ജലവിമാന യാത്രക്ക് ആളെക്കൂട്ടാന്‍ പണം വാഗ്ദാനം; എം.എല്‍.എക്ക് നോട്ടിസ്
വഡോദര: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കുറിച്ച് സബര്‍മതി നദിയില്‍ ജലവിമാന യാത്ര നടത്തുന്ന പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ആളെക്കൂട്ടാന്‍ ബി.ജെ.പി എം.എല്‍.എ പണം വാഗ്ദാനം ചെയ്തതായി ആരോപണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു.
ബി.ജെ.പി നേതാവും മുന്‍ നിയമസഭാ സ്പീക്കറുമായിരുന്ന അശോക് ഭട്ടിന്റെ മകന്‍ ഭൂഷണ്‍ ഭട്ടിനെതിരേയാണ് നടപടി.
പ്രധാനമന്ത്രി പങ്കെടുത്ത പല തെരഞ്ഞെടുപ്പു റാലികളും ആളുകളില്ലാതെ ശുഷ്‌കിച്ച അവസ്ഥയിലായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് പണം നല്‍കിയാണെങ്കിലും ആളുകളെ എത്തിക്കാന്‍ എം.എല്‍.എ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്. സബര്‍മതി നദീതീരത്ത് സ്വന്തം വാഹനങ്ങളിലാണ് ആളുകളോട് എത്താന്‍ പറയേണ്ടതെന്നും അവര്‍ എത്തിയാല്‍ വാഹനത്തിന്റെ ഇന്ധന ചാര്‍ജ് എന്ന നിലയില്‍ 1000 മുതല്‍ 3000 രൂപവരെ നല്‍കുമെന്നുമാണ് ഭൂഷണ്‍ ഭട്ട് പറയുന്നത്.
എം.എല്‍.എയുടെ പരാമര്‍ശത്തിന്റെ വിഡിയോ ക്ലിപ്പിങ് പരിശോധിച്ച സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ബി.ബി സ്വെയിന്‍ അദ്ദേഹത്തിനെതിരേ കര്‍ശന നടപടിയെടുക്കാന്‍ അഹമ്മദാബാദ് ജില്ലാ കലക്ടറോട് ഉത്തരവിട്ടിട്ടുണ്ട്. സ്ഥാനാര്‍ഥികൂടിയായ ഭൂഷണ്‍ ഭട്ടിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടിസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."