പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്നു തുടക്കം
ന്യൂഡല്‍ഹി: മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിന് ഇന്നുതുടക്കം. സമ്മേളനത്തിനു മുന്നോടിയായി സര്‍വകക്ഷിയോഗവും പ്രതിപക്ഷയോഗവും ഇന്നലെ നടന്നു. വൈകിട്ടോടെ പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തു.
സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷം സഹകരിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ചചെയ്യാനായി രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദിന്റെ ഓഫിസില്‍ വിവിധ പ്രതിപക്ഷനേതാക്കള്‍ യോഗംചേര്‍ന്നു.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, നാഷനല്‍ കോണ്‍ഫറന്‍സ്, എന്‍.സി.പി, ഇടതുകക്ഷികള്‍ തുടങ്ങിയവയുടെ നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു.
സമ്മേളനം 14 ദിവസത്തെ പ്രവൃത്തിദിനത്തിലേക്കു വെട്ടിച്ചുരുക്കിയ നടപടിയെ ചോദ്യംചെയ്യാന്‍ പ്രതിപക്ഷം ധാരണയിലെത്തിയിട്ടുണ്ട്. പാര്‍ലമെന്റ് അടച്ചിട്ടുകൊണ്ട് ഭരണഘടനാപരമായ ബാധ്യതയില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."