എവിടെ പോയി പരിസ്ഥിതി ദിനത്തില്‍ നട്ട ആ മുളംതൈകള്‍; ആര് ഉത്തരം പറയും?
കേളകം: പരിസ്ഥിതി ദിനത്തില്‍ പൂക്കുണ്ട് പുഴയോരത്ത് ആഘോഷമായി നട്ട മുളം തൈകള്‍ ഇന്ന് പേരിനുപോലും അവശേഷിക്കുന്നില്ല. കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് ആറളം വന്യജീവി സങ്കേതത്തിന്റെയും ആറളം വൈല്‍ഡ് ലൈഫ് ഡിവിഷന്റെയും നേതൃത്വതില്‍ കേളകം പഞ്ചായത്തിലെ പൂക്കുണ്ട് കോളനിക്ക് സമീപത്തെ പുഴയുടെ പുറമ്പോക്കില്‍ മുളം തൈകള്‍ നട്ടത്. എന്നാല്‍ സ്ഥലം ഇന്ന് പഴയതുപോലെ തന്നെയാണ്. ആഘോഷപൂര്‍വം തൈകള്‍ നട്ടു എന്നല്ലാതെ പിന്നീട് ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടു പോലുമില്ല. സംരക്ഷണം കിട്ടാതെ തൈകളെല്ലാം നശിച്ചുപോയി.
പ്രകൃതി സംരക്ഷണം എന്ന ആശയം ജനങ്ങളിലെത്തിക്കാന്‍ പാടുപെടുന്ന വനംവകുപ്പ് തന്നെയാണ് ഈ പ്രഹസന നടീല്‍ നടത്തിയത് എന്നതാണ് ഏറെ വിചിത്രം. പരിസ്ഥിതി ദിനത്തില്‍ പല സന്നദ്ധ സംഘടനകളും ഇത്തരത്തില്‍ വൃക്ഷതൈകള്‍ നടാറുണ്ടെങ്കിലും ഇവയൊന്നും തന്നെ സംരക്ഷിക്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ കാഴ്ച. ഓരോ പരിസ്ഥിതി ദിനത്തിലും വൃക്ഷതൈകള്‍ നടാന്‍ ചെലവഴിക്കുന്ന പണം പൊതുഖജനാവില്‍ നിന്നു ഒഴുകി പോകുന്നുവെന്നുമാത്രമാണ് ഈ തൈ നടല്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."