അഫ്റസുലിന്റെ കൊലയാളിക്ക് സാമ്പത്തിക സഹായം; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
ജയ്പൂര്‍: ലൗ ജിഹാദ് ആരോപിച്ച് ബംഗാള്‍ സ്വദേശിയായ മുഹമ്മദ് അഫ്റസുലിനെ രാജസ്ഥാനില്‍ കൊലപ്പെടുത്തിയ ശംഭുലാല്‍ റെഗാര്‍ എന്ന കൊലയാളിക്ക് രാജ്യവ്യാപകമായി സാമ്പത്തിക സഹായം. അറസ്റ്റിലായ കൊലയാളിക്കുള്ള നിയമ സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തുന്നത്.
രാജ്യവ്യാപകമായി 516 പേര് ശംഭുലാലിനുവേണ്ടി ഇയാളുടെ ഭാര്യ സീതയുടെ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ട്. മൂന്ന് ലക്ഷം രൂപ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തിയതോടെ ഈ അക്കൗണ്ട് പൊലിസ് മരവിപ്പിച്ചിരിക്കുകയാണ്. ശംഭുലാലിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് സമൂഹിക മാധ്യമങ്ങളിലൂടെ അഭ്യര്‍ഥന നടത്തിയ രണ്ട് ബിസിനസുകാരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അക്രമിയെ സഹായിക്കുന്നതിനായി ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വരുന്നതായി തിരിച്ചറിഞ്ഞതോടെ ഈ അക്കൗണ്ട് മരവിപ്പിച്ചതായി പൊലിസ് അറിയിച്ചു. ആരെല്ലാമാണ് പണം നല്‍കിയതെന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി ഉദയ്പൂര്‍ റേഞ്ച് പൊലിസ് ഐ.ജി ആനന്ദ് ശ്രീവാസ്തവ പറഞ്ഞു.
കൂലിത്തൊഴിലാളിയായ ബംഗാള്‍ സ്വദേശി അഫ്റസുലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍പ്രതിഷേധമാണ് രാജസ്ഥാനില്‍ അലയടിക്കുന്നത്. അക്രമം ഉണ്ടായേക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഉദയ്പൂര്‍, രാജസമന്ദ് ജില്ലകളില്‍ പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ മൊബൈല്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി തടയുകയും ചെയ്തിട്ടുണ്ട്.
മുസ്ലിംകള്‍ക്കെതിരേ വീണ്ടും ആക്രമണം ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി ഉപ്ദേശ് റാണയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ ജയ്പൂരില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. ഉദയ്പൂര്‍ ചലോ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ അക്രമിയെ അനുകൂലിച്ചുകൊണ്ട് പ്രചാരണം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."