ഡല്‍ഹി ജുമാമസ്ജിദ് നവീകരണം: പുരാവസ്തു വകുപ്പ് പരിശോധന നടത്തി
ന്യൂഡല്‍ഹി: കാലപ്പഴക്കത്തെ തുടര്‍ന്ന് നശിച്ചുകൊണ്ടിരിക്കുന്ന ഡല്‍ഹി ജുമാമസ്ജിദ് നവീകരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ പുരാവസ്തു ഗവേഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നത തല സംഘം പരിശോധന നടത്തി. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് യൂനിറ്റ്, ഡല്‍ഹി വഖ്ഫ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവരാണ് പരിശോധന നടത്തിയത്.
മസ്ജിദിന്റെ മിനാരത്തില്‍ വിള്ളലുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് സംഘം പരിശോധന നടത്തിയത്. 361 വര്‍ഷം പഴക്കമുള്ളതാണ് ജുമാമസ്ജിദ്. പുരാവസ്തു ഗവേഷണ വകുപ്പിലെ ഡെപ്യൂട്ടി സൂപ്രണ്ട് രാജേന്ദ്ര ദെഹോരിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള മസ്ജിദിന് ഏതെല്ലാം തരത്തിലുള്ള തകരാറുകളാണ് ഉള്ളതെന്ന് പരിശോധന നടത്തിയ ശേഷം ഏതെല്ലാം തരത്തിലുള്ള നവീകരണമാണ് വേണ്ടതെന്നുള്ള രൂപരേഖ തയാറാക്കും. 10 വര്‍ഷം മുന്‍പ് ചില അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. ഇത് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമായിരുന്നു.
മസ്ജിദിന്റെ മിനാരത്തിലും മുഖ്യകവാടത്തിലെ ചുമരിലും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്താത്തതുകാരണം നേരിടുന്ന നാശം ചൂണ്ടിക്കാട്ടി പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നതായി മസ്ജിദ് ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."