ജിഷവധക്കേസ്: അന്വേഷണ വഴി ഇങ്ങനെ...
പെരുമ്പാവൂരില്‍ യുവതി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ എന്ന വെറും സര്‍വ്വ സാധാരണമായൊരു വാര്‍ത്ത പെട്ടെന്നാണ് സംസ്ഥാനത്തെ ഇളക്കി മറിച്ച കേസായി മാറിയത്. സോഷ്യല്‍ മീഡിയ ഇടപെടലാണ് ഇതിന് ഹേതുവായതെന്നു പറയാം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ കേസ് പാര്‍ട്ടികള്‍ക്ക് കിട്ടിയ കച്ചിത്തുരുമ്പാവുകയും ചെയ്തു. ജിഷ വധക്കേസിലെ സുപ്രധാന സംഭവങ്ങളിലൂടെ.
2016 ഏപ്രില്‍ 28: രാത്രി ഏട്ട് മണിയോടെ പെരുമ്പാവൂരിലെ വീടിനുള്ളില്‍ ജിഷ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നു. കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായരീതിയില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ദേഹത്ത് ചുരിദാറിന്റെ ടോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു.
കേസന്വേഷണത്തിന് പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിക്കുന്നു. സമീപവാസികളുടെ മൊഴികള്‍ പ്രകാരം പോലിസ് പ്രതിയുടേതെന്ന സംശയിക്കുന്ന ആളിന്റെ രേഖാചിത്രം പുറത്ത് വിടുന്നു.
ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടന്നു എന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടായിരുന്നു എന്നും ക്രൂരമായി കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിരുന്നു എന്നും റിപ്പോര്‍ട്ട്.
ജിഷയുടെ കൊലപാതകിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് അന്വേഷണ മേല്‍നോട്ടം കൊച്ചി റേഞ്ച് ഐജി മഹിപാല്‍ യാദവിന്.
കൊലപാതകം അന്വേഷിക്കുന്ന സംഘത്തില്‍ നിന്ന് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി അനില്‍ കുമാറിനെ ഒഴിവാക്കി. പകരം ക്രൈംഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി എ.ബി ജിജിമോന് ചുമതല നല്‍കി. രേഖാചിത്രത്തിലെ സാമ്യത്തിന്റെ പേരില്‍ ജിഷയുടെ അയല്‍ക്കാരനെ പൊലിസ് കണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.
ജിഷയുടെ സഹോദരിയുടെ സുഹൃത്തിനെ ചുറ്റിപ്പറ്റി അന്വേഷണം. കൊലപാതകി അന്യസംസ്ഥാന തൊഴിലാളിയെണെന്ന സൂചനകള്‍ ലഭിക്കുന്നു. മൃതദേഹത്തിലെ മുറിവുകള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കേസിലേതിന് സമാനം. നിര്‍മാണ തൊഴിലാളികള്‍ ധരിക്കുന്ന തരം ചെരിപ്പ് പൊലിസ് ജിഷയുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തുന്നു.
പ്രതികളെന്ന പേരില്‍ രണ്ടുപേരെ മുഖം മറച്ച് പൊലീസ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ കൊണ്ടുവന്നത് വിവാദമായി. ഇവര്‍ കളമശേരി റിസര്‍വ് ക്യാംപിലെ പൊലീസുകാരായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നു.
ജിഷയെ കൊലപ്പെടുത്തിയത് മുന്‍നിരയിലെ പല്ലിന് വിടവുള്ളയാളെന്ന നിര്‍ണായക വിവരം പുറത്ത് വന്നു. ജിഷയുടെ മൃതദേഹത്തില്‍കണ്ട മുറിവില്‍നിന്നാണ് പൊലിസ് ഈ നിഗമനത്തിലെത്തിയത്. മുന്‍നിരയില്‍ മുകളിലും താഴെയുമുള്ള നാല് പല്ലുകളാണ് ജിഷയുടെ മൃതദേഹത്തില്‍ പതിഞ്ഞിട്ടുള്ളത്.
ജിഷ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് കൊലയാളിയുടെ ഡി.എന്‍.എ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളവരുടേതുമായി ഈ ഡി.എന്‍.എ ചേരാത്തത് പൊലിസിന്റെ വഴി മുട്ടിച്ചു.
ജിഷയുടെ ഘാതകരേത്തേടി പൊലിസ് ബംഗാളിലെ മൂര്‍ഷിദാബാദിലേക്ക് പോകുന്നു. കൊലപാതകം നടന്ന സ്ഥലത്തെ മെബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിന് ശേഷമാണ് പൊലിസ് ബംഗാളിലേക്ക് പോകുന്നത്. പ്രതി നിര്‍മ്മാണ തൊഴിലാളിയാണെന്ന് പൊലിസ് ഉറപ്പിക്കുന്നു.
കേസുമായ് ബന്ധപ്പെട്ട് 10 പേരെ പൊലിസ് കസ്റ്റഡിയിലെടുക്കുന്നു. ഡി.എന്‍.എ പരിശോധന പരാജയപ്പെട്ടതോടെ വീണ്ടും ആശയക്കുഴപ്പത്തില്‍.
നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തില്‍ എട്ടംഗം സംഘത്തെ ജിഷ വധക്കേസ് ഏല്‍പ്പിക്കുന്നു.
പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ ഡി.എന്‍.എ പരിശോധനയില്‍ കൂടുതല്‍ വ്യക്തത. ജിഷയുടെ കൈവിരലില്‍നിന്ന് ലഭിച്ച രക്തക്കറയിലെ ഡി.എന്‍.എയും വസ്ത്രത്തില്‍നിന്ന് ലഭിച്ച ഉമിനീരിലെ ഡി.എന്‍.എയും തമ്മില്‍ ഘടനയില്‍ സാമ്യമുണ്ടെന്നാണ് പരിശോധനാ ഫലം.
ജിഷ കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പൊലിസ് പുറത്തു വിട്ടു. ഏകദേശം 5 അടി 7 ഇഞ്ച് ഉയരവും വെളുത്ത നിറവും മെലിഞ്ഞ ശരീരവും ചീകാത്ത മുടിയുമുള്ള ആളുടെ രേഖാചിത്രമാണ് പുറത്തു വിട്ടത്.
ജിഷ വധക്കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. കൊല നടത്തിയ പ്രതി എന്ന് കരുതുന്ന ആളിന്റെ വീഡിയോ ദൃശ്യം ലഭിച്ചു. ജിഷയ്ക്ക് തൊട്ടുപിന്നിലായി പ്രതിയെന്ന് കരുതുന്ന മഞ്ഞഷര്‍ട്ടിട്ട ഒരു യുവാവും നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജിഷയുടെ വീടിന് സമീപത്തെ വളം വില്‍പന കേന്ദ്രത്തിലെ സി.സി.ടി.വിയിലാണ് ദൃശ്യങ്ങളുണ്ടായിരുന്നത്.
ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് വീടിന് പരിസരത്തുള്ള അന്യ സംസ്ഥാനക്കാരെ പൊലിസ് ചോദ്യം ചെയ്തു. 25ഓളം പേരെ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ജിഷയുടെ വീടിനു പരിസരത്ത്, സംഭവ ദിവസം ജോലി ചെയ്തിരുന്ന അന്യ സംസ്ഥാനക്കാരെയാണ് പരിശോധിച്ചത്. വീടിനടുത്ത സ്‌കൂളിലും ഈ ദിവസം നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ടായിരുന്നു. പ്രതിയേക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നു.
വിവരങ്ങള്‍ പ്രകാരം പ്രതിയെ പാലക്കാട് തമിഴ്‌നാട് കേരള അതിര്‍ത്തിയില്‍ നിന്ന് പ്രത്യേക സംഘം അറസ്റ്റ് ചെയ്യുന്നു. അസം സ്വദേശിയായ അമീറുലിനെയാണ് പിടികൂടിയത്. അന്ന് തന്നെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയ്ക്കുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുന്നു.
പ്രതിയെ പിടി കൂടിയ വിവരം പുറത്തുവരുന്നു. പത്തു മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതി പിടിയിലായ വിവരം ശരിവെക്കുന്നു. തൊട്ടുപിന്നാലെ ഡി.എന്‍.എ. പരിശോധനാഫലം പുറത്തു വന്നു. ഇതില്‍ പ്രതി അമീറുല്‍ തന്നെയാണെന്നു സ്ഥിരീകരിച്ചു.
2017 ഡിസംബര്‍ 12ന് കേസ് പരിഗണിച്ചു. പ്രതിക്ക് അസമീസ് ഭാഷ മാത്രമേ അറിയൂ എന്നും നേരത്തെ നടന്ന അന്വേഷണത്തിന്റെ വിവരങ്ങള്‍ വ്യക്തമല്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം തള്ളി. പുനരന്വേഷണ ഹരജി ശിക്ഷാ വിധി വന്ന ശേഷം പരിഗണിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.
13നും വാദം കേള്‍ക്കല്‍ തുടര്‍ന്നു.
ഡിസംബര്‍ 14: ഒടുവില്‍ അമീറിന് തൂക്കുകയര്‍. പ്രതി അമീറിന് എറണാകുളം കോടതി വധശിക്ഷ വിധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."