വിമാനം വൈകി; അമര്‍ഷം യാത്രികനായ മന്ത്രിയോട് പ്രകടിപ്പിച്ച് സഹയാത്രികര്‍
ന്യൂഡല്‍ഹി: വിമാനം പുറപ്പെടാന്‍ വൈകിയതിനു വ്യോമയാന മന്ത്രിയോട് യാത്രക്കാര്‍ കയര്‍ത്ത സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ മൂന്നു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. വ്യോമയാന മന്ത്രി അശോക് ഗജപതി രാജു ഉള്‍പ്പെടെ നൂറോളം പേര്‍ കയറിയ എയര്‍ ഇന്ത്യയുടെ ഡല്‍ഹി- വിജയവാഡ വിമാനമാണ് ഒന്നര മണിക്കൂറോളം വൈകിയത്.
പുലര്‍ച്ചെ ആറിനായിരുന്നു വിമാനം പറന്നുയരേണ്ടിയിരുന്നത്. എന്നാല്‍ കാഴ്ച വ്യക്തമാകാന്‍ കുറച്ചുകൂടി കാത്തിരുന്നിട്ട് ടേക്ക് ഓഫ് ചെയ്യാമെന്ന എയര്‍ലൈനിന്റെ ഓപ്പറേഷന്‍ വിഭാഗം തീരുമാനിച്ചു. എന്നാല്‍ ഇത് ഗ്രൗണ്ട് സ്റ്റാഫിനെ കൃത്യമായി അറിയിക്കുകയും ചെയ്തില്ല. ഇവര്‍ യാത്രക്കാരെ വിമാനത്തില്‍ കയറ്റി.
മാത്രമല്ല, എയര്‍പോര്‍ട്ട് പാസിലെ പ്രശ്‌നങ്ങള്‍ മൂലം പ്രധാന പൈലറ്റിനു സുരക്ഷാ പരിശോധനയില്‍ കാലതാമസം നേരിടേണ്ടിവന്നതും വിമാനം വൈകാന്‍ കാരണമായി. കോ-പൈലറ്റ് മാത്രമാണു സമയത്തു വിമാനത്തില്‍ കയറിയിരുന്നത്.
ഇതിനിടെ, വിമാനം വൈകിയതിലുള്ള അമര്‍ഷം യാത്രക്കാര്‍ മന്ത്രിയുടെ നേരെയും പ്രകടിപ്പിച്ചു. പ്രതിഷേധിക്കുന്ന യാത്രക്കാരുടെ ഇടയില്‍നിന്നു തന്നെ മന്ത്രി എയര്‍ ഇന്ത്യയുടെ പുതിയ മേധാവി പ്രദീപ് ഖറോളയെ ഫോണില്‍ വിളിച്ചു വിശദീകരണം തേടി. തൊട്ടുപിന്നാലെ മൂന്നു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു.
വൈകിയെത്തിയ മുഖ്യ പൈലറ്റിനു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."