നിര്‍ഭയ, സൗമ്യ, ജിഷ...ആവര്‍ത്തിക്കുന്ന പെണ്‍പേരുകള്‍
ഒന്നര വര്‍ഷത്തിലേറെ നീണ്ട അന്വേഷണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ജിഷ കേസിലെ പ്രതി അമീറിന് വധശിക്ഷ വിധിച്ചിരിക്കുന്നു. കൊലപാതകത്തിന്റെ ക്രൂരതകള്‍ പരിഗണിച്ചാല്‍ പ്രതി അര്‍ഹിക്കുന്ന വിധി തന്നെയാണിത്. പ്രാദേശിക പേജിന്റെ ഒറ്റക്കോളത്തില്‍ ഒതുങ്ങിപ്പോവുമായിരുന്ന ഒരു നാമമായിരുന്നു ജിഷ. നമ്മുടെ നാട്ടില്‍ നേരം പുലര്‍ന്നാല്‍ കേള്‍ക്കുന്ന നൂറുകണക്കിനു 'മരിച്ചനിലയില്‍' കണ്ടെത്തപ്പെടുന്നവരിലൊരാള്‍. ജിഷയുടെ സുഹൃത്തുക്കളടക്കം ഒരുപാടുപേര്‍ സാമൂഹികമാധ്യമങ്ങള്‍ വഴി നടത്തിയ പോര്‍വിളികളാണു കേരളരാഷ്ട്രീയത്തെ പിടിച്ചുലച്ച ഗതിമാറ്റത്തിലേക്കു കേസിനെ കൊണ്ടെത്തിച്ചത്.
2016 ഏപ്രില്‍ 28നാണു ജിഷയെ അതിക്രൂരമായി കൊല ചെയ്ത നിലയില്‍ കാണുന്നത്. ജോലി കഴിഞ്ഞെത്തിയ മാതാവ് രാജേശ്വരിയാണ് ആ ദാരുണരംഗം ആദ്യം കണ്ടത്. തീര്‍ത്തും ഒറ്റപ്പെട്ട പുറമ്പോക്കു ഭൂമിയിലെ വീടെന്നു പറയാന്‍ കഴിയാത്ത ഒട്ടും സുരക്ഷിതമല്ലാത്ത ഒറ്റമുറിയിലായിരുന്നു മൃതദേഹം. അര്‍ധനഗ്നയായി ശരീരം മുഴുവന്‍ കീറിമുറിക്കപ്പെട്ട അവസ്ഥയിലായിരുന്നു.
പിന്നീട് നടന്നതെല്ലാം യാന്ത്രികമാണ്. അന്വേഷണസംഘം രൂപീകരിക്കുന്നു. സമീപവാസികളുടെ മൊഴികള്‍ പ്രകാരം ആദ്യമൊരു രേഖാചിത്രം പുറത്തുവരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നു. മുറിവുകളുടെ എണ്ണവും ആഴവും കൂടുന്നു. ഇതോടൊപ്പം നാട്ടില്‍ പ്രതിഷേധവും ശക്തമാവുന്നു. അന്വേഷണസംഘത്തിലെ ആളുകള്‍ മാറുന്നു.
അതിനിടെ രേഖാചിത്രത്തിലെ സാമ്യത്തിന്റെ പേരില്‍ ജിഷയുടെ അയല്‍ക്കാരനെ പൊലിസ് കസ്റ്റഡിയിലെടുക്കുന്നുണ്ട്. രേഖാചിത്രത്തോടു സാമ്യതയുള്ളതിന്റെ പേരില്‍ അപഹാസ്യരാക്കപ്പെട്ടവര്‍ വേറെയുമുണ്ടായിരുന്നു ആ നാട്ടില്‍. ജിഷാ വധക്കേസില്‍ അമീര്‍ പിടിയിലാകുന്നതിനു മുന്‍പ് പൊലിസ് സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തത് മുപ്പതോളം പേരെയാണ്.
തെരഞ്ഞെടുപ്പിനു മുന്‍പ് പ്രതിയെ പിടിക്കുകയെന്ന രാഷ്ട്രീയനേട്ടത്തിനു കേസ് വഴിമാറിയപ്പോള്‍ കളമശ്ശേരി എ.ആര്‍ ക്യാംപിലെ രണ്ടു യുവ പൊലിസുകാര്‍ക്കും പ്രതിവേഷം കെട്ടേണ്ടി വന്നു.
പിന്നീട്, കെട്ടിത്തൂക്കിയ രണ്ടു ചെരിപ്പുകളുടെ അടിസ്ഥാനത്തിലാണു പ്രതി നിര്‍മാണത്തൊഴിലാളിയാണെന്ന നിഗമനത്തില്‍ പൊലിസ് എത്തുന്നത്. ആ നിര്‍മാണത്തൊഴിലാളി അമീര്‍ ആണെന്നു കണ്ടെത്തുന്നതും ആ ചെരിപ്പിന്റെ അടിസ്ഥാനത്തിലാണ്! മൃതദേഹത്തിലെ മുറിവുകള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കേസിലേതിനു സമാനമാണെന്നും വിലയിരുത്തപ്പെട്ടു. തുടര്‍ന്ന് ലഭിച്ച ഡി.എന്‍.എ തെളിവുകള്‍ ഏക പ്രതിയായ അമീര്‍ കുറ്റക്കാരനെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു സഹായകമായി. ജിഷയുടെ നഖത്തിനടിയില്‍നിന്ന് കണ്ടെത്തിയ അമീറിന്റെ തൊലിയുടെ ഡി.എന്‍.എ ആയിരുന്നു ഇതില്‍ പ്രധാനം.
ആക്രമണത്തിനിടെ ജിഷയുടെ തോളില്‍ പ്രതി കടിച്ചിരുന്നു. ജിഷയുടെ ചുരിദാര്‍ ടോപ്പില്‍ കണ്ടെത്തിയ ഉമിനീരില്‍നിന്നു പ്രതിയുടെ ഡി.എന്‍.എ കണ്ടെത്തി. ചുരിദാറിന്റെ കൈയില്‍ പുരണ്ട രക്തക്കറയും പ്രതിയുടേതാണെന്നു ഡി.എന്‍.എ പരിശോധനയില്‍ തെളിയുകയായിരുന്നു. ജിഷയുടെ വീടിന്റെ വാതിലില്‍ പുരണ്ട രക്തക്കറ അമീറിന്റെതാണെന്നു ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞു. പ്രതിയുടെ ചെരിപ്പില്‍ ജിഷയുടെ ഡി.എന്‍.എ കണ്ടെത്തി.
തുടക്കം മുതല്‍ ദുരൂഹത നിറഞ്ഞതാണ് ഈ കേസ്. തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്ന പരാതി തുടക്കം മുതല്‍ ഉണ്ടായിരുന്നു. അതിന് ആക്കം കൂട്ടുന്ന രീതിയിലായിരുന്നു അസമയത്തെ ജിഷയുടെ ശവസംസ്‌കാരം. അവസാനം തെളിവായതു കെട്ടിത്തൂക്കിയ ചെരിപ്പുകള്‍. മുന്‍കാല വൈരാഗ്യമായിരുന്നത്രേ പ്രതിക്കു ജിഷയോട്. തുറിച്ചുനോക്കിയതിനു ജിഷ കയര്‍ത്തതും മുഖത്തടിക്കുമെന്നു പറഞ്ഞതും പ്രതിയുടെ മനസ്സില്‍ വൈരാഗ്യം നിറച്ചെന്നൊക്കെ വാര്‍ത്തകള്‍ക്കിടയിലെ വരികളായി.
പ്രതി അമീര്‍ തന്നെയാണോ എന്നൊരു സംശയം പോലും പലരുടെ മനസ്സിലും ഇപ്പോഴും ബാക്കി നിര്‍ത്തുന്ന രീതിയിലായിരുന്നല്ലോ അന്വേഷണ വഴികളും. അമീറെന്ന ഇതരസംസ്ഥാന തൊഴിലാളിക്കു വേണ്ടിയായിരുന്നോ പൊലിസ് തെളിവു നശിപ്പിക്കാന്‍ വ്യഗ്രത കാണിച്ചത്. ശവസംസ്‌കാരം ഇത്രത്തോളം ധൃതിപിടിച്ചു നടത്തിക്കാന്‍ മാത്രം സ്വാധീനമുള്ളയാളാണോ അമീര്‍. കേരളരാഷ്ട്രീയത്തെപ്പോലും തിരുത്തിയെഴുതാന്‍ ശക്തനായിരുന്നോ ഈ ഇതരസംസ്ഥാന തൊഴിലാളി. നമ്മുടെ നാട്ടിലെ നിയമപാലകരെ നിയന്ത്രിക്കാന്‍ കഴിയുന്നേടത്തെത്തിയോ ഇവിടുത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ ശക്തി? ഇത്തരം നിരവധി ചോദ്യങ്ങള്‍ ഇവിടെ ബാക്കിയാവുന്നുണ്ട്.
ഇത്തരം കേസുകളില്‍ പ്രതികളാവാന്‍ ഗോവിന്ദച്ചാമിമാരും അമീറുമാരും ഉണ്ടെന്നത് അതിശയമല്ല. അവര്‍ക്കുവേണ്ടി വാദിക്കാന്‍ ആളൂരുമാര്‍ ഉണ്ടെന്നതും അല്‍പ്പമൊരു അതിശയം തന്നെയല്ലേ എന്നൊരു സംശയം ഇല്ലാതില്ല. എല്ലാം വച്ചു പറയട്ടെ, പൊതുജനത്തിനു വേണ്ടതു നീതിയാണ്. ഈ വിധിയെ നാമാഗ്രഹിച്ച നീതിയെന്നു തന്നെ പറയാം. ഗാലറി നോക്കി വിധി പറയുന്ന നടപടി കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഇനി, അമീര്‍ മറ്റൊരു ഗോവിന്ദച്ചാമിയാവുമോ എന്നതാണു ജനതയുടെ ആകാംക്ഷ.
കോലാഹലമാവുന്ന സമരങ്ങള്‍
ഓരോ കൊലപാതകവും പീഡനവും നമുക്കിടയില്‍ ബാനറുകളും പോസ്റ്ററുകളും ഹാഷ് ടാഗുകളും ഉയര്‍ത്താറുണ്ട്. ഈ വീര്യങ്ങളെല്ലാം നാളുകള്‍ നീളുമ്പോള്‍ തണുത്തുറഞ്ഞു പോവാറാണു പതിവ്. ഇക്കഴിഞ്ഞ ദിവസം അമീര്‍ കോടതിയിലെത്തുംവരെ നാം ജിഷയെയും മറന്നതാണ്.
സംഭവങ്ങളുണ്ടാവുമ്പോള്‍ മാത്രം സമരങ്ങളും പ്രതിഷേധങ്ങളും ഉയരുകയും അതിനെത്തുടര്‍ന്നു മാത്രം 'പൊടിക്കൈ' നടപടികളുണ്ടാവുകയും ചെയ്യുന്ന കാലം അവസാനിച്ചേ തീരൂ. നിരന്തരമായ പ്രവര്‍ത്തനവും ജാഗ്രതയുമാണ് ആവശ്യം.
വീടുകളില്‍, കച്ചവടസ്ഥാപനങ്ങളില്‍, പണിയിടങ്ങളില്‍, ജീവിതത്തിന്റെ കൊടുംകാടുകള്‍ക്കു നടുവില്‍ ഒരു കുഞ്ഞുനിലവിളി പോലും പുറത്തുകേള്‍പ്പിക്കാനാവാതെ വേട്ടനായ്ക്കളുടെ പല്ലുകളില്‍ കുരുങ്ങിക്കിടക്കുന്ന അനവധി ജന്മങ്ങളുണ്ടു നമ്മുടെ നാട്ടില്‍. അവരുടെ ദൈന്യതകള്‍ക്കു നേരേ നമ്മുടെ മനഃസാക്ഷിയുടെ കണ്ണ് എന്നാണു തുറന്നുപിടിക്കുക. ആ നിലവിളികള്‍ എന്നാണു നമ്മുടെ ബധിരകര്‍ണങ്ങളില്‍ അലോസരമുണ്ടാക്കുക.
പ്രായമേതായാലും പെണ്ണായാല്‍ മതിയെന്നൊരു ചിന്തയില്‍ വിഹരിക്കുന്ന വൃത്തികെട്ടൊരു വിഭാഗം തെരുവുകളിലും വീട്ടകങ്ങളിലും ഓഫിസുമുറികളിലും വാഹനങ്ങളിലുമെല്ലാം നാക്കുനീട്ടിയിരിക്കുകയാണ്. അവര്‍ക്കു മുന്നില്‍ ഒരു പെണ്ണുടല്‍ പോലുമാവാത്ത നാലു വയസ്സുകാരിയും പെണ്ണുടലിന്റെ ഏതേതു മാനങ്ങള്‍ വച്ചളന്നാലും ചുളിഞ്ഞുകോടി നില്‍ക്കുന്ന എഴുപതുകാരിയും ഒരുപോലെയാണ്.
അല്ലെങ്കില്‍ എങ്ങനെയാണ് കഴിഞ്ഞ ദിവസം നമ്മുടെ നാട്ടിലെ തെരുവോരങ്ങളിലും ആളൊഴിഞ്ഞ മറവുകളിലും ചതഞ്ഞരഞ്ഞ പൂവു പോലെയുള്ള കുഞ്ഞുശരീരങ്ങളെ നാം കാണുക. കഴിഞ്ഞദിവസവും കണ്ടതാണ്.
ഡല്‍ഹിയിലെ നിര്‍ഭയയേക്കാള്‍ കീറിമുറിക്കപ്പെട്ട ഒരു നാലു വയസ്സുകാരിയെ. രഹസ്യഭാഗങ്ങളെന്നു റെക്കോര്‍ഡുകളിലെഴുതപ്പെടുന്ന ശരീരഭാഗം മുഴുവന്‍ വലിച്ചുകീറി, കുഞ്ഞുടല്‍ മുഴുവന്‍ കത്തിപ്പാടുകളുമായി വഴിയോരത്തു ചോരവാര്‍ന്നു കിടക്കുമ്പോള്‍ എന്തായിരിക്കും ആ കുഞ്ഞുമനസ്സ് ഓര്‍ത്തിട്ടുണ്ടാവുക, ആ ചുണ്ടുകള്‍ വിതുമ്പിയിട്ടുണ്ടാവുക.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയില്‍ സ്ത്രീകളുടെ ജീവിതം എത്രത്തോളം ദുരിതപൂര്‍ണമാണെന്ന് ഓരോ ഇന്ത്യക്കാരനുമറിയാം. വല്ലപ്പോഴും കത്തിച്ചുപിടിക്കുന്ന മെഴുക്തിരിയിലൂടെ ഉരുകിയില്ലാതാവുന്നതല്ല, ഇന്ത്യ അഭിമുഖീകരിക്കുന്ന അതിഭീകരമായ സ്ത്രീവിരുദ്ധത. പ്രാഥമികമായും അതിന്റെ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന ബാധ്യതയാണു രാഷ്ട്രത്തിനുള്ളത്.
അവിടെ സംഭവിക്കുന്ന ഓരോ കുറ്റകൃത്യവും ഈ ബാധ്യതയെ പരാജയപ്പെടുത്തുകയാണ്. ഈ പരാജയം അംഗീകരിക്കാനും തിരുത്താനും ഭരണകൂടം തയാറാവേണ്ടതുണ്ട്.
ഇന്ത്യന്‍ തെരുവുകളും വീട്ടകങ്ങളും സുരക്ഷിതമാകേണ്ടതുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്നതു വീട്ടിനകത്തു തന്നെയാണല്ലോ.
നമുക്കുവേണ്ടത് ആവര്‍ത്തിക്കുന്ന അതിക്രമങ്ങളല്ല, അതിനെതിരേ കത്തിജ്വലിച്ച അവബോധമാണ്. നിര്‍ഭയ, ജിഷ, സൗമ്യ തുടങ്ങിയ പേരുകളല്ല, വിതുര, സൂര്യനെല്ലി, ന്യൂഡല്‍ഹി തുടങ്ങിയ സ്ഥലപ്പേരുകളുമല്ല, സ്ത്രീകളും മനുഷ്യരാണെന്ന തിരിച്ചറിവാണ്. ആ പ്രകാശത്തിലേക്കാവട്ടെ, നാളത്തെ പ്രഭാതങ്ങള്‍ ഉണരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."