിന് ദ്വിഭാഷി ഇല്ലായിരുന്നെന്നും പ്രതി ഹിന്ദിയിലും അസമീസിലും പറഞ്ഞതൊന്നും പൊലിസിനും മനസിലായില്ലെന്നും പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു.
ജിഷയുടെ മരിച്ചുപോയ പിതാവ് പാപ്പുവും ആക്ഷന്‍ കൗണ്‍സിലുമൊക്കെ അന്വേഷണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതാണെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍, ശിക്ഷാവിധി സംബന്ധിച്ചാണ് വാദം നടക്കുന്നതെന്ന് ഓര്‍മിപ്പിച്ച് കോടതി ഹരജി തള്ളി. തുടര്‍ന്നാണ് പ്രതിക്ക് എന്ത് ശിക്ഷ നല്‍കണമെന്നതിനെപ്പറ്റി ഇരുവിഭാഗത്തിന്റെയും വാദം നടന്നത്. വാദത്തിനുശേഷം കോടതി ഇന്ന് വിധിപറയാന്‍ കേസ് മാറ്റിയപ്പോഴേക്കും ജിഷയുടെ മാതാവ് രാജേശ്വരി കോടതിമുറിക്കുപുറത്ത് ബഹളംവച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇടപെട്ട് അനുനയിപ്പിച്ചു.
രണ്ടുവര്‍ഷമായി തന്റെ മകളുടെ കേസ് നടത്തുന്നുവെന്നും ഇതുവരെ തീരുമാനമായില്ലെന്നും എന്തിനാണ് വിധിപറയല്‍ മാറ്റിയതെന്നും അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. തന്റെ മകളെ കൊന്നവനെ ശിക്ഷിക്കുമെന്നറിഞ്ഞാണ് താന്‍ വന്നതെന്നും നിയമം ആര്‍ക്കുവേണ്ടിയാണെന്നുമൊക്കെ അവര്‍ ചോദിച്ചു.
തുടര്‍ന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബി.എ ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിനുനേരെയും രാജേശ്വരി ശബ്ദമുയര്‍ത്തി അനിഷ്ടം പ്രകടിപ്പിച്ചു. ആളൂര്‍ കൊലപാതകിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു ആക്രോശം. പോലിസ് ഉദ്യോഗസ്ഥരും മറ്റുള്ളവരും ഒടുവില്‍ ബലം പ്രയോഗിച്ചാണ് ഇവരെ കോടതി കോംപൗണ്ടില്‍നിന്ന് പുറത്തിറക്കിയത്. എ.ഡി.ജി.പി സന്ധ്യ ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരും ജിഷയുടെ സുഹൃത്തുക്കളും സഹോദരി ദീപയും ഇന്നലെ കോടതിയിലെത്തിയിരുന്നു.
നിര്‍ഭയ കേസിനു തുല്യമെന്ന് പ്രോസിക്യൂഷന്‍
കൊച്ചി: ജിഷ വധക്കേസ് നിര്‍ഭയ കേസിന് തുല്യമാണെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ എന്‍.കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പ്രതി അമീര്‍ സഹതാപം അര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിരിക്കുന്നത്. പൈാശാചികമായ രീതിയില്‍ കൊലനടത്തിയ പ്രതിക്ക് വധശിക്ഷതന്നെയാണ് നല്‍കേണ്ടതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."