ഭാഷാ സുന്ദരി
ഡിസംബര്‍ 18 അന്താരാഷ്ട്ര അറബിക് ഭാഷാ ദിനമായി ആചരിക്കുന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പ്രധാനമായ പഠന ഭാഷയാണ് അറബി. അറബി ഭാഷയുടെ ഉല്‍ഭവവും വളര്‍ച്ചയും അതോടനുബന്ധിച്ച് അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ചുള്ള ചെറിയ വിവരണങ്ങള്‍.
അറബി ഭാഷയുടെ തുടക്കം
കൃത്യമായ നൂറ്റാണ്ട് പറയുക അസാധ്യമാണെങ്കിലും നാലാം നൂറ്റാണ്ടുമുതല്‍ അറബി ഭാഷ ലോകത്ത് സജീവമായിരുന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഡാര്‍ക്കേജ് യുഗം (ഇരുണ്ട കാലഘട്ടം) എന്ന് ചരിത്രം വിശേഷിപ്പിച്ച നാലാം നൂറ്റാണ്ടിലും അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അറബി സാഹിത്യത്തില്‍ രചനകള്‍ നടന്നിട്ടുണ്ട്. 'മുഅല്ലഖ'കള്‍ എന്നറിയപ്പെടുന്ന അറേബ്യന്‍ കവിതാ സമാഹരങ്ങള്‍ രചിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ നിയോഗത്തോടുകൂടിയാണ് അറബി ഭാഷയ്ക്ക് കൂടുതല്‍ പ്രചാരം കടന്നുവന്നത്. എഴുത്തും വായനയും രൂപാന്തരപ്പെട്ടതും മുഹമ്മദ് നബിയുടെ നിയോഗാനന്തരമാണ്.
24 രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയായും പതിനഞ്ച് കോടിയിലേറെ ജനങ്ങളുടെ സംസാരഭാഷയായും നൂറ് ദശലക്ഷം ജനങ്ങളുടെ സംസാരഭാഷയായും അറബി ഇന്ന് പ്രചാരം നേടിയിരിക്കുന്നു.
അറബി ഭാഷയുടെ വളര്‍ച്ച
അഞ്ച് ഘട്ടങ്ങളിലൂടെയാണ് അറബിഭാഷയുടെ വളര്‍ച്ച
1. ജാഹിലിയ്യ കാലഘട്ടം
2. ഇസ്‌ലാമിക കാലഘട്ടം
3. അബ്ബാസിയ്യാ കാലഘട്ടം
4. തുര്‍ക്കി കാലഘട്ടം
5. ആധുനിക കാലഘട്ടം
ജാഹിലിയ്യ കാലഘട്ടത്തില്‍ അറബി കവിതകളില്‍ ധാരാളം രചനകള്‍ നടന്നു. മുഅല്ലഖകള്‍ എന്ന പേരിലാണ് അവ അറിയപ്പെട്ടത്. മുഹമ്മദ് നബിയുടെ നിയോഗത്തോടെ ഇസ്‌ലാമിക ഘട്ടം വരികയും ഖുര്‍ആനും, പ്രവാചക വചനങ്ങളും ഉള്‍പ്പെടെ അറബി സാഹിത്യത്തില്‍ വലിയ വളര്‍ച്ച കൈവരിക്കുകയും ചെയ്തു.
അറേബ്യന്‍ സാഹിത്യത്തിലെ സുവര്‍ണ്ണകാലഘട്ടമായിട്ടാണ് അബ്ബാസിയ്യ കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്. കവിത, ചരിത്രം, ഭൂമി ശാസ്ത്രം തുടങ്ങിയ സാഹിത്യ മേഖലകള്‍ വികാസം കൈവരിച്ചു. പ്രസിദ്ധമായ പ്രവാചക പ്രകീര്‍ത്തനകാവ്യം 'ഖസീദത്തുല്‍ ബുര്‍ദ' രചിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്. യാത്രാ വിവരണങ്ങളും, രാജ്യവിവരണങ്ങളും സാമൂഹ്യശാസ്ത്ര ചുറ്റുപാടുകളുടെ രചനകള്‍ക്കും ഗദ്യ രചനക്കും തുടക്കം കുറിച്ചത് തുര്‍ക്കികാലഘട്ടത്തിലാണ്. ഉപന്യാസം, നാടകം, ചെറുകഥ, സ്വാതന്ത്രകവിത എന്നിവയുടെ വികാസമാണ് ആധുനിക കാലഘട്ടത്തില്‍ കാണാനാവുന്നത്.
അറബി ഭാഷയുടെ പ്രത്യേകതകള്‍
28 അക്ഷരങ്ങള്‍ മാത്രമുള്ള അറബി ഭാഷ വലത്ത് നിന്നു ഇടത്തോട്ടാണ് എഴുതുന്നത്. അകാരവും, ഇകാരവും, ഉകാരവും ഓരോ അക്ഷരത്തിനും പ്രത്യേകമായി തല്‍കപ്പെടുന്നു. പദ സമ്പത്തുകളാല്‍ ധന്യമാണ് അറബി ഭാഷ. വലിയ ആശയങ്ങളെ ചെറിയ പദങ്ങളിലൂടെ പറയാന്‍ സാധിക്കുന്നു. പര്യായ പദങ്ങളോടൊപ്പം തന്നെ ഒരാശയത്തിന്റെ വിവിധ ഘട്ടങ്ങളെ വിവിധ പദങ്ങളെ കൊണ്ട് പരിചയപ്പെടുത്താന്‍ സാധിക്കുന്നു.
അറബി ഭാഷയും ഐക്യരാഷ്ട്ര സഭയും
1948-ല്‍ ലബനോനിലെ ബൈറൂത്തില്‍ ചേര്‍ന്ന യുനസ്‌കോയുടെ മൂന്നാമത്തെ പൊതു സമ്മേളനത്തില്‍ മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി അറബിയെ പ്രഖ്യാപിച്ചു
1973- ഡിസംബര്‍ 18 ന് ഐക്യരാഷ്ട്രസഭ അറബി ഭാഷയെ ഔദ്യോഗികമായി അംഗീകരിച്ചു
2010 ഡിസംബര്‍ 18 മുതല്‍ അറബി ഭാഷാ ദിനാചരണം നടത്തിവരുന്നു
അറബി കാലിഗ്രഫി
അറബി ഭാഷയില്‍ ഏറെ പ്രചാരം നേടിയകലയാണ് അറബി കാലിഗ്രഫി. വിവിധ ആശയങ്ങളെ അറബി പദങ്ങള്‍ ഉപയോഗിച്ച് തന്നെ ചിത്ര രൂപത്തില്‍ ആവിഷ്‌ക്കരിക്കുകയാണ് കാലിഗ്രഫി കൊണ്ട് ഉദ്ദേശിക്കുന്നത്.
ബ്രഷ്, മൂര്‍ച്ചയുള്ള എഴുത്ത് ഉപകരണം തുടങ്ങിയവ ഉപയോഗിച്ച് ആശയങ്ങളെ ഡിസൈന്‍ ചെയ്യുക എന്നാതാണ് ഇതിന്റെ പ്രത്യേകത. പല ഗ്രന്ഥങ്ങളും സ്ഥാപനങ്ങളുമൊക്കെ അലങ്കരിക്കാനായി ഈ രീതിയെ ഇന്ന് അവലംബിക്കുന്നുണ്ട്.
അറബി മലയാളം
അറബി, മലയാളം എന്നീ ഭാഷകളില്‍ നിന്ന് രൂപപ്പെട്ട ഒരു ലിപിയാണ് അറബിമലയാളം. കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ രൂപപ്പെട്ട ഈ ലിപി മതപരമായ ആശയ പ്രചരണത്തിനായി ഉപയോഗപ്പെടുത്തുന്നു. അറബി അക്ഷരങ്ങള്‍ക്ക് മലയാളം ശബ്ദം നല്‍കിയാണ് ഈ ലിപി രൂപപ്പെടുത്തിയിരിക്കുന്നത്. ലിപി എന്നതില്‍ നിന്ന് ഒരു ഭാഷയായി അറബിമലയാളം രൂപപ്പെട്ടിട്ടുണ്ട്. ക്വിസ്സപ്പാട്ടുകളും പടപ്പാട്ടുകളും രചിക്കപ്പെട്ടിട്ടുപള്ളത് അറബി മലയാളത്തിലാണ്. മാപ്പിളപ്പാട്ടുകളുടെ ശരിയായ രചന അറബി മലയാളത്തിലൂടെ മാത്രമേ നിര്‍വ്വഹിക്കാനാവൂ.
അറബിഭാഷയും മുസ്‌ലിംകളും
അറബി മുസ്‌ലിംകളുടെ മത ഭാഷായായിട്ടാണ് അംഗീകരിക്കുന്നതെങ്കിലും മുസ്‌ലിംകള്‍ക്ക് മാത്രമായി പരിമിതപ്പെട്ട ഭാഷയല്ല അറബി. ഇസ്‌റാഈല്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ മുസ്‌ലിംകളല്ലാത്തവരുടെയും സംസാരഭാഷയാണ് അറബി.
'അല്‍മുന്‍ജിദ്' അറബി ഡിക്ഷ്ണറി ഉള്‍പ്പെടെ ധാരാളം അറബിക്ക് ഗ്രന്ഥങ്ങള്‍ മുസ്‌ലിംകളുടേതല്ലാതെ വിരചിതമായിട്ടുണ്ട്. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ അഞ്ഞൂറിലധികം അറബി അധ്യാപകര്‍ മുസ്‌ലിംകള്‍ അല്ലാത്തവരാണ്. പഠിതാക്കളിലും മുസ്‌ലിംകള്‍ അല്ലാത്തവരായി ധാരാളം പേരുണ്ട്.
പൊതുവിദ്യാലയത്തില്‍ അറബി അധ്യാപികയായി നിയമിതയായ മേലാറ്റൂര്‍ സ്വദേശിനി ഗോപാലിക അന്തര്‍ജനം. അഞ്ച് വിദ്യാലയങ്ങളിലായി 28 വര്‍ഷത്തെ അധ്യാപനത്തിന് ശേഷം 2016 മാര്‍ച്ചില്‍ സര്‍വിസില്‍ നിന്നു വിരമിച്ചു.
അറബി ഭാഷയും തൊഴില്‍ സാധ്യതയും
വിവരസാങ്കേതികവിദ്യയുടെ വികാസത്തില്‍ അറബി ഭാഷയ്ക്ക് വലിയ പങ്ക് നിര്‍വ്വഹിക്കാനാവും. മെമ്മറികളിലും ചിപ്പുകളിലും കൂടുതല്‍ വിവര ശേഖരണത്തിന് കുറഞ്ഞ പദങ്ങളിലൂടെ വലിയ ആശയങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കുന്നതിനാല്‍ ഐ.ടി മേഖലകളില്‍ അറബിഭാഷ സ്വാധീനം ചെലുത്തുന്നുണ്ട്.
കേന്ദ്ര ഗവണ്‍മെന്റിന് കീഴില്‍ ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായി മൂന്ന് അറബിക് മാഗസിനുകള്‍ പുറത്തിറങ്ങുന്നുണ്ട്. കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ ഉന്നത പഠന സൗകര്യങ്ങളും നില നില്‍കുന്നുണ്ട്. 76,000 കോടി രൂപ വിദേശ നാണ്യമായി വര്‍ഷം തോറും രാജ്യത്തിന് അറബി ഭാഷയിലൂടെ ലഭ്യമാകുന്നുണ്ട്.
സ്‌കൂളില്‍ നടത്താവുന്ന സാഹിത്യ ക്വിസ് മത്സരത്തിനാവശ്യമായ ചോദ്യങ്ങള്‍
1. ഗാന്ധിജിയെ കുറിച്ച് കവിത എഴുതിയ അറബിക് കവി ?
2. അറബി-ഹിന്ദി എന്നീ ഭാഷകള്‍ ചേര്‍ന്ന് രൂപം കൊണ്ട ഇന്ത്യന്‍ ഭാഷ?
3. തകഴിയുടെ ചെമ്മീന്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത്?
4. അറബി ഭാഷയുടെ പിതാവ്?
5. കേരള ചരിത്രം ആദ്യമായി രചിക്കപ്പെട്ട ഗ്രന്ഥം?
6. കുമാരനാശാന്റെ വീണപൂവ് അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത മലയാളി?
7. അറബി ഭാഷയില്‍ നോബല്‍ സമ്മാനം നേടിയ എഴുത്തുകാരന്‍?
8. 'രാക്കുയിലിന്റെ രാഗം' എന്ന വിവര്‍ത്തനത്തിന്റെ മൂല ഗ്രന്ഥം?
9. ഭഗവത് ഗീത അറബിലിലേക്ക് വിവര്‍ത്തനം ചെയ്യ്തത്?
10. സംസ്‌കൃത ഭാഷയില്‍ രചിക്കപ്പെട്ട പഞ്ചതന്ത്ര കഥകളുടെ അറബിക് നാമം?
11. അറബി സാഹിത്യത്തിലെ ചെറുകഥയുടെ നായകന്‍?
12. സാമൂഹ്യ ശാസ്ത്രത്തിന്റെ അടിസ്ഥാന ഗ്രസ്ഥമായി അംഗീകരിക്കുന്ന അറബി ഗ്രന്ഥം?
13. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന അറബിക് മാഗസിന്‍?
ഉത്തരങ്ങള്‍
1. അഹമ്മദ് ഷൗഖി
2. ഉറുദു
3. ഡോ. ഇ.കെ മുഹമ്മദ്കുട്ടി
4. യഅ്‌റബ് ബിനു കഹ്താന്‍
5. തുഹ്ഫതുല്‍ മുജാഹിദീന്‍
6. നന്മണ്ട അബൂബക്കര്‍
7. നജീബ് മഹ്ഫൂള്
8. ദുആഉല്‍ കര്‍വാന്‍
9. വദീഅ് ബുസ്താനി
10. കലീല വ ദിംന
11. മഹ്മൂദ് തൈമൂര്‍
12. മുഖദ്ദിമ
13. സഖാഫതുല്‍ ഹിന്ദ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."